Tuesday, 5 October 2010

ശവ-സംസ്‌ക്കാരം

ജെയ്‌നി

മനുഷ്യമതത്തിലാണ്‌ ജനിച്ചത്‌,
വളര്‍ന്നതും
തണലില്ലാത്ത വഴിയോരങ്ങളിലൂടെ
തനിച്ചാണ്‌ നടന്നത്‌
ഇരുളിനൊടുവില്‍ പകല്‍ വരുന്നതും കാത്ത്‌
പകച്ചാണ്‌ ഉറങ്ങിയത്‌
കക്ക പെറുക്കി പെറുക്കി നടക്കവേ
തിരയും തീരവും
തെല്ലമ്പരപ്പോടെയാണ്‌ നോക്കിയത്‌
നെടുവീര്‍പ്പോടെയും...
സ്‌നേഹമാണ്‌ പങ്കുവച്ചത്‌..
സമ്പാദിച്ചത്‌ ആട്ടുംതുപ്പുമെങ്കിലും...
ഒടുവില്‍ ഹൃദയവഞ്ചിയുറുമ്പരിച്ച്‌
നിശ്ചേഷ്‌ടമാകവേ..
ചുറ്റിലുയരുന്നതൊരേ ചോദ്യം....
ആറടിമണ്ണ്‌ ?
പള്ളിയിലോ പറമ്പിലോ?
തെമ്മാടിക്കുഴിയിലോ
ഗ്രാനൈറ്റ്‌ പാകിയ
കല്ലറയ്‌ക്കുള്ളിലോ?
ജഡത്തിനും നാണംകെട്ടിട്ടുണ്ടാം
നിശബ്‌ദമായി ജഡവും
ചിരിച്ചിരിക്കാം,
ശവ- സംസ്‌ക്കാരം !
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP