Tuesday, 1 December 2009

ദളിത്‌ തീവ്രവാദവും ഭരണകൂടത്തിന്റെ (മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ) ഫാസിസ്റ്റ്‌ അജണ്ടയും

ടൈറ്റസ്‌ കെ വിളയില്‍ (ചീഫ്‌ എഡിറ്റര്‍, വാസ്‌തവം ദിനപ്പത്രം)

ഭരണകൂടങ്ങള്‍ എന്നും എവിടെയും പൗരവിരുദ്ധങ്ങളാണ്‌. അധികാരാര്‍ത്തിയുടെ അശ്ലീലതയാണ്‌.നൃശംസയുടെ അടയാളമാണ്‌. അധികാര ഗര്‍വില്‍ പൗരാവകാശവും മനുഷ്യാവകാശവും ചവിട്ടിമെതിക്കുന്നത്‌ അതിന്റെ അതിജീവന രീതിശാസ്ത്രമാണ്‌. അതിനിണങ്ങുന്ന കഥകള്‍ രചിക്കാനും കുറ്റവാളികളെ കണ്ടെത്താനും അവരെ അതിക്രൂരമായി പീഢിപ്പിക്കാനും ഭരണകൂടത്തിന്‌ മര്‍ദ്ദനോപാധികള്‍ നിരവധിയുണ്ട്‌. വിഭജിച്ച്‌ ഭരിക്കുന്നതില്‍ രതിസമാനമായ സുഖം കണ്ടെത്തുന്ന ഭരണവര്‍ഗം തങ്ങളുടെ കിരാത നയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളടക്കമുള്ളവയുടെ സഹായം തേടുകയും കൗശലപൂര്‍വം അവരെ തങ്ങളുടെ പ്രചാരകരാക്കി മാറ്റുകയും ചെയ്യും.

ഏത്‌ ഭരണക്രമത്തിലും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്നത്‌ അസംഘടിതരായ അടിസ്ഥാനവര്‍ഗമാണ്‌. അതുകൊണ്ടുതന്നെ അവരെ മുതലെടുക്കാന്‍ ഭരണകൂടത്തിന്‌ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുമില്ല. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അടിസ്ഥാന വര്‍ഗങ്ങളുടെയും പ്രാന്തവത്കൃത ജനതയുടെയും പേരില്‍ വിപ്ലവം പ്രസംഗിക്കുന്നവര്‍ ഭരിക്കുമ്പോഴാണ്‌ ഈ ക്രൂരത ഏറെ അസഹനീയമായ രീതിയില്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്യപ്പെടുക. അതിന്റെ തെളിവാണ്‌ എല്‍ഡിഎഫ്‌ ഭരിക്കുന്ന കേരളത്തില്‍ ആദിവാസികളും അടിസ്ഥാന വര്‍ഗങ്ങളും ഇന്ന്‌ അനുഭവിക്കുന്ന അവഗണനയും അവജ്ഞയും. തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും എന്തിനധികം സ്വത്വബോധത്തില്‍ നിന്നുപോലും ആട്ടിയിറക്കപ്പെട്ടവരായി അലഞ്ഞുതിരിയാനാണ്‌ ഇവരുടെ വിധി. ഇതിന്റെ ഏറ്റവും ദുരന്തപൂര്‍ണമായ മുഖമാണ്‌ ചെങ്ങറയില്‍ കണ്ടത്‌.

അടിസ്ഥാന വര്‍ഗം വിപ്ലവപാര്‍ട്ടികളോട്‌ പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോട്‌ വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്‌. സോഷ്യല്‍ ഡെമോക്രാറ്റുകളായി പരിണമിച്ച നേതാക്കന്മാരുടെ ആഢംബര ജീവിതം അടക്കമുള്ള താന്തോന്നിത്തങ്ങള്‍ അംഗീകരിക്കാനാവില്ല എന്നും തങ്ങള്‍ക്ക്‌ അര്‍ഹമായതെല്ലാം ലഭിച്ചേ തീരു എന്നും തങ്ങളുടെ സ്വത്വം സംരക്ഷിക്കപ്പെട്ടേ മതിയാകൂ എന്നും അടിസ്ഥാന ജനവിഭാഗങ്ങള്‍ ആവശ്യപ്പെട്ട്‌ തുടങ്ങിയതോടെ ഇന്ന്‌ ഈ ജനതയെ വേട്ടയാടുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌. ഒരുകാലത്ത്‌ പാര്‍ട്ടിയുടെ കെട്ടുറപ്പുള്ള അടിസ്ഥാനമായും വിപ്ലവത്തെയും അത്‌ നയിച്ചവരെയും കണ്ണിന്റെ കൃഷ്ണമണിപോലെ കരുതിയ ആത്മാര്‍ത്ഥതയായും കരുതപ്പെട്ടിരുന്ന ആ കേഡര്‍ വിഭാഗം നേതൃത്വത്തിന്റെ വഞ്ചനയും ചൂഷണവും തിരിച്ചറിഞ്ഞ്‌ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഇടതുപക്ഷ ഭരണകൂടത്തിന്റേയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടേയും വേട്ട മൃഗങ്ങളായി പരിണമിച്ചത്‌.

