Tuesday, 24 November 2009

ശാരിയുടെ പിതാവിന്‌ നീതി നിഷേധിക്കുമ്പോള്‍

ടൈറ്റസ്‌ കെ വിളയില്‍ (ചീഫ്‌ എഡിറ്റര്‍, വാസ്‌തവം ദിനപ്പത്രം)


കിളിരൂറിലെ ശാരിയും കവിയൂരിലെ അനഘയും
കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസ്സില്‍ നിന്ന്‌ ഒത്തിരിയൊത്തിരി ദൂരെയാണിന്ന്‌. പലരും ഈ സാധു ഇരകളെ പാടെ വിസ്മരിച്ചു എന്നതാണ്‌ വാസ്തവം. മുത്തൂറ്റ്‌ പോള്‍ വധത്തിലെ മന്ത്രിപുത്രന്റെ ക്രൂരകൃത്യങ്ങള്‍ക്കു പിന്നാലേ ദാമോദര കാരണവര്‍ വധക്കേസിലെപ്രതി ഷെറിന്റെ വീരകൃത്യങ്ങളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ പോലും ചൂടുള്ള ചര്‍ച്ചാവിഷയം.

എന്നാല്‍, ശാരിയുടെ പിതാവ്‌ സുരേന്ദ്രന്‌ തന്റെ മകളെയോ മകള്‍ക്ക്‌ നേരിട്ട
കഠിന ദുരന്തത്തെയോ അതിന്‌ കാരണക്കാരായ കാമപിശാചുക്കളെയോ മറക്കാന്‍ കഴിയുകയില്ലല്ലോ. കൗമാരപ്രായക്കാരിയായ മകളെ സിനിമാ - സീരിയല്‍ - ആല്‍ബം പ്രലോഭനങ്ങളിലൂടെ പിച്ചിചീന്തി എറിഞ്ഞ ആ കാമകിങ്കരന്മാരെ നിയമത്തിന്റെ വലയില്‍ കൊണ്ടുവരാന്‍ ശാരിയുടെ പിതാവ്‌ ശ്രമമാരംഭിച്ചിട്ട്‌ അഞ്ചുവര്‍ഷമായി. മാറിമാറി ഉപയോഗിക്കപ്പെടുന്നതിനിടയില്‍ ഗര്‍ഭിണിയാക്കപ്പെട്ട ശാരി ജന്മം നല്‍കിയ മകള്‍ സ്നേഹക്ക്‌ ഇന്ന്‌ അഞ്ചുവയസ്സ്‌ . അമ്മയുടെ മുഖം ഒരു നോക്ക്‌ കാണാനോ അമ്മയുടെ വാത്സല്യം ഒരല്‍പ്പമെങ്കിലും മുകരാനോ ഒരു തുള്ളിമുലപ്പാലിന്റെ മധുരം നുകരാനോ കഴിയാതെ വളരാന്‍ വിധിക്കപ്പെട്ട ആ കുഞ്ഞിനും അറിയാന്‍ അര്‍ഹതയുണ്ട്‌ തന്റെ അമ്മയെ പിച്ചി ചീന്തിയെറിഞ്ഞവരെ എന്തുകൊണ്ട്‌ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരുന്നില്ല? നിലവിലിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുന്നില്ല. ?എന്നൊക്കെ

ഈ ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ്‌ ശാരിയുടെ പിതാവ്‌ സുരേന്ദ്രനും മകള്‍ സ്നേഹയും ശാരിയുടെ ചരമവാര്‍ഷിക ദിനമായ നവംബര്‍ 13ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ കാണാനും നിവേദനം സമര്‍പ്പിക്കാനും എത്തിയത്‌. എന്നാല്‍, കോടിയേരിയു
ടെ പോലീസ്‌ ഈ പിതാവിന്റെ നിയമപരമായ അവകാശം ലംഘിച്ച്‌ അദ്ദേഹത്തെയും കൊച്ചുമകളെയും അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോവുകയാണുണ്ടായത്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി കോടിയേരിയുടെ പോലീസില്‍ നിന്ന്‌ സുരേന്ദ്രനും സ്നേഹയും അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനത്തിന്റെയും അവമതിക്കലിന്റെയും തുടര്‍ച്ചയാണ്‌ നവംബര്‍ 13ന്‌ മുഖ്യമന്ത്രിയുടെ വസതിക്കുമുമ്പില്‍ കണ്ടത്‌.

2006ലെ തെരഞ്ഞെടുപ്പില്‍ കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭ കേസ്‌ ഉയര്‍ത്തിപ്പിടിച്ച്‌ ഇലക്ഷന്‍ പ്രചരണത്തിന്‌ ചുക്കാന്‍ പിടി
ച്ചത്‌ അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌ അച്യുതാനന്ദനായിരുന്നു. തങ്ങള്‍ അധികാരത്തിലേറിയാല്‍ പെണ്‍വാണിഭ വീരന്മാരെ കയ്യാമം വെച്ച്‌ തെരുവിലൂടെ നടത്തുമെന്നായിരുന്നു അച്യുതാനന്ദന്‍ നല്‍കിയ വാഗ്ദാനം. ആ വാഗ്ദാനം കൂടി വിശ്വസിച്ചാണ്‌ കേരളത്തിലെ സമ്മതിദായകര്‍ അച്യുതാനന്ദന്‍ അടക്കമുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട്‌ ചെയ്തതും അവരെ വിജയിപ്പിച്ചതും. എന്നാല്‍, അധികാരമേറ്റതോടെ വാഗ്ദാനങ്ങളെല്ലാം മറന്ന്‌ ഭരണസുഖത്തിന്റെ "വേലിക്കകത്ത്‌" മൗനിബാബയായി സസുഖം വാഴുകയാണ്‌ അച്യുതാനന്ദന്‍. അപ്പോഴും നീതിക്കായി കേഴുകയാണ്‌ സുരേന്ദ്രനും സ്നേഹയും. നീതി നടപ്പിലാക്കുന്നില്ല എന്നുമാത്രമല്ല, നീതിക്കുവേണ്ടിയുള്ള അവരുടെ ശ്രമം പോലീസിനെ ഉപയോഗിച്ച്‌ ഉന്മൂലനം ചെയ്യുകയാണ്‌ ഇപ്പോള്‍ അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും .
കോട്ടയത്ത്‌ സജി നന്ത്യാട്ട്‌ നടത്തിയിരുന്ന കോട്ടയം പബ്ലിക്ക്‌ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ശാരി. ആ കോളജില്‍ നടത്തിയ സൗന്ദര്യമത്സരത്തില്‍ വിജയിയായതാണ്‌ ശാരിയുടെ ജീവിതം കടുത്ത ദുരന്തമാക്കിയതും ആ കുട്ടിയെ ലൈംഗീക ഇരയാക്കി മാറ്റിയതും. സിനിമാ സീരിയല്‍ മോഹങ്ങള്‍ നല്‍കി അന്നുമുതല്‍ പലരും ശാരിയെ മുതലെടുത്തു തുടങ്ങി. ഇതിന്‌ ശാരിയുടെ മാതൃസഹോദരി ഓമനക്കുട്ടിയും ലതാ എസ്‌. നായര്‍ എന്ന റോയല്‍ പിമ്പും കരുക്കള്‍ നീക്കിയപ്പോള്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത ലൈംഗീക ചതിക്കുഴിയില്‍ പെടുകയായിരുന്നു ശാരി.

ഇതിനിടയിലാണ്‌ ശാരി ഗര്‍ഭിണിയായത്‌. ഈ ഗര്‍ഭം ഇല്ലാതാക്കാന്‍ ലതാ എസ്‌. നായര്‍ നല്‍കിയ ചില
മരുന്നുകളാണ്‌ ശാരിയുടെ നില വഷളാക്കിയത്‌. അനുദിനം മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന ശാരി 2004 ഓഗസ്റ്റ്‌ 13നാണ്‌ സ്നേഹക്ക്‌ ജന്മം നല്‍കിയത്‌. സ്വന്തം കുഞ്ഞിനെ ഒരു നോക്ക്‌ കാണാനോ ലാളിക്കാനോ ഒരിക്കലെങ്കിലും അതിനെ മുലയൂട്ടാനോ ഭാഗ്യം സിദ്ധിക്കാതെ പോയ ദുരന്തമാതൃത്വമായിരുന്നു ശാരിയുടേത്‌. ഇവിടെ മുതല്‍ ശാരിയുടെ നില വല്ലാതെ വഷളാവുകയും 2004 നവംബര്‍ 13ന്‌ ശാരി മരണമടയുകയും ചെയ്തു.
തൊട്ടുപിന്നാലെയാണ്‌ കവിയൂരിലെ അനഘയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തത്‌. ലതാ എസ്‌. നായര്‍ എന്ന വിഐപി പിമ്പ്‌ പതിമൂന്ന്‌ കാരിയായ അനഘയെ പോലും കേരളത്തിലെ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന പലര്‍ക്കും കാഴ്ചവെച്ചിരുന്നു. ശാരിയുടെ മരണത്തോടെ കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭം പുറത്തായതോടെ അഭിമാനക്ഷതം മൂലമാണ്‌ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നാണ്‌ പോലീസിന്റെ വിശദീകരണം.

എന്നാല്‍, ശാരിയെയും അനഘയെയും ലൈംഗീകമായി മുതലെടുത്ത സമൂഹത്തിലെ ഉന്നതന്മാരുടെ പേര്‌ പുറത്തുവരാതിരിക്കാന്‍ ആ ഇരകളെ കൗശലപൂര്‍വം, കണിശതയോടെ ഉന്മൂലനം ചെയ്തതാണെന്ന്‌ ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രയോഗിച്ച ഹോട്ട്‌ ഇലക്ഷന്‍ കാര്‍ഡായിരുന്നു കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭം. അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തുനടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യമായിരുന്നു തെരഞ്ഞെടുപ്പ്‌ വിജയം. അച്യുതാനന്ദനെ പോലെ ഒരാള്‍ പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച്‌ തെരുവിലൂടെ നടത്തുമെന്ന്‌ വാഗ്ദാനം ചെയ്തപ്പോള്‍ അത്‌ നടപ്പിലാക്കുമെന്ന്‌ രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ പൊതുസമൂഹം വിശ്വസിച്ചു എന്നതു നേരാണ്‌. പക്ഷെ, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനും ഇരകളെ തള്ളിപ്പറയാനുമാണ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ശാരിയുടെ മാതാപിതാക്കള്‍ക്കും അനഘയുടെ മുത്തശിക്കും കുറച്ച്‌ പണം നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന്‌ തലയൂരാനാണ്‌ അച്യുതാനന്ദനും എല്‍ഡിഎഫ്‌ സര്‍ക്കാരും ശ്രമിച്ചത്‌.
ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയുണ്ട്‌. ശാരി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴുണ്ടായ വിഐപി സന്ദര്‍ശനമാണത.്‌ ഒരു വിഐപിയുടെ സന്ദര്‍ശനത്തിന്‌ ശേഷമാണ്‌ ശാരിയുടെ നില വഷളായതെന്ന്‌ ആദ്യം പ്രഖ്യാപിച്ചത്‌ അച്യുതാനന്ദനായിരുന്നു. ഈ വിഐപിയെ കുറിച്ച്‌ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും പി.കെ.ശ്രീമതിയായിരുന്നു ആ നിഗൂഢ വ്യക്തിയെന്ന്‌ പില്‍ക്കാലത്ത്‌ ശാരിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിട്ടും ആരുമത്‌ ഗൗരവത്തിലെടുക്കുകയോ ആ നിലക്ക്‌ അന്വേഷണം പുരോഗമിക്കുകയോ ചെയ്തില്ല. അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന്‌ ആദ്യമായി പ്രഖ്യാപിച്ചതും പി.കെ ശ്രീമതിയായിരുന്നു എന്നോര്‍ക്കണം. കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ കോട്ടയം കളക്ട്രേറ്റ്‌ പിക്കറ്റ്‌ ചെയ്ത അന്നാണ്‌ പ്രതികള്‍ക്ക്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന പി.കെശ്രീമതിയുടെ പ്രഖ്യാപനമുണ്ടായത്‌.(
ശ്രീമതിയുടെ ഈ സേവനത്തിനുള്ള പുരസ്കാരമായിരുന്നു മന്ത്രിസ്ഥാനമെന്ന്‌ പറയുന്നത്‌ പാര്‍ട്ടിയിലെ ഔദ്യോഗികവിഭാഗത്തിലെ ചിലര്‍ തന്നെയാണ്‌.)

ഈ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി സുരേന്ദ്രന്റെയും സ്നേഹയുടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടം ഫലം കാണാത്തതെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. സുരേന്ദ്രന്റെ ഈ അനുഭവം മറ്റ്‌ രണ്ട്‌ പിതാക്കന്മാരുടെ കരളലിയിക്കുന്ന അനുഭവങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുന്നുമുണ്ട്‌. അടിയന്തിരാവസ്ഥക്കാലത്ത്‌ കെ. കരുണാകരന്റെ കിരാതന്മാരായ പോലീസ്‌ ഉദ്യോഗസ്ഥരായ ജയറാം പടിക്കലിന്റെയും മധുസൂദനന്റെയും ലക്ഷ്മണയുടെയുമൊക്കെ ചോരക്കൊതിക്ക്‌ ഇരയായി മരിച്ച രാജനെ തേടിയുള്ള പ്രഫ. ഇച്ചരവാര്യരുടെ അലച്ചിലും നീതിക്കായുള്ള അദ്ദേഹത്തിന്റെ പോരാട്ട
വുമാണ്‌ ഒന്ന്‌. കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ പിതാവിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്‌ മറ്റൊന്ന്‌. ഇതില്‍ ഈച്ചരവാര്യര്‍ക്ക്‌ നീതി നടപ്പിലാക്കുന്നത്‌ കാണാനുള്ള ഭാഗ്യമുണ്ടായില്ല. (നീതി നടപ്പിലായതുമില്ല). അതേ ദുരന്തത്തിലേക്ക്‌ നീളുകയാണോ സുരേന്ദ്രന്റെ നീതിക്കായുള്ള പോരാട്ടംവും?. സിബിഐ കേസ്‌ ഏറ്റെടുത്തിട്ടും, ഒന്നാം ഫ്രതിയായ ഓമനക്കുട്ടിയെ മാപ്പുസാക്ഷിയാക്കിയിട്ടും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നോര്‍ക്കണം. അത്രക്ക്‌ ഉന്നതന്മാരാണ്‌ ശാരിയെയും അനഘയെയും ലൈംഗീകമായി വേട്ടയാടിയവര്‍.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വാസ്തവമുണ്ട്‌. സി.ബി.ഐ മാപ്പുസാക്ഷിയാക്കിയ ഓമനക്കുട്ടി ഒരുവര്‍ഷം
പിന്നിടുമ്പോഴും കോടതിയുടെ കാണാമറയത്താണ്‌.ഒരുവര്‍ഷത്തിനിടയില്‍ ഏഴുതവണ കോടതി കേസ്‌ പരിഗണിച്ചെങ്കിലും മാപ്പുസാക്ഷിയോ, സി.ബി.ഐ. അഭിഭാഷകരോ കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ നവംബറിലാണ്‌ സി.ബി.ഐ. കേസില്‍ ഒന്നാംപ്രതിയായിരുന്ന ഓമനക്കുട്ടിയെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌. 2008 ഡിസംബര്‍ രണ്ടിനു കോടതിയുടെ പ്രഖ്യാപനം വന്നു.അന്നുതന്നെ മാപ്പുസാക്ഷിയെ സി.ബി.ഐ. ഏതോ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

മാപ്പുസാക്ഷിയെ മറ്റു പ്രതികള്‍ സ്വാധീനിക്കാന്‍ ഇടവരുത്താതെ ഉടനടി കോടതിയില്‍ ഹാജരാക്കി തെളിവുശേഖരിക്കണമെന്ന കീഴ്‌വഴക്കം നിലനില്‍ക്കേയാണ്‌ ഓമനക്കുട്ടിയുടെ അജ്ഞാതവാസം ഇപ്പോഴും തുടരുന്നത്‌. മാപ്പുസാക്ഷിയാക്കി ഒരുവര്‍ഷം പൂര്‍ത്തിയായശേഷം ഡിസംബര്‍ 10നാണ്‌ കിളിരൂര്‍ കേസ്‌ കോടതി വീണ്ടും പരിഗണിക്കുന്നത്‌. കോടതിയില്‍ ഹാജരാകുംമുമ്പ്‌ മാപ്പുസാക്ഷി നാടുവിടുകയോ മരണപ്പെടുകയോ ചെ
യ്താല്‍ കേസ്‌ തെളിവുകളില്ലാതെ അവസാനിക്കും. ഓമനക്കുട്ടിക്ക്‌ 47 വയസുളളപ്പോഴാണ്‌ കിളിരൂര്‍ കേസില്‍ അറസ്റ്റിലാവുന്നത്‌.അതായത്‌ കിളിരൂര്‍ പെണ്‍വാണിഭ കേസ്‌ തെളിയിക്കാതിരിക്കാനാണ്‌ സിബിഐയുടെ ശ്രമം.സിസ്റ്റര്‍ അഭയ കേസന്വേഷണത്തില്‍, തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ച അതേ വഞ്ചന..അട്ടിമറി..വിഡ്ഢിയാക്കല്‍..
എന്നിട്ടും തന്റെ പോരാട്ടം തുടരുകയാണ്‌ സുരേന്ദ്രന്‍. പക്ഷെ, അച്യുതനാന്ദനെ പോലെയുള്ള വ്യക്തി പോലീസിനെ ഉപയോഗിച്ച്‌ സുരേന്ദ്രനെയും സ്നേഹയെയും നിശബ്ദരാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം എന്തൊക്കെയാണ്‌ വായിച്ചെടുക്കേണ്ടത്‌. അധികാരത്തിന്റെ വേലിക്കകത്തായാല്‍ ഇങ്ങനെയൊക്കെ ജനവഞ്ചന തുടരും എന്നുതന്നെയാണോ?

1 comment:

  1. പണ്ട് പറഞ്ഞവ അതേ പോലെ വിഴുങ്ങാനും സാമര്‍ത്ഥ്യമുള്ളവരാണ് രാഷ്ട്രീയക്കാര്‍....ആ സാമര്‍ത്ഥ്യമില്ലെങ്കില്‍ അവര്‍ രാഷ്ട്രീയക്കാരല്ലല്ലോ.......

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP