
( മൊഴിമാറ്റം:പ്രസീദ പത്മ )
മോചിപ്പി,ക്കെന്റെ കാലുകള്‍
കാരിരുമ്പ് വളയക്കുരുക്കില്‍ നിന്ന്
ഈ കുടുസ്സിടത്തിലെന്നെ,യടയ്ക്കാന്
പക്ഷിയായ്പ്പിറന്നതോ എന്റെ പാതകം..?!
എന്തൊരൊച്ചയും ബഹളവുമാണീ
തടവിന്നി,രുട്ടാവസിക്കും മുറിക്കുള്ളില്‍
കിളികൂജനമല്ലു,ല്ലാസച്ചിരിയല്ല
താരാട്ടീരടിയുമല്ലല്ലോ കേള്‍വിപ്പുറങ്ങളില്‍..
മാതൃവാത്സല്യമടിത്തട്ടില്‍ നിന്ന്
തട്ടിപ്പറിച്ചെടുക്കപ്പെട്ടൊരു കുഞ്ഞ് !
പൊലീസുകരന്റെ കൈക്കരു-
ത്തിലൊരു കുരുന്നു ഗദ്ഗദം പിടയുന്നു..
ഉയരു,ന്നമ്മതന്നാര്‍ത്ത നാദം
ഭര്‍ത്താവ് നഷ്ടപ്പെട്ടവളുടെ വിലാപം..
വിധവയുടെ ദൈന്യം,രോദനം ..
കാണുന്നകലെയൊരഗ്നി ഗോളം
സര്‍വനാശ ദിനമാഗതമാകുന്നു
വാചികപൈശാചിക പരീക്ഷണങ്ങള്‍
ശാസ്ത്രോല്‍പ്പന്ന,ത്തുണയോടെ
അഗ്നിഗോളസ്ഫോടനത്തിനൊരുമ്പെടുന്
വിവേകത്തെക്കൊല്ലും ലഹരി ത,ന്നുന്മാദത്തില്‍
ഇന്ദ്രിയഭൃത്യരായ്ത്തീര്‍-
ന്നലസം, ശയിക്കയാണെല്ലാവരും
ചിന്താപരീക്ഷണങ്ങളൊടുങ്ങി
യുക്തി കൊലക്കത്തിക്കിരയായി
കണ്ണുകള്‍ക്കൊന്നിനേയും
രക്ഷിക്കാനാവുന്നില്ല
കരുത്തുകാട്ടാനും കഴിയുന്നില്ല
വിലാപങ്ങള്‍ മാത്രം ബാക്കിയാകുന്നു
എന്നിട്ടും തരളസുസ്മിതനായ്
ഗിരിശൃംഗങ്ങളേറെക്കടന്ന്
യാത്രികനെത്തുന്നു
അമൂല്യമനുപമം മാനവജന്മം
മൃത്യുവിന്‍ ശ്യാമക്കമ്പളം വീഴും മുന്‍പായ്
ഇരുട്ടിലൊരു ചെരാത് തെളിക്കട്ടെ
മുറിവുകളിലിത്തിരി തേനി,റ്റിക്കട്ടെ
അമരത്വത്തിന്‍ കുഞ്ഞുതൈ നടട്ടെ
കൃത്രിമച്ചിറകുകളിലേറി,
ചക്രവാളമാകെ-
പ്പറന്നുല്ലസിച്ചവസാനം
ജനിമൃതി തന്നഴിമുഖത്തെത്തുമ്പോള്‍
പ്രാതകാല വിശുദ്ധഗീതികള്‍ക്കൊപ്പം
വിശ്വസംഘസംഗീതവുമുയരുമവിടെ
ഈ തടവറവാതില്‍ മലര്‍ക്കെത്തുറക്കുക
ചരണ ബന്ധനമറക്കുക
പക്ഷിജന്മത്തെ പഴിക്കാതിരിക്കുക
മോചനമെന്റെ ജന്മാവകാശമാകുന്നു
---------------------
