
നീ
അഴകളവുകളുടെ
ആഢ്യത്തം തുളുമ്പുന്ന അങ്കനങ്ങളല്ല,
നിറപ്പൊലിമയുടെ
അംഗീകൃത ചേരുവയല്ല,
ദര്‍ശനോ-ത്തേജകമായ
മാദക സാന്നിദ്ധ്യമല്ല,
ധന-കുലമഹിമകളില്‍
ആനുകാലിക സ്വീകാര്യതയുമല്ല..!
നീ
എന്റെ കവിതകളില്‍
നിറഞ്ഞുനിവരുന്ന പെണ്മ....
ചേതനയെത്തുടുപ്പി-ച്ചുന്നിദ്രമാ
ചിന്തയുടെ ഉണ്മ.....
ധമനികളെ ത്രസിപ്പിച്ചൊഴുകും
പൂരിത പ്രണയ ശോണിമ...!!
നീ
കറുകയുടെ പവിത്രം
കയ്യോന്നിയുടെ ശീതം
പൂവാംകുരുന്നിലയുടെ നാണം
തിരുതാളിയുടെ മൗനം
മുയല്‍ചെവിയന്റെ സൗമ്യം
നിലപ്പനയുടെ എളിമ
വിഷ്ണുക്രാന്തിയുടെ കുസൃതി
ഉഴിഞ്ഞയുടെ ലാസ്യാശ്ലേഷം
മുക്കുറ്റിയുടെ കുഞ്ഞുമഞ്ഞക്കുറുമ്പ്
ചെറൂളയുടെ ശുഭ്രസ്വത്വത്തനിമ...
നീ
പ്രകൃതിയായ്
പുരുഷസൂക്തമായ്
ശപ്ത ജീവനി-ലുന്മത്ത
ജീവിതാസക്തി നിറയ്ക്കും
ജന്മാന്തര സഖിത്വം..
ശാന്തി മന്ത്രം
ശരണസങ്കീര്‍ത്തനം..
നീ
എന്റെ,യാത്മബോധത്തിന്റെ
ആരണ്യകം...!!!
അതുകൊണ്ട്
നിന്നിലേയ്ക്കെത്താ-നെനിക്ക്
നിന്റെ
മനസ്സ് പോലും
വേണമെന്നില്ലല്ലോ