ഈ വേട്ടയാടലിനായി കൗതുകകരമായ ഒരു സംജ്ഞ ഭരണകൂടവും പോലിസും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കണ്ടെത്തിയിട്ടുമുണ്ട്‌. അതാണ്‌ ദളിത്‌ തീവ്രവാദം. അമേരിക്കയുടെയും ജോര്‍ജ്‌ ബുഷിന്റെയും സാമ്രാജ്യത്വ മേല്‍ക്കോയ്മക്കും വാണിജ്യ - സൈനീക വെറിക്കുമെതിരെ സ്ഫോടനാത്മകമായ പ്രതികരണമുണ്ടായപ്പോള്‍ ബുഷ്‌ കണ്ടെത്തിയ ഇസ്ലാമിക തീവ്രവാദം പോലെ മറ്റൊരു ഉമ്മാക്കി..! അപായകരമായ അധികാരവെറിയുടെയും അതിക്രമം നിറഞ്ഞ അധിനിവേശ ത്വരയുടെയും പര്യായമായി മാറിയിരിക്കുകയാണ്‌ ദളിത്‌ തീവ്രവാദം എന്ന ഈ സംജ്ഞ.

കഴിഞ്ഞ സെപ്റ്റംബര്‍ 23-ാ‍ം തീയതി വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ്‌ എന്ന 'അജാത' ശത്രു വെട്ടേറ്റ്‌ മരിച്ചതോടെയാണ്‌ പുതിയ തീവ്രവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ രൂക്ഷമായതും അതേ തുടര്‍ന്നുള്ള വേട്ടയാടല്‍ വ്യാപകമായതും. ദളിത്‌ ഹ്യൂമന്‍ റൈസ്‌ മൂവ്മെന്റ്‌ ( ഡിഎച്ച്‌ആര്‍എം )എന്ന സംഘടനയാണ്‌ ശിവപ്രസാദിന്റെ കൊലപാതകം മുതല്‍ കോടതി രേഖകള്‍ കത്തിച്ചതു വരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതെന്ന്‌ പോലീസ്‌ പ്രചരിച്ചിപ്പിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ, അതിന്റെ സത്യാവസ്ത തിരയാതെ മുഖ്യധാരാ മാധ്യമങ്ങള്‍ അതേറ്റ്‌ പാടി. വര്‍ക്കലയ്ക്ക്‌ സമീപമുള്ള തൊടുവ കോളനി കേന്ദ്രീകരിച്ചാണ്‌ ഡിഎച്ച്‌ആര്‍എമ്മിന്റെ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ്‌ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്‌. കോളനിവാസികളെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ത്ത്‌ രാഷ്ട്രീയ അരാജകത്വം സൃഷ്ടിച്ച്‌ സമൂഹത്തിലെ സമാധാന ജീവിതം തകര്‍ക്കുന്ന സാമദ്രോഹികളാണ്‌ ഇവരെന്ന്‌ പ്രചരിപ്പിക്കുന്നതില്‍ പോലീസും ഭരണകൂടവും മുഖ്യധാരാ മാധ്യമങ്ങളും വിജയിച്ചു എന്നത്‌ നേര്‌.
എന്നാല്‍, എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന്‌ തിരക്കാന്‍ ആരും തയ്യാറായിട്ടില്ല എന്നതാണ്‌ ഏറെ പ്രതിഷേധമുണര്‍ത്തുന്ന വാസ്തവം.ഈ കാപട്യത്തില്‍ തൊടുവ കോളനിയില്‍ അഞ്ചോളം തവണ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമാണ്‌ തമസ്കരിക്കപ്പെട്ടത്‌. ഈ ആക്രമണങ്ങളെ കുറിച്ച്‌ പോലീസില്‍ പരാതിപ്പെട്ടിട്ട്‌ നടപടിയെടുക്കേണ്ടതിന്‌ പകരം പരാതിയുമായി ചെന്നവരെ ഭീഷണിപ്പെടുത്തുന്ന നിയമവിരുദ്ധമായ നടപടിയാണ്‌ അവിടെ ഉണ്ടായത്‌. അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഡിഎച്ചആര്‍എം പ്രവര്‍ത്തകര്‍ ദളിത്‌ തീവ്രവാദം പ്രചരിപ്പിക്കുന്നു എന്ന പ്രചാരണം ഭരണകൂടവും പോലീസും അഴിച്ചുവിട്ടത്‌.

ഈ കള്ളക്കളിയുടെ മുഖംമൂടി പിച്ചിചീന്തുന്നതാണ്‌ ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ട 2008-ലെ കൊലപാതകശ്രമം. 2008 ഒക്റ്റോബര്‍ 3ന്‌ ആറ്റിങ്ങലില്‍ മഞ്ജു എന്ന വീട്ടമ്മയ്ക്ക്‌ രാത്രിയില്‍ പവര്‍ക്കട്ട്‌ സമയത്ത്‌ വെട്ടേറ്റു. കൊലപാതകമായിരുന്നു അക്രമികളുടെ ലക്ഷ്യം. ഭാഗ്യം കൊണ്ട്‌ ആ വീട്ടമ്മ രക്ഷപ്പെട്ടു. ഈ കേസില്‍ തെളിവുകളൊന്നുമില്ലാതിരുന്നിട്ടും സന്തോഷ്‌ എന്ന ഡിഎച്ച്‌ആര്‍എം പ്രവര്‍ത്തകനെ പോലീസ്‌ പിടികൂടി ജയിലലടച്ചു. മഞ്ജു നല്‍കിയ മൊഴി മാറ്റി കള്ളമൊഴി രേഖപ്പെടുത്തിയാണ്‌ പോലീസ്‌ ഈ അറസ്റ്റ്‌ നടത്തിയത്‌. സിപിഎം പഞ്ചായത്തംഗമായ മോഹനന്‍ നായരും സിഐ വേലായുധനുമായിരുന്നു ഈ കള്ളക്കളിക്ക്‌ പിന്നില്‍ .അവര്‍ പറഞ്ഞതനുസരിച്ചതാണ്‌ കള്ളമൊഴി നല്‍കിയതെന്ന്‌ മഞ്ജുവിന്റെ ഭര്‍ത്താവ്‌ പിന്നീട്‌ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന്‌ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്‌ നടത്തണമെന്ന ഡിഎച്ച്‌ആര്‍എമ്മിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ആ പരേഡില്‍ സന്തോഷ്‌ അല്ല തന്നെ ആക്രമിച്ചതെന്ന്‌ മഞ്ജു മൊഴി നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം സന്തോഷ്‌ മോചിതനായെങ്കിലും അണിയറയില്‍ പുതിയ ഗുഢാലോചന രൂപം കൊള്ളുകയായിരുന്നു. അതിന്റെ ഏറ്റവും ഗര്‍ഹനീയമായ മുഖമാണ്‌ ശിവപ്രസാദിന്റെ കൊലപാതകവും ദളിത്‌ തീവ്രവാദമെന്ന ഇപ്പോഴത്തെ പ്രചാരണവും.
ഇതിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്‌. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന്‌ മത്സരിച്ച ഡിഎച്ച്‌ആര്‍എം പ്രവര്‍ത്തകന്‌ 5000 വോട്ട്‌ ലഭിച്ചു. ഇത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കണ്ണുതള്ളിച്ച അനുഭവമായിരുന്നു. നേതൃത്വത്തിന്റെ പുതിയ രീതികളും അടിസ്ഥാന വര്‍ഗത്തോട്‌ പാര്‍ട്ടി പുലര്‍ത്തുന്ന അവജ്ഞാപരമായ നിലപാടുകളും സൃഷ്ടിച്ച എതിര്‍പ്പാണ്‌ ഇങ്ങനെ വോട്ടായി മാറിയത്‌. എന്നും പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കാനും ചുവരെഴുതാനും തല്ലുകൊള്ളാനും ഉഴിഞ്ഞുവെച്ച വിഭാഗം ജനാധിപത്യ ബോധത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും അവര്‍ സംഘടിത ശക്തിയാകുകയാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ടായ അങ്കലാപ്പില്‍ നിന്നാണ്‌ ഇപ്പോഴത്തെ ഈ കോലാഹലങ്ങളും പ്രചാരണങ്ങളും ഉരുവം കൊണ്ടത്‌.

ദശാബ്ദങ്ങളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്‌ പുഴുക്കളെ പോലെ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ്‌ വിലപേശലിന്‌ ഒരുങ്ങിയതാണ്‍അടിസ്ഥാന പ്രശ്നം. " ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പകിതരെ നിങ്ങള്‍തന്‍ പിന്‍മുറക്കാര്‍ " എന്നത്‌ കേവലം കവിവാക്യമല്ലെന്നും പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ട അനിവാര്യതയാണെന്നും അടിസ്ഥാന വര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ചെങ്ങറയില്‍ കണ്ടത്‌ അത്തരത്തിലുള്ള ഒരു തിരിച്ചറിവായിരുന്നു. ഈ തിരിച്ചറിവ്‌ അടിസ്ഥാന വര്‍ഗത്തില്‍ രൂഢമൂലമായാല്‍ പിഴുതെറിയപ്പെടുന്നത്‌ വിപ്ലവ വായാടിത്തവും അതിന്റെ നവലിബറല്‍ നേതൃത്വവുമാണെന്ന്‌ മനസ്സിലാക്കിയിട്ടാണ്‌ ദളിത്‌ തീവ്രവാദമെന്ന ഉമ്മാക്കിയുമായി ഇപ്പോള്‍ സര്‍ക്കാരും പോലീസും ചില മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുന്നത്‌. ഇതിന്‌ കൂട്ടുനില്‍ക്കാന്‍ ചില ദളിത്‌ സംഘടനകളും നേതാക്കളുമുണ്ട്‌ എന്നതാണ്‌ സങ്കടകരമായ വസ്തുത. ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന ഭരണകൂടത്തിന്റെ റാന്‍മൂളികളായ ഇവരെയും കരുവാക്കിയാണ്‌ ഇപ്പോള്‍ ആഭ്യന്തരവകുപ്പ്‌ ദളിത്‌ തീവ്രവാദ വിരുദ്ധ സെമിനാറുകളും കാംപെയിനുകളും സംഘടിപ്പിക്കുന്നത്‌. പട്ടികജാതി-പട്ടികവര്‍ഗ മോണിറ്ററിംഗ്‌ സെല്ലിന്റെ കൂടി പിന്തുണയോടെ നടത്തുന്ന ഈ ശ്രമത്തിന്‌ മറ്റൊരു ഗൂഢോദ്ദേശ്യം കൂടിയുണ്ട്‌. ദളിതരെ പ്രകോപിതനാക്കി അവനെക്കൊണ്ട്‌ ആയുധമെടുപ്പിച്ച്‌ തീവ്രവാദിയെന്ന്‌ മുദ്രകുത്തി ഉന്മൂലനം ചെയ്യാനുള്ള കുരുട്ടുബുദ്ധിയാണിത്‌.

ഇതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും എല്ല ജനാധിപത്യ മതേതര സംഘടനകളും പ്രവര്‍ത്തകരും സജീവമായി രംഗത്തെത്തേണ്ടതുണ്ട്‌. കാരണം ഏറ്റവും ക്രൂരമായ ഭീകരവാദം ഭരണകൂടത്തിന്റേതാണ്‌. അതുകൊണ്ടുതന്നെ ഈ നീക്കത്തെയും പ്രചാരണങ്ങളെയും മുളയിലെ നുള്ളിയെങ്കില്‍ മാത്രമേ ദളിതന്‌ അവന്റെ സ്വത്വം തിരിച്ചറിയാനും രക്തം തിരിച്ചറിയാനും സംഘം ചേരാനും അവകാശങ്ങള്‍ നേടിയെടുക്കാനും കഴിയുകയുള്ളു. എക്കാലത്തും അടിമയായി കഴിയാന്‍ വിധിക്കപ്പെട്ട നെല്ലിന്‍മൂട്ടില്‍ മുളയ്ക്കുന്ന കാട്ടുപുല്ലല്ല ദളിതരെന്ന്‌ ഭരണകൂടത്തിനും അതിന്റെ വൈതാളികര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ദളിതന്റെ നവോത്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ തന്ത്രങ്ങളും ഭരണകൂടം പ്രയോഗിക്കും. അതിന്റെ ആദ്യ ഉമ്മാക്കിയാണ്‌ ദളിത്‌ തീവ്രവാദം.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP