ടൈറ്റസ് കെ. വിളയില്‍
മധുചന്ദ്രികയിൽ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതിയ മലയാളത്തിലെ ഓര്‍ഫ്യൂസ് , കാവ്യ ഗന്ധര്വന്, കാല്പനിക കവി, വിപ്ലവ കവി എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങളാൽ പ്രകീര്‍ത്തിക്കപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാ പ്രതിഭയുടെ ജന്മശതാബ്ദി ദിനമാണിന്ന്.
വറ്റാത്ത കാവ്യഭാവനയുടെ അനുസ്യൂത പ്രവാഹമായിരുന്നു ആ ജീവിതം. കേവലം മുപ്പത്തേഴു വര്‍ഷംകൊണ്ട് കൈരളിക്കായി ഒരു കാവ്യ സമുദ്രം തന്നെ അദ്ദേഹം കാഴ്ചവച്ചു. മിഴിവാര്‍ന്ന പദങ്ങളെ അനുയോജ്യമാംവിധം രാഗതാളലയ വിന്യാസത്തോടെ സഹൃദയരിലെത്തിച്ച അന്യാദൃശ പ്രതിഭയാണ് ചങ്ങമ്പുഴ.
കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലേയ്ക്ക്
'മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതക കാന്തിയിൽ മുങ്ങിമുങ്ങി' എന്നുതുടങ്ങുന്ന വരികളല്ലേ ആദ്യം ഓടിയെത്തുക.
1911 ഒക്ടോബർ11 ന് ജനിച്ച് 1948 ജൂണ്‍ 17 ന് അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു മനുഷ്യൻ മാത്രമായിരുന്നോ കവിയായിരുന്നോ അതോ ആയിരം യുഗങ്ങളിൽ ഒരിക്കല്വരാറുള്ള ഒരവതാരമായിരുന്നോ? ഈ സന്ദേഹത്തിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ കാവ്യസപര്യ.
തെക്കേടത്ത് വീട്ടിൽ നാരായണമേനോനും എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ചങ്ങമ്പുഴത്തറവാട്ടിൽ പാറുക്കുട്ടിയമ്മയ്ക്കും മകനായിപ്പിറന്ന കൃഷ്ണപിള്ള ബാല്യകാലവിദ്യാഭ്യാസത്തിന് നന്നേ കഷ്ടപ്പെട്ടു. ഇടപ്പള്ളി മലയാളം പ്രൈമറിസ്ക്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗീഷ്മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ് സ്കൂൾ, എറണാകുളം ഗവ. ഹൈസ്കൂൾ ,സെന്റ് ആല്‍ബര്‍ട്സ് സ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്തു. ഓണേഴ്സ് ബിരുദം നേടിയ അദ്ദേഹം1940 ൽ ശ്രീദേവി അമ്മയെ വിവാഹംചെയ്തു. സാമ്പത്തികപ്രയാസം മൂലം പട്ടാളത്തിൽ ചേര്‍ന്നു രണ്ടുകൊല്ലം കഴിയും മുമ്പേ തിരികെ വന്ന് മദിരാശിയിലെ ലോകോളേജിൽ പഠനം തുടങ്ങിയെങ്കിലും നിയമപാഠം പൂര്‍ത്തിയാക്കിയില്ല. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ചു.
നാട്ടിൽ തിരിച്ചെത്തി ഇടപ്പള്ളിയിൽ കുടംബത്തോടൊപ്പം താമസിച്ചുകൊണ്ട് സാഹിത്യപ്രവര്ത്തനങ്ങളിൽ മുഴുകി. ഒരു തലമുറയാകെ ആ ഗാനനിര്‍ഝരിയിൽ മുങ്ങിനീരാടിനില്ക്കുകയായിരുന്
രാഘവന് പിള്ള തുടങ്ങിവച്ച ഇടപ്പള്ളിപ്രസ്ഥാനം മുഴുമിപ്പിച്ചത് ചങ്ങമ്പുഴയാണ്. കവിതയടെ പരിശുദ്ധമായ കലാകാന്തിയിൽ കവിതയെ ജനസാമാന്യത്തിന് പകര്‍ന്നുകൊടുത്തതാണ് ഇടപ്പള്ളി പ്രസ്ഥാനം.കുട്ടിക്കാലത്ത് തികഞ്ഞ ആത്്മീയവാദിയും ലജ്ജാലുവും അന്തര്‍മുഖനുമായിരുന്ന ചങ്ങമ്പുഴ യുവാവായപ്പോൾ ഭൗതികവാദിയും നിരീശ്വരവാദിയും ഗര്വ്വിഷ്ടനുമായി മാറി.
കപടലോകത്തിലാത്മാര്ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന് പരാജയം
എന്നിങ്ങനെ അശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. ജീവിതത്തിലേയ്ക്കിറങ്ങിച്ചെന്ന്
ദുരനുഭവങ്ങളുടെ വേദിയില്‍നിന്ന്
വേദന, വേദന, ലഹരിപിടിക്കും
വേദന, ഞാനിതിൽ മുഴകട്ടെ
മുഴുകട്ടെ മമ ജീവനിൽ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ..
നൊമ്പരംകൊള്ളുമ്പോഴും ആ ആത്മാവില്‍നിന്ന് കവിതയാണൊഴുകുന്നത്. . പ്രണയവും നൈരാശ്യവും പൂത്തുലഞ്ഞിരുന്ന കവിതയെഴുത്തിന്റെ തുടക്കത്തിലും ഭക്തിയും വിഭക്തിയും യുക്തിയും വിപ്ലവവും എന്തിന്, സമസ്തവും നിറഞ്ഞു പില്ക്കാലത്തും.കല്പ്പനകളിലൂ
ജീവിതലഘുകാവ്യത്തിന്‍ പകര്‍പ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ';
നിത്യസുന്ദരമാകും സ്്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീര്‍ക്കാനാവുകി
(സൗന്ദര്യലഹരി ബാഷ്പാഞ്ജലി)
ഇങ്ങനെ എഴുതിയ കവിതന്നെയാണ്
ഒരു മരതകപ്പച്ചിലക്കാട്ടിലെൻ
മരണശയ്യവിരിക്കൂ സഖാക്കളേ
വസുധയോടൊരു വാക്കു ചൊന്നിട്ടി,താ
വരികയായി ഞാന്‍.
എന്നും എഴുതിയത്. കാവ്യനര്‍ത്തകി എന്ന കവിത അക്ഷരാര്‍ത്ഥത്തില്‍ കവിതയെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കലായിരുന്നു. കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചികിലുങ്ങിക്കിലുങ്ങി എന്നു തുടങ്ങുന്ന ആ കവിത മലയാളത്തിന്റെ ചുണ്ടുകളിലാണ് നൃത്തമിട്ടുപോന്നത്.
നീയൊട്ടുമിടറായ്കെന്‍ കവിതേ
നീളെ നിന് ജയക്കൊടി,
തുടരൂ നിന് നൃത്തം
വിണ്ണില്വച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ നീയീ
മണ്ണില്വന്നേവം വീണവായിക്കാൻ,
നൃത്തം ചെയ്വാന്..
(എന്റെ കവിത)
രമണന്, അപരാധികൾ, അമൃതവീചി, അസ്ഥിയുടെ പൂക്കൾ, ആകാശഗംഗ, ആരാധകന്, ഉദ്യാനലക്ഷ്മി, ഓണപ്പൂക്കൾ, കലാകേളി, കല്ലോലമാല, ചൂഡാമണി, തളിര്‍ത്തൊത്തകൾ,തിലോത്തമ, ദിവ്യഗീതം, ദേവഗീത, ദേവയാനി, ദേവത, നര്‍ത്തകി, നിര്‍വൃതി, നിഴലുകള്‍, നിര്‍വ്വാണമണ്ഡലം, നീറുന്ന തീച്ചൂള, പാടുന്ന പിശാച്, ബാഷ്പാഞ്ജലി, മഗ്ദലമോഹിനി, മഞ്ഞക്കിളികള്‍, മണിവീണ, മദിരോത്സവം, മാനസേശ്വരി, മൗനഗാനം, മോഹിനി, യവനിക, മയൂഖമാല, രക്തപുഷ്പ്പങ്ങൾ, രാഗപരാഗം, വസന്തോത്സവം, വത്സല, ശ്മശാനത്തിലെ തുളസി, ശ്രീതിലകം, സങ്കല്‍പ്പകാന്തി, സൂധാംഗദ, സ്വരരാഗസുധ, സ്പന്ദിക്കുന്ന അസ്ഥിമാടം, ഹേമന്തചന്ദ്രിക എന്നീ പദ്യകൃതികളും അനശ്വരഗാനം, കഥാരത്നമാലിക, കളിത്തോഴി, കരടി, തുടിക്കുന്ന താളുകൾ,പെല്ലീസും മെലിസാന്ദയും, പൂനിലാവില്‍, പ്രതികാരദുര്‍ഗ്ഗ, മാനസാന്തരം, വിവാഹാലോചന, ശിഥിലഹൃദയം,സാഹിത്യചിന്തകൾ, ഹനേലെ തുടങ്ങിയ ഗദ്യകൃതികളുമാണ് ചങ്ങമ്പുഴ മലയാളസാഹിത്യത്തിന് നല്‍കിയത്. ഇതൊക്കെ 1931 മുതല്‍ 1948 വരെ 17 കൊല്ലംകൊണ്ടാണ്. 8 വര്‍ഷത്തെ ദാമ്പത്യത്തിനിടയിൽ ചങ്ങമ്പുഴയ്ക്ക് മൂന്നു മക്കളണ്ടായി'; ശ്രീകുമാർ, അജിത, ലളിത. ശ്രീകുമാർ കവിതയും അജിതയും ലളിതയും കഥകളുമെഴുതിയിരന്നു.
വാതരോഗവും ക്ഷയരോഗവും ചങ്ങമ്പുഴയെ വല്ലാതെ അലട്ടിയിരന്നു. തൃശ്ശൂര്‍ മംഗളോദയം നഴ്്സിങ് ഹോമില്‍വച്ച് ആ ഭൗതികശരീരം ചലനനിശ്ശേഷമായെങ്കിലും ആ അസ്ഥിമാടം ഇപ്പോഴും സ്പന്ദിക്കുന്നു. നാമതിന്റെ അനുഗാനങ്ങളില്ക്കളിച്ചാകെ തളിര്‍ത്തു നില്ക്കുന്നു.
കള്ളും ചങ്ങമ്പുഴയും
ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി അദ്ദേഹത്തിന്റെ ചില നിര്‍ബന്ധങ്ങളെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കവിതയെഴുതുമ്പോൾ അദ്ദേഹത്തിനു പ്രത്യേക കസേരയും മൂന്നുതട്ടുകളുളള മേശയും വേണമായിരുന്നത്രേ. മുകളിലത്തെ തട്ട് വച്ചെഴുതാന്‍. രണ്ടാമത്തേതില്‍ ഒരു ഗാസ് വെള്ളം. മൂന്നാമത്തേതില്‍ ഒരു കുപ്പി മദ്യം. മദ്യം കവിതയെഴുത്തിനു നല്ല രാസത്വരകമാണെന്നു കവി കരുതി. കവിയശസ്സ് കൂടിവന്നതിനൊപ്പം മദ്യപാനവും ഏറി. സൗഹൃദങ്ങള്‍ കവിയെ മദ്യചഷകത്തില്‍ മുക്കി. ഓരോ തവണ മദ്യപിക്കുമ്പോഴും അദ്ദേഹം പറഞ്ഞു, ഇല്ല ഇനിയില്ല. അടുത്തദിവസം ഇതു വീണ്ടും ആവര്‍ത്തിക്കും.
മലരണിക്കാടുകള്‍ തിങ്ങിവിങ്ങാനും മഞ്ഞണിഞ്ഞു മദാലസയായി മഞ്ജുചന്ദ്രിക നൃത്തമാടാനും മദ്യം സഹായിച്ചിരിക്കാം. പക്ഷേ അതിനു ചങ്ങമ്പുഴ കൊടുക്കേണ്ടി വന്നതു ജീവന്റെ വിലയായിരുന്നു. ക്ഷയരോഗബാധിതനായി വീടിന്റെ മുറ്റത്തുണ്ടാക്കിയ ചെറുകുടിലില്‍ കഴിഞ്ഞിരുന്ന ചങ്ങമ്പുഴയെ കാണാന്‍ പോയതിനെപ്പറ്റി എം.എന്‍. വിജയന് എഴുതിയിട്ടുണ്ട്. അപ്പോഴും മദ്യപിക്കുന്നുണ്ടായിരുന്നു അദ്ദേഹം. ജീവിതത്തിലേക്കു തിരിച്ചുവന്നാല്‍ ഇനിയൊരിക്കലും മദ്യപിക്കില്ലെന്ന പ്രതിജ്ഞയെടുത്തിരുന്നു അദ്ദേഹം. ഇടയ്ക്കു തൃശൂരില്‍ താമസിച്ചിരുന്ന കാലത്തു ചങ്ങമ്പുഴ പൂര്‍ണമായും മദ്യപാനം നിര്‍ത്തിയിരുന്നത്രേ. എന്നാല്‍ ചില കൂട്ടുകെട്ടുകള്‍ വീണ്ടും മദ്യത്തിന്റെ ഇരുള്നിലങ്ങളിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചങ്ങമ്പുഴയും കൂട്ടുകാരും
എതിര്‍ത്തുതോല്‍പ്പിക്കാനും ഒടിച്ചുമടക്കാനും ശ്രമിച്ചവരെ കടന്നാക്രമിച്ച കവി കൂട്ടുകാര്‍ക്കു മുന്നില്ൽ ആട്ടിന്‍കുട്ടിയായിരുന്നു. ഇടപ്പള്ളിയുടെ മരണം ചങ്ങമ്പുഴയുടെ മനസ്സിനെയും കവിതയേയും പിടിച്ചുകുലുക്കി. കൊല്ലത്തു ചെന്ന് രാഘവന്‍പിള്ളയുടെ ശരീരം ദഹിപ്പിച്ച സ്ഥലം സന്ദര്ശിച്ചപ്പോഴാവണം രമണന് മനസ്സില്‍ എഴുതാന്‍ തുടങ്ങിയിട്ടുണ്ടാവുക. മദ്യപാനം നിര്‍ത്തി അടങ്ങിയൊതുങ്ങി കഴിയാന്‍ ശ്രമിച്ച കവിയെ വീണ്ടും ലഹരിയുടെ പക്ഷികള്‍ക്ക് എറിഞ്ഞുകൊടുത്തതില്‍ സൗഹൃദങ്ങള്‍ക്കു പങ്കുണ്ടായിരുന്നു. സാഹിത്യലോകത്തും അതിനുപുറത്തും അദ്ദേഹത്തിന് എണ്ണമറ്റ കൂട്ടുകാരുണ്ടായിരുന്നു. എന്തിനും സഹകരിക്കുന്ന ശാരദാകാശമായിരുന്നു അദ്ദേഹത്തിനു സൗഹൃദം.
ചങ്ങമ്പുഴയും കാമിനിമാരും
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തെരുതെരെ പൂമഴയാകുമായിരുന്നു ചങ്ങമ്പുഴ. പ്രണയങ്ങൾ കവിതയിൽ മാത്രം ഒതുങ്ങിനിന്നില്ല. കവിയെന്ന നിലയിൽ വളരെ ചെറുപ്പത്തിലേ കൈവന്ന പ്രശസ്തിയും സുന്ദരമായ രൂപവും അദ്ദേഹത്തിന് ഏറെ പ്രണയികളെ ഉണ്ടാക്കിക്കൊടുത്തു. അതില്‍ സമൂഹത്തിലെ ഉന്നതരുടെ ഭാര്യമാര്‍ വരെയുണ്ടായിരുന്നു. ഒരു ഡോക്ടറുടെ ഭാര്യ എഴുതിയ കത്ത് ഒരിക്കല്‍ ചങ്ങമ്പുഴയുടെ ഭാര്യയുടെ കയ്യില്‍ പെട്ടു. മദ്രാസില്‍ പഠനത്തിനായി കവി വന്നാല്‍ നമ്മുടെ ബന്ധം സുഗമമായി തുടരാമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ സ്ത്രീയെ ചങ്ങമ്പുഴയുടെ ഭാര്യയ്ക്കും അറിയാമായിരുന്നു. അതു കുടുംബത്തില്‍ ഒരു പൊട്ടിത്തെറി തന്നെയുണ്ടാക്കി.
കവി നിയമപഠനത്തിനു മദ്രാസിലേക്കു പോയി. ഒടുവിൽ ആ സ്ത്രീയുടെ സഹോദരന്മാര് കവിയെ ഭീഷണിപ്പെടുത്തി മദ്രാസില്‍ നിന്നു നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. ഒരിക്കല്‍ കൂട്ടുകാരുമായി പന്തയം വച്ച കവി മഹാരാജാസ് കോളജിന്റെ ഗോവണി കയറിവരികയായിരുന്ന പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. ചങ്ങമ്പുഴയോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നതുകൊണ്ട് പരസ്യമായി ചുംബിച്ചിട്ടും പെണ്‍കുട്ടി പരാതിപ്പെടാന്‍ പോയില്ല. ഇതിലും എത്രയോ കടന്ന പെരുമാറ്റങ്ങള്‍ പലപ്പോഴും കവിയുടെ ഭാഗത്തുനിന്നുണ്ടായി. കവിയായതുകൊണ്ടും കവി ചങ്ങമ്പുഴയായതുകൊണ്ടും എല്ലാം പൊറുക്കപ്പെട്ടു.
ചങ്ങമ്പുഴയില്ലായിരുന്നെങ്കില്‍ ഇത്രമേല്‍ മധുരിക്കില്ലായിരുന്നു പ്രണയം, പൊള്ളിക്കില്ലായിരുന്നു വിരഹം. ചങ്ങമ്പുഴയ്ക്കു മുന്‍പുള്ള മലയാളിയല്ല ചങ്ങമ്പുഴയെ വായിച്ചതിന് ശേഷമുള്ള മലയായാളി. തുടിക്കുന്ന താളുകളാണ് വേദനിക്കുന്ന ആ ഓര്മ പോലും.
ഓരോ കാലങ്ങളിലും ഓരോ അത്ഭുതങ്ങള്‍ ഉണ്ടാകാറുണ്ട്. ജീവിച്ചിരുന്നപ്പോഴും, മരണശേഷവും അത്തരമൊരത്ഭുതമായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. വിസ്മിതവും സവിശേഷകരവുമായ കവിതയുടെ അപൂര്‍വ്വാനുഭവം പകര്‍ന്നുതന്ന ചങ്ങമ്പുഴ ഒരു പുരാവസ്തുപോലെ വിസ്മൃതമാണ് ഇന്ന് ചിലര്‍ക്കെങ്കിലും.., പഴമയെന്ന പരിഹാസവും..! സാംസ്കാരികമായും, സാക്ഷരതാപരമായും യാതൊരു ഉന്നതിയിലുമെത്താതിരുന്ന ഒരു കാലത്തായിരുന്നു വശ്യമായ കവിതകള്‍ കൊണ്ട് കാലത്തേയും, ഓരോ മനുഷ്യഹൃദയങ്ങളേയും അദ്ദേഹം കീഴടക്കിയിരുന്നത്.
ജനകീയനായിരുന്നു ഈ കവി എന്നും. ദുര്‍ഗ്രഹമായ പദാവലികള്‍ നിരത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചില കവിപ്രമുഖര് പാഠപുസ്തകമായി കണക്കാക്കേണ്ടത് ചങ്ങമ്പുഴയെയാണ്. ലളിതമായ പദങ്ങള്‍ കൊണ്ട് സാധാരണക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. രമണന് എന്ന കാവ്യം മലയാളികള്‍ക്കിടയില്‍ ഇന്നും ലഹരിയായി നിറഞ്ഞുനില്‍ക്കുന്നതിന്റെ മാന്ത്രികതയും മറ്റൊന്നല്ല. കവിതയുടെ ലാളിത്യം തന്നെ.
ഓര്‍ക്കും തോറും വായിക്കും തോറും മലയാളിയുടെ മനസ്സില്‍ നേര്‍ത്ത മുറിവുകള്‍ രമണന് കോറിയിടുന്നു. ബംഗാളിക്ക് പ്രണയ നൈരാശ്യത്തിന്റെ, വിഷാദരാഗത്തിന്റെ പ്രതീകം ദേവദാസായിരുന്നെങ്കില് മലയാളിക്ക് അത് രമണനായിരുന്നു. കാലത്തെ അതിജീവിക്കുന്ന പ്രതീകമാണ് രമണന്.
ചങ്ങമ്പുഴയെപ്പോലെ ഒരാൾ ഇല്ലാതായതിന്റെ നഷ്ടബോധം ഇന്നും മലയാളിയെ വിട്ടുമാറുന്നില്ല. എന്നാല്‍ ചങ്ങമ്പുഴയുടെ മരണം ഏഴു വരിയിലാണ് 1948ല്‍ മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്. പകല്‍ മൂന്നേകാലിന് തൃശൂരില്‍ സംഭവിച്ച മരണം മാതൃഭൂമി പത്രം അടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്തത് "ചങ്ങമ്പുഴ മരിച്ചു" എന്ന ഒറ്റക്കോളം തലക്കെട്ടിലായിരുന്നു. മരണം ആഘോഷമാക്കി മാറ്റുന്ന ഇന്നത്തെ മാധ്യമ സംസ്കാരമായിരുന്നു അന്ന് നിലനിന്നിരുന്നതെങ്കിൽ എത്ര ദിവസങ്ങൾ, എത്ര താളുകൾ എഴുതി നിറച്ചാലാകും പത്രങ്ങള്‍ക്ക് തൃപ്തിവരിക!
(അവലംബം)