Friday 19 August 2011

കാപ്പിരിമുത്തപ്പന്‍- നിണഭരിത ഭൂതകാലത്തില്‍ നിന്ന്‌ ഒരു ആംഗ്ലോ ഇന്ത്യന്‍ മിത്ത്‌

സാന്ദ്രാ ഫെര്‍ണണ്ടസ്‌

എല്ലാ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട്‌ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്‌. അന്ധവിശ്വാസമെന്നും അശാസ്ത്രീയ ചിന്തയെന്നും വിലയിരുത്തപ്പെടാവുന്ന ഇത്തരം വിശ്വാസങ്ങള്‍ക്ക്‌ പിന്നില്‍ ഒരു കാലഘട്ടത്തിന്റേയും സമൂഹത്തിന്റേയും സംസ്കൃതിയുടേയും അടയാളപ്പെടുത്തലുകള്‍ ഉണ്ട്‌.



ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ പിന്‍മുറക്കാരായ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിലെ മുന്‍തലമുറയ്ക്ക്‌ ഇത്തരമൊരു ഐതിഹ്യത്തെക്കുറിച്ച്‌ പറയാനുണ്ട്‌ -അതാണ്‌ വിശ്വാസങ്ങളില്‍ ഐശ്വര്യത്തിന്റെയും ദിശകാണിക്കലിന്റെയും നിറസാന്നിദ്ധ്യമായെത്തുന്ന കാപ്പിരി മുത്തപ്പന്‍.



വാസ്കോഡ ഗാമയ്ക്ക്‌ പിന്നാലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഭൂമിക തേടിയെത്തിയ പോര്‍ച്ചിഗീസ്‌ വാണിക്കുകള്‍ ആഫ്രിക്കയുടെ തീരങ്ങളില്‍ നങ്കൂരമിട്ടശേഷമാണ്‌ കേരളത്തിലെത്തിയത്‌. അന്ന്‌ അവിടെ, പ്രത്യേകിച്ച്‌ കോംഗോ തീരങ്ങളില്‍ നിന്നുള്ള കാപ്പിരി വംശജരെ അടിമകളാക്കിയാണ്‌ പോര്‍ച്ചുഗീസ്‌ നാവികര്‍ കേരളത്തിലേയ്ക്കുള്ള യാത്ര തുടര്‍ന്നത്‌.




തങ്ങള്‍ അധികാരം സ്ഥാപിച്ച കൊച്ചി അടക്കമുള്ള ആംഗ്ലോ ഇന്ത്യന്‍ കോളനികളില്‍ മരാമത്തുപണികള്‍ക്കുവേണ്ടിയാണ്‌ ഈ അടിമകളെ പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചത്‌. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുമ്പോള്‍ കല്ലും കുമ്മായവും ഉപയോഗിച്ചുള്ള മരാമത്തു പണികള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയണം. അത്‌ വ്യാപകമാക്കിയതിനു പിന്നില്‍ ഈ അടിമകളുടെ അദ്ധ്വാനവും വിയര്‍പ്പും കണ്ണീരും സമര്‍പ്പണവുമുണ്ട്‌.




1663-ല്‍ പോര്‍ച്ചുഗീസുകാരെ തോല്‍പിച്ച്‌ ഡച്ചുകാര്‍ അധികാരം കൈയാളിയ നാളുകളില്‍നിന്നണത്രെ 'കാപ്പിരി മുത്തപ്പന്‍' മിത്തിന്റെ തുടക്കം.
അന്ന്‌ കത്തോലിക്കാ വിശ്വാസികളായ പോര്‍ച്ചുഗീസുകാരെ പ്രൊട്ടസ്റ്റനൃ വിശ്വാസികളായ ഡച്ചുകാര്‍ കീഴടക്കിയതിനു പിന്നാലെ വന്‍ ഉന്മൂലന പ്രവര്‍ത്തനം നടന്നതായാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. മതപരമായ സ്പര്‍ദ്ദയുടെ ആയുധ സംസാരങ്ങള്‍. ചോരപ്പുഴയൊഴുക്കിയാണ്‌ ഡച്ചുകാര്‍ കേരളത്തില്‍ അവരുടെ അധിനിവേശം ഉറപ്പിച്ചത്‌.



അന്ന്‌ പോര്‍ച്ചുഗീസുകാരും അവരുടെ അടിമകളുംഅക്ഷരാര്‍ത്ഥത്തില്‍ത് തന്നെ ചിതറിക്കപ്പെട്ടു. അന്ന്‌ അവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലകൂടിയ സമ്പത്ത്‌ നാട്ടില്‍ പലയിടത്തും രഹസ്യമായി സൂക്ഷിച്ചിട്ടാണ്‌ പോര്‍ച്ചുഗീസുകാര്‍ കേരളതീരം വിട്ടത്‌. ഈ സ്വത്ത്‌ സൂക്ഷിച്ച സ്ഥലങ്ങളില്‍ അവരുടെ അടിമകളായിരുന്ന ഒരു കാപ്പിരിയെ, ഉഭയസമ്മത പ്രകാരം ശിരഛേദം ചെയ്തോ, അല്ലെങ്കില്‍ ചങ്ങലയ്ക്കിട്ട്‌ പൂട്ടിയോ സ്വത്തുക്കള്‍ക്കൊപ്പം അടക്കം ചെയ്തു എന്നാണ്‌ വിശ്വാസം. ചില മരങ്ങളുടെ പൊത്തിലും വീടുകളുടേയും സ്ഥാപനങ്ങളുടേയും വലിയ മതിലുകള്‍ക്കുള്ളിലുമാണ്‌ ഇങ്ങനെ വിലപിടിപ്പുള്ള സ്വത്ത്‌ കാപ്പിരിയുടെ ജഡത്തോടൊപ്പം അടക്കം ചെയ്തതെന്ന്‌ മുന്‍തലമുറ വിശ്വസിക്കുന്നു.



ഈ 'കാപ്പിരി സംസ്കാര'ത്തില്‍നിന്നാണ്‌ 'കാപ്പിരി മുത്തപ്പന്‍' എന്ന സങ്കല്‍പത്തിന്‌ ജീവന്‍ വച്ചത്‌. തങ്ങളുടെ സ്വത്ത്‌ പില്‍ക്കാലത്ത്‌, പിന്‍തലമുറയില്‍പ്പെട്ട ആരെങ്കിലും വന്ന്‌ സ്വന്തമാക്കുന്നതുവരെ അതു കാത്തുസൂക്ഷിക്കാനുള്ള ആത്മാവായിട്ടാണ്‌ കാപ്പിരികളെ ഗളഛേദം ചെയ്തോ, ബന്ധനസ്ഥനാക്കിയോ സ്വത്തിനോടൊപ്പം അടക്കംചെയ്തത്‌. 'കാവല്‍ മാലാഖ' എന്ന സങ്കല്‍പം പില്‍ക്കാലത്ത്‌ കേരളത്തിലെ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയിലുണ്ടായത്‌ ഈ 'കാപ്പിരി മുത്തപ്പ'നില്‍ നിന്നാണെന്നും പറയപ്പെടുന്നു.



കേരളത്തില്‍ പലയിടത്തും മുന്‍ തലമുറയില്‍പ്പെട്ട്‌ ആംഗ്ലോ ഇന്ത്യാക്കാര്‍ 'കാപ്പിരി മുത്തപ്പ'നെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ചുരുട്ട്‌ വലിച്ച്‌, ചങ്ങല കിലുക്കി, കോട്ടും സ്യൂട്ടുമിട്ട പുരുഷ ആത്മാക്കളായാണ്‌ 'കാപ്പിരി മുത്തപ്പ'നെ കണ്ടിട്ടുള്ളതത്രേ. അമാവാസി ദിവസങ്ങളിലാണ്‌ 'കാപ്പിരി മുത്തപ്പന്‍' പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.



ഈ 'കാപ്പിരി മുത്തപ്പ'നെ പ്രസാദിപ്പിക്കാന്‍ പുട്ടും 'കാല്‍ദോ' എന്ന പ്രത്യേക ഇറച്ചിക്കറിയും നിവേദിക്കുന്ന രീതിയുണ്ടായിരുന്നു, കേരളത്തില്‍ ചിലയിടങ്ങളില്‍. ഇവ കൂടാതെ കള്ളും ചാരായവും ചിരട്ടകളിലൊഴിച്ച്‌ 'കാപ്പിരി മുത്തപ്പ'ന്‌ നിവേദിച്ചിരുന്നതായും വായ്മൊഴികളിലുണ്ട്‌.
കൊച്ചിയില്‍ 'കാപ്പിരി മുത്തപ്പ'നെ സംബന്ധിച്ച്‌ രസകരമായ ഒരു മിത്ത്‌ മുന്‍തലമുറയിലെ ആംഗ്ലോ ഇന്ത്യന്‍ വീട്ടമ്മമാര്‍ക്ക്‌ പറയാനുണ്ട്‌; 'പുട്ട്‌ പുഴുങ്ങുമ്പോള്‍ പ്രതീക്ഷിക്കുന്ന സമയത്ത്‌ ആവി വന്നിട്ടില്ലെങ്കില്‍ 'കാപ്പിരി മുത്തപ്പന്‍' പുട്ട്‌ കണയ്ക്ക്‌ (പുട്ട്‌ കുറ്റിക്ക്‌ ) മുകളില്‍ ഇരിക്കുന്നു' എന്നായിരുന്നു വിശ്വാസം. മുത്തപ്പനെ പ്രതീപ്പെടുത്താന്‍ പുട്ടും കാല്‍ദോയും നല്‍കാമെന്ന്‌ വീട്ടമ്മമാര്‍ നേരുമ്പോള്‍ 'കാപ്പിരി മുത്തപ്പന്‍' പുട്ടുകണയില്‍ നിന്ന്‌ മാറിപോകുമെന്നും പുട്ട്‌ വേവുമെന്നുമായിരുന്നു വിശ്വാസം.
ചില സമയങ്ങളില്‍ ചില വീട്ടുകാര്‍ക്ക്‌ 'കാപ്പിരി മുത്തപ്പ'ന്റെ ദര്‍ശനം സ്വപ്നത്തിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും ആ സ്വപ്നം വിശ്വസിച്ച്‌ നിലംകുഴിച്ചവര്‍ക്ക്‌ അമൂല്യങ്ങളായ സ്വത്ത്‌ ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ 'കാപ്പിരി മുത്തപ്പ'ന്റെ വെളിപാട്‌ വിശ്വസിക്കാതെ പോയാല്‍ ആ സ്വത്തെല്ലാം കരിക്കട്ടയായി തീരുമെന്നും വിശ്വാസമുണ്ട്‌. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും ആംഗ്ലോ ഇന്ത്യന്‍ ആവാസ ഭൂമികളില്‍ ഇത്തരത്തില്‍ കരിക്കട്ടകള്‍ കണ്ടെത്തിയതായി പോഞ്ഞിക്കര റാഫിയും ഡി.എല്‍. ബര്‍ണാഡ്‌ മാഷും രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്‍.എസ്‌. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവലിലും ഈ മിത്തുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ട്‌.



കേരളത്തിലെ മറ്റൊരു ആംഗ്ലോ ഇന്ത്യന്‍ സെറ്റില്‍മെന്റായ കൊല്ലത്തിന്റെ തീരപ്രദേശങ്ങളില്‍ സ്വര്‍ണ്ണപ്പന്ത്‌ കളിക്കുന്ന 'കാപ്പിരി മുത്തപ്പ'നേയും 'കാപ്പിരി കുഞ്ഞുങ്ങളേ'യുമാണത്രെ കണ്ടിട്ടുള്ളത്‌.
പുതിയ തലയമുറയ്ക്ക്‌ അജ്ഞാതമായതും എന്നാല്‍ അന്ധവിശ്വാസമെന്ന്‌ വ്യാഖ്യാനിക്കുന്നതുമായ ഈ മിത്തിനുപിന്നില്‍ ഡച്ച്‌ ആക്രമണവും അക്കാലത്ത്‌ ഇവിടം വിട്ടുപോകേണ്ടിവന്ന പോര്‍ച്ചുഗീസ്‌ സമൂഹം തങ്ങളുടെ സ്വത്ത്‌ സൂക്ഷിക്കാന്‍ അവലംബിച്ച പ്രാകൃതരീതികളുടെ വിശദാംശങ്ങളുമാണുള്ളത്‌.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:
രഞ്ജിത്‌ ലീന്‍ (സീനിയര്‍ സബ്‌ എഡിറ്റര്‍, ദ്‌ വീക്ക്‌ ) , ആന്‍ഡ്രു റോഡ്രിക്സ്‌, ഗ്രെയ്സ്‌ റോഡ്രിക്സ്‌, മാനുവല്‍ ഒലിവര്‍

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP