Friday, 12 March 2010

കഥ-- ഓര്‍മ്മക്കുറിപ്പുകള്‍ പോലെ ജീവിതം


അനില്‍ പള്ളിയില്‍

വീട്ടിലെത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. സ്വീകരണമുറിയിലെ ടിവി നിശബ്ദമായിരിക്കുന്നു. അംബിക അങ്ങനെ പറയാതെ ഒരിടത്തും പോവാറില്ലെന്ന്‌ അയാള്‍ക്കറിയാം. കിടപ്പുമുറിയിലേക്കു നടക്കുമ്പോള്‍ അംബികയുടെ മുറിയില്‍ അവളുണ്ടെന്ന്‌ അയാള്‍ അറിഞ്ഞു. അയാള്‍ വസ്ത്രം മാറി വന്നപ്പോഴും തലയിണയില്‍ മുഖംവച്ച്‌ അവള്‍ കമിഴ്‌ന്നുകിടക്കുകയായിരുന്നു. അടുക്കളയില്‍ പ്രവേശിച്ച അയാള്‍ ഇരുവര്‍ക്കും ചായ തയ്യാറാക്കി. തിരികെ സ്വീകരണമുറിയില്‍ എത്തിയപ്പോഴും അതേ കിടപ്പുതന്നെ. അരികിലെത്തി അവളെ കുലുക്കി വിളിച്ചു. അവള്‍ മയക്കത്തിലായിരുന്നു.


"മോളെ നിനക്കെന്തുപറ്റി?" ഒരു കപ്പ്‌ ചായ അവള്‍ക്കു നല്‍കിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.
'രമേശ്‌ നിന്നെ വിളിച്ചിരുന്നോ?'
'ഉം' അയാള്‍ മൂളി.
രമേശ്‌ പറഞ്ഞു. നടക്കില്ലെന്ന്‌- പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറകൊള്ളുന്നുണ്ടായിരുന്നു.
"കാരണം?"
"അവര്‍ക്ക്‌ ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന്‌"
പിന്നെ കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല.
അവളായി കൊണ്ടുവന്ന കാര്യം, പരസ്പരം കാര്യങ്ങള്‍ സംസാരിച്ചവര്‍. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ തെറ്റില്ലാത്ത ശമ്പളം പറ്റുന്ന പയ്യന്‍. എന്താണ്‌ സംഭവിച്ചതെന്ന്‌ അയാള്‍ക്ക്‌ യാതൊരു ഊഹവും കിട്ടിയില്ല. അല്ലെങ്കില്‍ത്തന്നെ ഒരു വിവാഹക്കാര്യം വേണ്ടെന്നുവെക്കാന്‍ കാരണങ്ങള്‍ വല്ലതും വേണോ? അയാള്‍ ആത്മഗതമെന്നോണം പറഞ്ഞു. പഴയ ഓരോ ഓര്‍മകളും അയാളുടെ മനസ്സിലെത്തി.


25 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അരങ്ങേറിയ നാടകത്തിന്റെ പുനരാവര്‍ത്തനം. ഏറെ മോഹിച്ച ബന്ധം നടക്കുമെന്നായപ്പോള്‍ മുടങ്ങി. അവളെ ഏറെ മോഹിപ്പിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ കോഫിഹൗസില്‍ കണ്ടുമുട്ടും. ഓരോ കാപ്പി കുടിച്ച്‌ പിരിയും. അവര്‍ ഏറെ സ്വപ്നങ്ങള്‍ പങ്കുവെച്ചു. വീട്ടില്‍ സമ്മതിക്കുമെന്നായിരുന്നു ഉറച്ച വിശ്വാസം. അതുപ്രകാരം ഉറപ്പും നല്‍കി.
വീട്ടുകാരുമായി ആലോചിച്ചുമാത്രം മതിയെന്നു പറഞ്ഞതും നന്ദിനിയായിരുന്നു. അമ്മയേയും കൂട്ടി പെണ്‍വീട്ടിലേക്ക്‌ തിരിച്ചപ്പോഴും നടക്കുമെന്നുതന്നെയാണ്‌ അയാള്‍ കരുതിയത്‌. ഒന്നും നടന്നില്ല. പറഞ്ഞ വാക്കുകളെല്ലാം പാഴായി. കാര്യം പറഞ്ഞപ്പോള്‍ നന്ദിനി ചോദിച്ചത്‌ അയാള്‍ ഇപ്പോഴും ഓര്‍ക്കുന്നു.


"ഇതിനൊക്കെ ആയിരുന്നുവെങ്കില്‍ പിന്നെ എന്തിനെന്നെ?"
അയാള്‍ അക്കാലത്ത്‌ കവിത കുറിക്കുന്ന ശീലമുണ്ടായിരുന്നു. അയാള്‍ ഒരിക്കല്‍ എഴുതിയ വരികള്‍ അടങ്ങിയ കത്ത്‌ അവള്‍ അയാള്‍ക്ക്‌ നല്‍കി.
"നീ പറയാത്ത വാക്കുകള്‍ എന്റെ പ്രതീക്ഷകള്‍' എന്ന ഒരു വരി, 'നീ പറഞ്ഞ വാക്കുകള്‍ എന്റെ സ്വപ്നങ്ങള്‍' എന്ന പാഠഭേദത്തോടെ ചേര്‍ത്തിരിക്കുന്നു. "ഈ ബന്ധവും ഒരു കഥയ്ക്കുള്ള വിഷയം മാത്രമാണ്‌ നിങ്ങള്‍ക്ക്‌.' ഒരു പെണ്ണിന്റെ മനസ്സ്‌ നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല."
അയാള്‍ എല്ലാം സമ്മതിക്കുന്നതുപോലെ നിന്നു.


അമ്മ അയാള്‍ക്ക്‌ ബലഹീനതയായിരുന്നു. അമ്മ നന്ദിനിയെ അംഗീകരിക്കുമെന്നും അയാള്‍ ഉറച്ചു വിശ്വസിച്ചു. ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെടുമെന്ന ഭയമായിരുന്നു അമ്മയ്ക്ക്‌.
യാത്ര പിരിയുമ്പോള്‍ അയാള്‍ അവളോട്‌ അപേക്ഷിച്ചു. "എന്നെ ശപിക്കരുത്‌."
അറിഞ്ഞുകൊണ്ട്‌ ഞാനൊന്നും...
"ഇല്ല ഗോപി എനിക്കൊരിക്കലും നിങ്ങളെ വെറുക്കാനാവില്ല."
പിന്നീട്‌ ഒരിക്കല്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു.
"നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇനിയും അങ്ങനെതന്നെ തുടരും."
"എന്നാലും രമേശില്‍ ഇങ്ങനെ ഒരു മാറ്റം."
അംബികയുടെ വാക്കുകള്‍ അയാളെ ചിന്തയില്‍നിന്ന്‌ ഉണര്‍ത്തി.
"ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുമെന്ന്‌ അവന്‍ കരുതിക്കാണില്ല."


അവളുടെ മുഖം അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചത്‌ അപ്പോഴാണ്‌. മുഖത്ത്‌ നന്ദിനിയുടെ ഭാവകപ്പകര്‍ച്ച. അതെ, കീഴ്ത്താടിയില്‍ കറുത്ത മറുക്‌. ഇടതുകണ്ണിലെ കൃഷ്ണമണിക്കു സമീപം കറുത്ത പാട്‌.
അയാള്‍ക്ക്‌ തൊണ്ട വരളുന്നതായി തോന്നി.
കണ്ണില്‍ ഇരുട്ടുകയറുന്നതായി അറിഞ്ഞു. അംബികയുടെ തോളിലുള്ള കൈപ്പിടി മുറുകി. അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. കാതുകളില്‍ അപ്പോള്‍ പണ്ട്‌ നന്ദിനി അയാളെ സാന്ത്വനിപ്പിക്കാനായി പറഞ്ഞ വാക്കുകള്‍ മുഴങ്ങി- "നാഗദേവതകളെ പ്രാര്‍ത്ഥിക്കൂ. എല്ലാം നേര്യാവും."
അയാളുടെ മനസ്സില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വിളക്കുവയ്ക്കാറുണ്ടായിരുന്നു സര്‍പ്പക്കാവ്‌ ഉണര്‍ന്നു. കൂറ്റന്‍ നാഗപ്പാലയ്ക്ക്‌ താഴെ തറയില്‍ നാഗദേവതകളെ അയാള്‍ കണ്ടു. കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നന്ദിനിയുടെ മുഖം കണ്ടു. ക്രമേണ കാഴ്ചകള്‍ ഓരോന്നായി മറഞ്ഞു. എന്തെന്നില്ലാത്ത ആശ്വാസം അയാള്‍ക്ക്‌ തോന്നി.


അയാള്‍ നന്നെ വിയര്‍ത്തിരുന്നു. അയാള്‍ തന്റെ കൈവിരലുകള്‍ അംബികയുടെ മുടിയിഴകള്‍ക്കിടയിലൂടെ ഓടിച്ചു. "ഒക്കെ നേരെയാവും." അവളെ ആശ്വസിപ്പിക്കാനായി അയാള്‍ പറഞ്ഞു. ഒപ്പം സ്വയം ആശ്വസിക്കാനായി ഒരു ശ്രമവും.

1 comment:

  1. ഒരു നല്ല കഥ, നമ്മുടെ സ്വകാര്യ ജീവിതങ്ങളില്‍ സ്പര്‍ശിക്കപെടുന്നു

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP