Tuesday, 19 January 2010

ഭാരതീയാശയങ്ങളുമായികാമറൂണിന്റെ അവതാര്‍

വി. പ്രവീണ്‍ കുമാര്‍

കുട്ടിച്ചാത്തന്‌ ശേഷം മലയാളിക്ക്‌ ത്രിഡയമന്‍ഷന്‍ ദൃശ്യ വിസ്മയത്തിന്റെ അനുഭൂതിയുമായി ഹോളിവുഡ്‌ ചിത്രം 'അവതാര്‍' കേരളത്തിലെത്തി.
ജെയിംസ്‌ കാമറൂണ്‍ 'ടൈറ്റാനിക്ക്‌' എന്ന ഹിറ്റിനുശേഷം അണിയിച്ചൊരുക്കുന്ന ചിത്രം കാഴ്ചയുടെ പുതിയ അനുഭവമാണ്‌ കാണികള്‍ക്ക്‌ നല്‍കുന്നത്‌. കുട്ടിച്ചാത്തനില്‍ സാധാരണ മനുഷ്യന്റെയും കുട്ടിച്ചാത്തന്റെയും കഥപറയുമ്പോള്‍ യന്ത്രവല്‍കൃത ആയുധങ്ങളും അ
ത്യന്താധുനികതയും ദൃശ്യവിഷയമാക്കുന്ന അവതാറിലെ ത്രിഡി രംഗങ്ങള്‍ പ്രേക്ഷകനെ അത്ഭുതപ്പെടുത്തും.


പ്രകൃതിസംരക്ഷണം ചര്‍ച്ചാവിഷയമാക്കുന്നത്‌ പ്രമേ
യത്തെ ശക്തമാക്കുന്നു. ഭോഗാസക്തനായ മനുഷ്യന്റെ സാമീപ്യം പോലും പ്രകൃതിയെ നശിപ്പിക്കുമെന്നും അത്‌ പ്രകൃതിക്ഷോഭങ്ങള്‍ക്ക്‌ കാരണമായിത്തീരുമെന്നും സിനിമ പറയുന്നു. ശാസ്ത്രത്തിന്റെ സഹായത്തോടെ തന്റെ ഉപബോധമനസിനെ പാണ്ടോറയിലെ നാവിയെന്ന്‌ വിളിക്കപ്പെടുന്നവരുടെ ശരീരത്തിലേക്ക്‌ പ്രവേശിപ്പിക്കുന്ന വ്യക്തിയിലൂടെ പ്രമേയം മുന്നേറുന്നു. പ്രകൃതിസൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ മറ്റൊരുലോകമാണ്‌ പാണ്ടോറ. അവിടെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന പ്രത്യേകവര്‍ഗം ജീവികളാണ്‌ നാവികള്‍. പണ്ടോറയെ കീഴ്പ്പെടുത്താന്‍ മനുഷ്യന്റെ ചാരനായി നാവിയുടെ ശരീരത്തില്‍ പ്രവേശിക്കുന്ന നായകന്‍ പണ്ടോറയുടെ കൂളിര്‍മയില്‍ ആകൃഷ്ടനായി അവരിലേക്ക്‌ ഇഴുകിചേരുന്നു. ചൂഷകനായ മനുഷ്യനില്‍ നിന്നും പ്രകൃതിസ്നേഹികളായ നാവിയിലേക്കുള്ള ഇദ്ദേഹത്തിന്റെ മാറ്റം ദൃശ്യവത്കരിക്കുമ്പോള്‍ അതില്‍ ഭാരതീയത ഒളിഞ്ഞിരിക്കുന്നത്‌ പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യമാകും.


ധര്‍മോരക്ഷതി രക്ഷിത: ധര്‍മ
ത്തെരക്ഷിച്ചാല്‍ ധര്‍മം നമ്മെരക്ഷിക്കും എന്ന ഭാരതീയ വചനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പ്രകൃതിയെ രക്ഷിച്ചാല്‍ അവ നമ്മെസംരക്ഷിക്കും എന്ന്‌ അവതാരകന്‍ പറഞ്ഞുവെയ്ക്കുന്നു. പടിഞ്ഞാറിന്റെ വേദഭൂമിയിലേക്കുള്ള തിരിഞ്ഞുനോട്ടം ഇവിടെ ദര്‍ശിക്കാം. സാങ്കല്‍പികലോകമായ പാണ്ടോറയെ ഭൂമിയിലെ പ്രകൃതിയോട്‌ കൂട്ടിവായിച്ചാല്‍ പ്രമേയത്തിന്റെ ശക്തി വ്യക്തമാകും. തന്റെ ബുദ്ധിയെ പ്രകൃതിയുടെ ആത്മാവിനോട്‌ ഇഴചേര്‍ക്കുന്ന നായകന്‍ അങ്ങനെ അവരിലൊരാളായി മാറുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാത്ത നാവികളുടെ ലോകം സുന്ദരമാണെന്ന്‌ നായകനിലൂടെ സംവിധായകന്‍ പറയുന്നു. പരസ്പരം ഭാവയന്ത ശ്രേയ പരമവ്യാപ്സ്യതേ പരസ്പരം സഹകരിച്ചുകൊണ്ട്‌ പരമമായ സുഖത്തെനേടുക എന്ന ഭാരതീയാശയം ഇവിടെ ഹോളിവുഡ്‌ സിനിമാക്കാരന്‍ കടംകൊണ്ടിരിക്കുകയാണ്‌. ആധുനികരും ഭോഗാസക്തരുമായ മനുഷ്യര്‍ ഇവരുടെലോകത്തെ അക്രമിക്കുന്നിടത്ത്‌ സിനിമ സംഘര്‍ഷഭരിതമായ രംഗങ്ങളിലേക്ക്‌ നീങ്ങുന്നു. നായകന്റെ ബോധമനസ്‌ ഉപബോധമനസിന്റെ അഗ്രഹങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകുമ്പോള്‍ ശാസ്ത്രലോകത്തെ ഭിന്നിപ്പും തിരശീലയില്‍ മിന്നിമറയുന്നു. സമകാലികരുടെ ഭോഗതൃഷ്ണയെ ഉപബോധമനസുകൊണ്ട്‌ നേരിടാന്‍ തയ്യാറാകുമ്പോള്‍ പ്രകൃതിയിലെ ദുര്‍ശക്തികള്‍പോലും അദ്ദേഹത്തിന്‌ കൂട്ടായെത്തുന്നു. ഇവിടെ ചിത്രം പുത്തന്‍ ദൃശ്യാനുഭവങ്ങളിലേക്ക്‌ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു.


ആധുനിക മനുഷ്യന്റെ പടയോട്ടം പ്രകൃതിയുടെ വിശുദ്ധിയെ നശിപ്പിക്കുമ്പോള്‍ പ്രകൃതിതന്നെ അവനെ കീഴ്പ്പെടുത്താന്‍ തയ്യാറാകുന്നു. ഇവിടെ മനുഷ്യന്റെ ശാസ്ത്രബോധം അപര്യാപ്തമാണെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. പ്രകൃതിക്കടിമയാണ്‌ മനുഷ്യനും മനുഷ്യന്റെ ശാസ്ത്രവും എന്ന്‌ ചിത്രം പറഞ്ഞുനിര്‍ത്തുമ്പോള്‍ ദേശ, ഭാഷ, സംസ്കാരഭേദമെന്യേ എല്ലാവരുടെ മനസിലും
താനും തിരുത്തേണ്ടകാലമായില്ലേഎന്ന ചോദ്യമുയര്‍ത്താന്‍ ജെയിംസ്‌ കാമറൂണിന്‌ കഴിഞ്ഞിട്ടുണ്ട്‌.
പണ്ടോറയുടെ സംരക്ഷണത്തിനായി വെമ്പുന്ന നായകന്റെ ഇവിടേക്കുള്ള നിയോഗമാണ്‌ ചിത്രത്തിന്റെ പേരിനാസ്പദമായിരിക്കുന്നത്‌. ഭാരതീയ സംസ്കാരത്തില്‍ നിന്നും കടംകൊണ്ട അവതാര സങ്കല്‍പ്പം ചിത്രത്തിന്റെ പേരിനും പ്രമേയത്തിനും ശക്തിപകരുന്നു.
ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രകൃതിസംരക്ഷണം ആവശ്യമാണെന്ന്‌ ചിത്രം പറയുമ്പോള്‍ പ്രകൃതിക്കിണങ്ങുന്ന തരത്തില്‍ ശാസ്ത്രപുരോഗതി കൈവരിച്ചിരുന്ന ഭാരതീയ പൗരാണികതയിലേക്ക്‌ ഇത്‌ നമ്മെനയിക്കും. ഭാരതീയ ദര്‍ശനങ്ങള്‍ പ്രസക്തമായിരുന്നുവെന്ന്‌ പാശ്ചാത്യന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു 'അവതാറി'ലൂടെ.

1 comment:

  1. praveee, kalakki...

    Avatarangal undaakunnathennum nalla mattangalkkuveendi ennu englishukar thirichariyummmbazhum...naammm prakrithiyeee konnu kolavillikunnu...

    Thankas for film review..rajeshchandran-Maldives.

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP