Monday, 28 December 2009

2009 ശിരോലിഖിതം

സേവ്യര്‍ ജെ

നാളെയുടെ പ്രതീക്ഷയായ വായനക്കാരാ....
വര്‍ഷം തീരാന്‍ നാലഞ്ചുദിവസം ബാക്കിയാകുമ്പോള്‍ എന്തുവിശേഷം എന്നാകും വിചാരം. പക്ഷേ വിശേഷമുണ്ട്‌. കഴിഞ്ഞുപോയത്‌ അനുഭവിച്ചവരല്ലേ നാം. കൂടെയുള്ള സ്‌ഥലകാലങ്ങളോട്‌ സംവദിക്കുമ്പോഴാണ്‌ ജീവിക്കുക. 2009നോട്‌ നാം സംവദിച്ചു. ചിരിയും കരച്ചിലും നേട്ടവും കോട്ടവുമൊക്കെയായി. എന്നിട്ടും ജീവിതം ഏതോ വിഡ്‌ഢി പറഞ്ഞ കടങ്കഥയല്ലെന്ന്‌ നാം ആവര്‍ത്തിച്ച്‌ വിശ്വസിക്കുന്നു. കടങ്കഥ ചിലപ്പോള്‍ ജീവിതത്തേയും ജീവിതം ചിലപ്പോള്‍ കടങ്കഥയേയും ഭരിക്കുമെങ്കിലും.


പക്ഷേ വേദനയ്‌ക്കും കണ്ണീരിനും കടങ്കഥയുടെ തിരശ്ശീല ഇല്ല. അതുകൊണ്ടാണ്‌ `നഷ്‌ടപ്പെട്ട നീലാംബരി' എന്ന മാധവിക്കുട്ടി കടന്നുപോയപ്പോള്‍ മലയാളം തേങ്ങിയത്‌. അക്ഷരങ്ങളില്‍ ജീവിതം ചേര്‍ത്തുവെച്ച അവരുടെ രചനകള്‍ മലയാളിക്ക്‌ വീട്ടുമുറ്റത്തെ ചെമ്പകവും നാട്ടുമാവുമായിരുന്നു. ആ പ്രതിഭയില്‍ പിറന്ന കഥകളിലെ ചന്ദനഗന്ധം ഓര്‍ത്താല്‍ എന്നും ആസ്വദിക്കാം. അതുകൊണ്ടാണ്‌ ലോകത്തിന്‌ കമലാദാസ്‌ ആയിട്ടും പര്‍ദ്ദയിട്ട്‌ കമലാസുരയ്യ ആയപ്പോഴും അവര്‍ നമുക്ക്‌ മാധവിക്കുട്ടിയാകുന്നത്‌, മലയാളത്തിന്റെ നൊമ്പരത്തിപ്പൂവായി വേര്‍പാടാകുന്നത്‌.


ഇല്ലാത്തവന്റെ പിച്ചച്ചട്ടിയില്‍നിന്നും കൈയിട്ടുവാരുന്ന `അണ്‍കള്‍ച്ചേഡ്‌' ആയ പരിപാടിയെല്ലാം രാഷ്‌ട്രീയക്കാര്‍ നിര്‍ത്തിയെന്നുതോന്നുന്നു. ഇപ്പോള്‍ അഴിമതിയുടെ പേര്‌ കോണ്‍ട്രാക്‌റ്റ്‌ എന്നാണ്‌. അതിനായി രാജ്യത്തിന്‌ ആവശ്യമില്ലെങ്കിലും പദ്ധതിയുണ്ടാക്കുന്നതാണ്‌ പൊതുപ്രവണത. ഇങ്ങനെ സംസ്‌ഥാനത്തിനെ ഏറ്റവും കൂടുതല്‍ പണം നഷ്‌ടമാക്കിയ ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടത്‌ ഈ വര്‍ഷത്തെ രാഷ്‌ട്രീയ സുനാമിയായിരുന്നു.
ലോക സിനിമയില്‍ അംഗീകാരത്തിന്റെ അവസാന വാക്കായ ഓസ്‌ക്കാര്‍ മലയാളിക്കും സ്വന്തമാകുമെന്ന്‌ റസൂല്‍ പൂക്കുട്ടിയിലൂടെ തെളിഞ്ഞ അഭിമാനവര്‍ഷം കൂടിയാണിത്‌. എട്ട്‌ ഓസ്‌ക്കാറുകള്‍ നേടിയ `സ്ലംഡോഗ്‌ മില്യനയറി'ലൂടെ ഇന്ത്യയിലെ മൂന്ന്‌ അതുല്യ പ്രതിഭകള്‍ - റസൂല്‍ പൂക്കുട്ടി, എ.ആര്‍. റഹ്‌മാന്‍, ഗുല്‍സാര്‍ എന്നിവരാണ്‌ അംഗീകരിക്കപ്പെട്ടത്‌. മികച്ച ശബ്‌ദമിശ്രണമാണ്‌ പൂക്കുട്ടിയെ ലോകസിനിമയുടെ നെറുകയില്‍ എത്തിച്ചത്‌. ഓസ്‌ക്കാര്‍ നേടുന്ന ആദ്യ മലയാളിയാണ്‌ അദ്ദേഹം.


മലയാള സിനിമയ്‌ക്ക്‌ ആഘാതമുണ്ടായ വര്‍ഷമാണ്‌ കടന്നുപോകുന്നത്‌. അതുല്യപ്രതിഭകളുടെ വിടപറയല്‍ മലയാള സിനിമ കണ്ണീരോടെ നോക്കിനിന്നു. കാമ്പുള്ള സിനിമകള്‍കൊണ്ട്‌ പ്രേക്ഷകരെ വഴിതിരിച്ചുവിട്ട പ്രശസ്‌ത നിര്‍മാതാവ്‌ ശോഭനാ പരമേശ്വരന്‍നായരുടെ അന്ത്യം വലിയൊരു നഷ്‌ടമാണ്‌. നിര്‍മാതാവിന്റെ തലയെടുപ്പുള്ള സാന്നിധ്യത്തിന്റെ മികച്ച മാതൃകയാണ്‌ അദ്ദേഹം. അതുല്യ തിരക്കഥാകൃത്തുക്കളേയും സംവിധായകരേയും നടന്മാരേയും പ്രേക്ഷകരുടെ വികാരമാക്കി മാറ്റിയ ശോഭനാ പരമേശരന്‍ നായരുടെ മുറപ്പെണ്ണ്‌ പോലുള്ള സിനിമ നമ്മുടെ അനുഭവമാണ്‌. മാറ്റിവയ്‌ക്കാവുന്ന തിരക്കഥയ്‌ക്കുപകരം ഹൃദയ ചികിത്സയ്‌ക്ക്‌ സമയം നല്‍കാതിരുന്നതാണ്‌ എ.കെ.ലോഹിതദാസിനെ മരണം വേഗം പിടികൂടാന്‍ കാരണമായത്‌. മലയാളം കണ്ട ഏറ്റവും പ്രതിഭയുള്ള തിരക്കഥാകൃത്തുകളില്‍ ഒരാളായിരുന്നു ലോഹി. സംവിധാനത്തിലും അദ്ദേഹം നിറസാന്നിധ്യമറിയിച്ചു. തിരക്കഥയുടെ ചെങ്കോലും കിരീടവും സ്വന്തം കഴിവുകൊണ്ട്‌ നേടിയെടുത്ത ലോഹിയെപ്പോലൊരാള്‍ക്കുവേണ്ടി മലയാള സിനിമ എത്രകാലം കാത്തിരിക്കണം. അഭിനയത്തിനുപകരം കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലൂടെ നടനത്തിനും സ്വന്തം പേരുചാര്‍ത്തിയ മുരളിയുടെ മരണത്തിലൂടെ മലയാള സിനിമ വീണ്ടും നടുങ്ങി. നാടകത്തിന്റെ ഊര്‍ജം പിന്‍ബലമാക്കി നടനെന്ന നിലയില്‍ മലയാള സിനിമയില്‍ സ്വന്തം കസേര വലിച്ചെടുത്തിരുന്നതാണ്‌ മുരളി. എഴുത്തുകാരനും ചിന്തകനുമായിരുന്ന അദ്ദേഹം സാഹിത്യത്തേയും കലയേയും കുറിച്ച്‌ അഗാധമായൊരു ജ്‌ഞാനസാന്നിധ്യം സൂക്ഷിച്ച വ്യക്തികൂടിയായിരുന്നു. നികത്താനാവാത്ത വിടവെന്ന ആലങ്കാരികപദത്തെ കവച്ചുവയ്‌ക്കുന്ന യാഥാര്‍ത്ഥ്യമാണ്‌ അദ്ദേഹത്തിന്റെ കാര്യത്തില്‍ നമ്മുടെ സിനിമയ്‌ക്ക്‌ സംഭവിച്ചത്‌. വില്ലനിസത്തിനും ഹാസ്യത്തിനും നവമാനം നല്‍കിയ നടന്‍ രാജന്‍ പി. ദേവിനേയും നാടന്‍ കഥാപാത്രങ്ങളിലൂടെ അഭ്രപാളിയെ വിസ്‌മയിപ്പിച്ച അടൂര്‍ ഭവാനിയേയും നഷ്‌ടമായ വര്‍ഷമാണിത്‌.


ശാസ്‌ത്രമേഖലയിലും വന്‍കിട രാഷ്‌ട്രങ്ങള്‍ അസൂയയോടെ നോക്കുന്ന ഒരു മുഖമാണ്‌ ഇന്ന്‌ ഇന്ത്യ.ഭാവികാലം ഇന്ത്യയുടേതാണെന്ന്‌ അടയാളപ്പെട്ടുകഴിഞ്ഞു. ചാന്ദ്രദൗത്യത്തിനുശേഷം അകലത്തെ അമ്പിളിയില്‍ ജലസ്‌പര്‍ശമുണ്ടെന്ന ഇന്ത്യന്‍ കണ്ടുപിടുത്തം കുറച്ചൊന്നുമല്ല ലോകത്തെ വിസ്‌മയിപ്പിച്ചത്‌. ഐഎസ്‌ആര്‍ഒ കണ്ടെത്തിയ ഈ സാന്ദ്ര നനവിന്‌ നേതൃത്വം നല്‍കിയത്‌ മലയാളിയായ പ്രൊഫ.ജി. മാധവന്‍നായരാണ്‌. ഈ വര്‍ഷം കേരളം ഇന്ത്യയ്‌ക്കും ലോകത്തിനും നല്‍കിയ വന്‍ സംഭാവനയാണിത്‌. മാധവന്‍ നായര്‍ക്കുശേഷം ആ പദവി വഹിക്കുന്നതും ഒരു മലയാളിതന്നെ. ഡോ. രാധാകൃഷ്‌ണന്‍ എന്നതും നമുക്ക്‌ അഭിമാനം.


ദേശസ്‌നേഹവും തൊഴിലിലെ ആത്മാര്‍ത്ഥതയും കൊണ്ട്‌ മാതൃകാപാഠമായ പോലീസ്‌ മേധാവിയാണ്‌ മലയാളിയായ രാധാ വിനോദ്‌രാജു. അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ കൊയ്‌ത കാശ്‌മീര്‍ സ്‌പെഷ്യല്‍ ഡിജിപിയായ അദ്ദേഹത്തെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലവനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്‌. കേരളത്തിന്റെ ഈ വര്‍ഷത്തെ നേട്ടങ്ങളില്‍ പൊന്‍തൂവലാണിത്‌. വര്‍ഷങ്ങളായി തെളിയാതിരുന്ന ഭീകരവാദക്കേസുകള്‍ ദിവസങ്ങള്‍കൊണ്ട്‌ തെളിഞ്ഞത്‌ ഈ സൂപ്പര്‍കോപ്പിന്റെ കഴിവുകൊണ്ടുകൂടിയാണ്‌. ഇന്നത്തെ സാചര്യത്തില്‍ രാജ്യം ആവശ്യപ്പെടുന്നത്‌ ഇത്തരം ഉന്നത വ്യക്തിത്വങ്ങളെയാണ്‌.


ഇന്ത്യന്‍ നാവികസേന കുതിപ്പിലാണ്‌. സമകാലീന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഇതിനുപിന്നിലുണ്ടെങ്കിലും ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി രാഷ്‌ട്രത്തിന്‌ ഈ വര്‍ഷം സമര്‍പ്പിച്ചത്‌ ഈ രംഗത്തുള്ള വന്‍നേട്ടമാണ്‌.
ഒരു ഗ്രഹത്തിന്‌ ശാസ്‌ത്രജ്‌ഞന്റെ പേരിടുന്നത്‌ അദ്ദേഹത്തിന്റെ അര്‍ഹതയ്‌ക്കുള്ള അംഗീകാരത്തിന്റെ മുദ്രയാണ്‌. പ്രമുഖ ഭൗതികശാസ്‌ത്രജ്‌ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ.എം.ജി.കെ. മേനോന്റെ പേരില്‍ അറിയപ്പെടുന്ന ചെറുഗ്രഹത്തിന്റെ ഔദ്യോഗികനാമം ഗോകു മേനോന്‍ എന്നാണ്‌. കേരള നേട്ടത്തിന്‌ അങ്ങനെ ഒരു കിരീടവും 2009 കൊണ്ടുവന്നു.


കേരളത്തിലെ സമരചരിത്രങ്ങളില്‍ അപൂര്‍വമായി എഴുതിച്ചേര്‍ക്കപ്പെട്ടതാണ്‌ ഭൂരഹിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ചെങ്ങറ സമരം. രണ്ടുവര്‍ഷം സംഘര്‍ഷത്തിന്റെ തീച്ചൂളപോലെ കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരികതലങ്ങളില്‍ വിവാദങ്ങളോടെ കത്തിനിന്ന സമരം മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ ഒത്തുതീര്‍പ്പായി. 1432 കുടുംബങ്ങള്‍ക്ക്‌ ഭൂമിയും വീടും നല്‍കാമെന്നാണ്‌ വാഗ്‌ദാനം. ചില ഘട്ടത്തില്‍ അപകടകരമായ അവസ്‌ഥയിലേക്ക്‌ നീങ്ങുമെന്ന്‌ ആശങ്കിച്ച ചെങ്ങറ ഇങ്ങനെ ഒരു ഒത്തുതീര്‍പ്പിലെത്തിയത്‌ ആശ്വാസകരമാണ്‌.
മലയാളിയുടെ മുന്നേറ്റ ജിഹ്വയാണ്‌ ശ്രീനാരായണഗുരു. കേരളത്തിന്റെ സാമൂഹ്യരംഗത്ത്‌ വിപ്ലവാത്മകമായ മാറ്റത്തിന്‌ വഴിതുറന്ന അദ്ദേഹം മലയാളി നാളുകളായി കാത്തിരുന്ന ഗുരുവാണ്‌. ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ മുമ്പനായ അദ്ദേഹത്തിന്റെ പേരില്‍ ശ്രീലങ്കന്‍ തപാല്‍വകുപ്പ്‌ സ്‌റ്റാമ്പിറക്കിയത്‌ ലോകത്തെവിടെയുമുള്ള മലയാളിയുടെ അഭിമാനമാണ്‌.


ഇന്നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്‌ മാര്‍ഗദീപമാണ്‌ കൗമുദി ടീച്ചര്‍. മനുഷ്യന്‌ ഇങ്ങനെയൊക്കെ സഹജീവി സ്‌നേഹം പുലര്‍ത്താനാകുമോയെന്ന്‌ ആശ്‌ചര്യപ്പെടുന്ന വ്യക്തിത്വം. 92 വയസ്സിലെ ടീച്ചറുടെ മരണം വലിയൊരു നഷ്‌ടമാകുമ്പോള്‍ ആ നാമം സേവനപാതയില്‍ പുതിയ ഉത്തേജനമാകുകയാണ്‌. പ്രമുഖ ഗാന്ധിശിഷ്യയും ഹിന്ദി പ്രചാര പ്രവര്‍ത്തകയുമായിരുന്ന ടീച്ചര്‍ ഹരിജനോദ്ധാരണ ഫണ്ട്‌ ശേഖരണത്തിന്‌ കേരളത്തിലെത്തിയ മഹാത്മാഗാധിക്ക്‌ സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കുകവഴി ചരിത്രത്തില്‍ ഇടം കണ്ടെത്തിയ വ്യക്തിയാണ്‌.
വിരോജ്ജ്വലമായ സമരപദങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച രാഷ്‌ട്രീയ നേതാക്കള്‍ കേരളത്തിന്റെ സൗഭാഗ്യമാണ്‌. സമുന്നത സിപിഎം നേതാവും ഇടതുപക്ഷ ട്രേഡ്‌ യൂണിയന്‍ പ്രസ്‌ഥാനങ്ങളുടെ അമരക്കാരനുമായ ഇ. ബാലാനന്ദനും ഇത്തരം നേതാക്കളില്‍ ഒരാളാണ്‌. അദ്ദേഹത്തിന്റെ മരണം തൊഴിലാളി പ്രസ്‌ഥാനത്തിന്‌ തീര്‍ച്ചയായും നഷ്‌ടമാണ്‌.



നിരവധി നേട്ടങ്ങള്‍ക്കും നഷ്‌ടങ്ങള്‍ക്കുമിടയില്‍ കേരളത്തിന്‌ കണ്ണീര്‍ക്കടല്‍ സമ്മാനിച്ച ദുരന്തമായിരുന്നു തേക്കടിയിലെ ബോട്ടപകടം. വിവിധ സംസ്‌ഥാനക്കാരായ നാല്‍പതിലേറെ വിനോദസഞ്ചാരികളാണ്‌ സപ്‌തംബര്‍ 30ന്‌ കെടിഡിസിയുടെ ബോട്ട്‌ മുങ്ങി പെരിയാറില്‍ മരണപ്പെട്ടത്‌. അടുത്തകാലത്ത്‌ കേരളം കണ്ട ഏറ്റവും വലിയ മുങ്ങിമരണം. തടാകതീരത്ത്‌ വെള്ളം കുടിക്കാന്‍വന്ന വന്യമൃഗങ്ങളെ കാണാന്‍ ബോട്ടിന്റെ മേല്‍ത്തട്ടിലെ സഞ്ചാരികള്‍ ഒരുവശത്തേക്ക്‌ കൂട്ടത്തോടെ മാറിയതാണ്‌ അപകടകാരണമെന്നാണ്‌ പറയപ്പെടുന്നത്‌. കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ അരക്ഷിതാവസ്‌ഥയുടെ ചീത്തപ്പേര്‌ കൂടി നല്‍കിയതാണ്‌ ഈ ദുരന്തം.


അടുത്ത കാലത്ത്‌ കേരളത്തിന്‌ ഉത്‌കണ്‌ഠയുടെ അണക്കെട്ടായി മാറിയ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ സംസ്‌ഥാനത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്‌ മലയാളിയുടെ നെഞ്ചിടിപ്പ്‌ അല്‍പം കുറച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ പണിയണമെന്നുള്ള കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം തമിഴ്‌നാടിന്റെ പിടിവാശിയില്‍ തര്‍ക്കമായിരുന്നു. ദുരന്തമുണ്ടായാല്‍ മൂന്ന്‌ ജില്ലകള്‍ അപ്പാടെ തുടച്ചുമാറ്റപ്പെടും എന്ന കേരളത്തിന്റെ ഭയപ്പാടിന്മേലുള്ള ആശ്വാസമാണ്‌ പുതിയ സര്‍വേയിലൂടെ കൈവന്നത്‌.


തനതായ നടന ചിഹ്നത്താല്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായിത്തീര്‍ന്ന കേരളത്തിന്റെ ആഗോളതാരം മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്‌റ്റനന്റ്‌ കേണലായി നിയമിക്കാന്‍ രാഷ്‌ട്രപതി ഉത്തരവിട്ടത്‌ അപൂര്‍വ സംഭവമാണ്‌. താരത്തില്‍മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ നിരന്തര സാന്നിധ്യമായ ബഹുമുഖ വ്യക്തിത്വങ്ങളുടെ ഉറ്റതോഴനായ ലാല്‍ സ്വരാജ്യസ്‌നേഹത്തിന്റെ ദീപ്‌തമായ പൗരമുഖം കൂടിയാണ്‌. ആരാധകരുടെ ഈ ചക്രവര്‍ത്തിക്ക്‌ അഭിനേതാവിന്റെയും വ്യക്തികളുടെയും നിലവിലുള്ള ഇരട്ട വ്യക്തിത്വം ഏകമാനത നേടുന്നതാണ്‌ ഈ അംഗീകാരം.
കേരളത്തില്‍ വിവാദമാകുന്ന അനാശാസ്യ കഥകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഏതെങ്കിലുമൊരു രാഷ്‌ട്രീയ നേതാവിന്റെ പേരുവരുന്നത്‌ ശീലമായിട്ടുണ്ട്‌. ഒടുവില്‍ അയാള്‍ - അവര്‍ ഒഴിച്ച്‌ പിടിയിലാകുന്നത്‌ സര്‍വസാധാരണം. ലൈംഗീകാപവാദക്കേസില്‍ രാഷ്‌ട്രീയക്കാര്‍ എങ്ങനെയും രക്ഷപ്പെടും എന്നതാണ്‌ `നമ്മുടെ നാട്ടിലെ നീതി'. ഇതിനെതിരെ രോഷം കൊള്ളുന്നവരാണ്‌ പൊതുജനം. എന്നാല്‍ അവര്‍ ഇപ്പോള്‍ ഞെട്ടിച്ചു. കോണ്‍ഗ്രസ്‌ നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ സഹപ്രവര്‍ത്തകയോടൊപ്പം ജനം പിടികൂടിയത്‌ പുതിയൊരു ഷോക്ക്‌ ട്രീറ്റ്‌മെന്റാണ്‌. ഇങ്ങനെപോയാല്‍ ഭാവിയില്‍ പലരും കുടുങ്ങാന്‍ സാധ്യതയുണ്ട്‌. ഇത്തരം ഒരു ജനജാഗ്രത ഏതായാലും കേരളത്തിന്റെ വലിയ നേട്ടം തന്നെയാണ്‌.


ഇന്ത്യയിലെ ഭീകരവാദത്തിന്റെ സുരക്ഷിതകേന്ദ്രമാണ്‌ കേരളമെന്ന വാദത്തിന്റെ സാക്ഷ്യമാവുകയാണ്‌ അടുത്തിടെയുണ്ടായ സംഭവങ്ങള്‍. തടിയന്റവിട നസീറും കൂട്ടാളികളും പിടിക്കപ്പെട്ടതാണ്‌ ഇതിന്‌ കൂടുതല്‍ തെളിവായത്‌. തുടര്‍ന്ന്‌ സൂഫിയാ മദനിയുടെ അറസ്‌റ്റോടെ അത്‌ ബലപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്തിന്റെ പേരിലായാലും ഒരു സ്‌ത്രീ ഭീകരവാദത്തിന്റെ ആഹ്വാനമാകുന്നത്‌ ലോകത്തിന്‌ കേരളം നല്‍കുന്ന ഭീകരതയുടെ പുതിയ സുവിശേഷമാണോ? ആകരുത്‌.


രണ്ടായിരത്തിഒന്‍പത്‌ വിടപറയുമ്പോള്‍ മലയാള കഥയിലെ `തൃക്കോട്ടൂര്‍ പെരുമ'ക്കാരനെത്തേടി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ എത്തിയത്‌ ആഹ്ലാദകരം. യു.എ. ഖാദര്‍ എന്ന തൃക്കോട്ടൂരിന്റെ പെരുന്തച്ചന്‍ ആരവങ്ങളില്ലാത്ത സൗമ്യസാന്നിധ്യത്തിന്റെ പ്രതിനിധിയാണ്‌.
രണ്ടായിരത്തിഒന്‍പത്‌ നല്‍കിയ നഷ്‌ടങ്ങളേക്കാള്‍ നേട്ടങ്ങള്‍ നല്‍കിയ അനുഗ്രഹങ്ങളെ നമുക്ക്‌ പ്രണമിക്കാം. ഒന്നും ശരിയാകില്ലെന്ന മലയാളിയുടെ പഴയ പല്ലവിക്ക്‌ മറുപടിയായി സ്വയം ശരിയാകാനുള്ള ജാഗ്രതയിലാണ്‌ മലയാളി. അതിന്റെ സൂചനകളാണ്‌ വൈകിയെങ്കിലും സമൂഹത്തില്‍ കാണുന്നത്‌. പുതിയ ആത്മവിശ്വാസത്തിലേക്ക്‌ സ്വയം രൂപപ്പെടുന്ന മലയാളി അവന്റെ സ്വത്തനിര്‍മിതിയുടെ അതിരുകള്‍ ആകാശത്തോളം വലുതാണെന്ന്‌ തിരിച്ചറിയുകയാണ്‌. സംഭവിച്ചതെല്ലാം നല്ലതിനെന്ന ബോധ്യത്തില്‍ രണ്ടായിരത്തിപത്തിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ മനസ്സില്‍ ആരവം ഒരുക്കിക്കഴിഞ്ഞു മലയാളി.

1 comment:

  1. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് കേരളത്തെ ആരാണ് വിളിച്ചത് എത്ര വലിയ അബദ്ധമാണ് അത് . നമ്മള്‍ പറഞ്ഞു വലുതാക്കിയ ഈ പ്രയോഗം തിരുത്തുവാന്‍ സമയമായി. മലയാളികള്‍ എന്നും ഒരു സാമുഹ്യരോഗിയാണ്...അതാണ്‌ എല്ലാത്തിനും അവന്‍ അവനിലേക്ക്‌ ഉള്‍വലിയുന്നത്‌ .ഈ ലേഖനം യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ കരിച്ചു എഴുതിയതാണ് . കേരളം സാമൂഹ്യപ്രതി ബദ്ധത യില്ലാത്തവരുടെ നാടാണ്. അതാണ്‌ ശരി ...എങ്കിലും തുറന്ന ചിന്തയില്ലാത്ത ലേഖകനു പുതുവത്സര ആശംസകള്‍

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP