Friday, 19 November 2010

സ്മാര്‍ട്ട്‌ സിറ്റി : വഞ്ചനയുടെ നീചപര്‍വ്വം

ടൈറ്റസ്‌ കെ. വിളയില്‍
ഒരു ലക്ഷത്തോളം പേര്‍ക്ക്‌ ജോലി നല്‍കുന്ന സ്വപ്നപദ്ധതിയായ സ്മാര്‍ട്ട്‌ സിറ്റി പത്തുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കും എന്ന്‌ അവകാശപ്പെട്ട്‌, പദ്ധതിക്ക്‌ തറക്കല്ലിട്ടതിന്റെ മൂന്നാം വാര്‍ഷികദിനമായ നവംബര്‍ 16ന്‌ സ്മാര്‍ട്ട്‌ സിറ്റി നടത്തിപ്പ്‌ സംബന്ധിച്ച അന്തിമതീരുമാനം ഇടതുമുന്നണിയുടെ പരിഗണനയ്ക്ക്‌ വിട്ടതിലൂടെ, അച്യുതാനന്ദന്‍ മന്ത്രിസഭ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനവഞ്ചനയെ അതിന്റെ നീചപൂര്‍ണതയിലെത്തിക്കുകയായിരുന്നു.
2004 നവംബറില്‍, കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ 2000 കോടി രൂപ ചെലവില്‍ സ്മാര്‍ട്ട്‌ സിറ്റി തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ ദുബായ്‌ ഇന്റര്‍നെറ്റ്സിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്‌. കൊച്ചിക്കും കേരളത്തിനും ഐടി ഭൂപടത്തില്‍ പുതിയ സ്ഥാനം അടയാളപ്പെടുത്തുന്നതും കേരളത്തിലെ ഐടി പ്രഫഷണലുകള്‍ക്ക്‌ നാട്ടില്‍ തന്നെ മെച്ചമായ ജോലി നല്‍കുന്നതുമായ പദ്ധതിയുമായി യുഡിഎഫ്‌ മുന്നോട്ട്‌ പോയപ്പോള്‍ അതിനെ പ്രതിരോധിച്ചത്‌ അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌ അച്യുതാനന്ദനും ഇടതുമുന്നണിയുമായിരുന്നു.





മാനുഫാക്ചറിങ്‌ മേഖലയിലോ സര്‍വീസ്‌ മേഖലയിലോ ഉള്ള സ്ഥാപനമല്ല ദുബായ്‌ ടീകോം കമ്പനിയെന്നും മറ്റ്‌ കമ്പനികള്‍ക്ക്‌ ഇന്‍ഫ്രാസ്ക്രെട്ചര്‍ ഒരുക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമാണതെന്നും ആരോപിച്ചായിരുന്നു യുഡിഎഫ്‌ വിഭാവനം ചെയ്ത സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയെ അച്യുതാനന്ദനും എല്‍ഡിഎഫും ചേര്‍ന്ന്‌ ഇല്ലാതാക്കിയത്‌.
എന്നാല്‍, അച്യുതാനന്ദന്‍ അധികാരത്തിലെത്തിയപ്പോള്‍ന്‍ ഇതേ കമ്പനിക്ക്‌ കരാര്‍ നല്‍കുകയും 2007 മെയ്‌ 13ന്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി ലിസി ജേക്കബും ടീകോം ഇന്‍വെസ്റ്റുമെന്റിനുവേണ്ടി എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ അഹമ്മദ്‌ ബിന്‍ ബിയാര്‍ട്ടും പുതിയ കരാറില്‍ ഒപ്പിടുകയും ചെയ്തു. 2007 നവംബര്‍ 16ന്‌ വി.എസ്‌ അച്യുതാനന്ദന്‍ പദ്ധതിക്ക്‌ തറക്കല്ലുമിട്ടു. എന്നാല്‍, മൂന്ന്‌ വര്‍ഷം കഴിഞ്ഞിട്ടും സ്മാര്‍ട്ട്‌ സിറ്റിക്കായി ഏറ്റെടുത്ത 246 ഏക്കര്‍ ഭൂമി കാട്‌ പിടിച്ച്‌ ശ്മശാന തുല്ല്യമാക്കി മാറ്റുന്നതിനപ്പുറം പദ്ധതി നടത്തിപ്പില്‍ ഒരുചുവട്‌ മുന്നേറാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞില്ല.
2007 മെയ്‌ 13ന്‌ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ പദ്ധതി പ്രദേശത്തെ 12 ശതമാനം സ്ഥലത്തിന്‌ സ്വതന്ത്ര കൈവശാവകാശം നല്‍കണമെന്ന ടീകോം കമ്പനിയുടെ 'പിടിവാശിയാണ്‌' പദ്ധതി നടത്തിപ്പിനെ അട്ടിമറിച്ചതെന്ന്‌ ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും സ്മാര്‍ട്ട്‌ സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്‌.ശര്‍മ്മയും നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്‌. ആഗോളസാമ്പത്തിക മാന്ദ്യം ടീകോം കമ്പനിയെ തളര്‍ത്തിയതുകൊണ്ടാണ്‌ അവര്‍ കരാറിലില്ലാത്ത ആവശ്യമുന്നയിച്ച്‌ പദ്ധതി നടത്തിപ്പിന്‌ പാരവെയ്ക്കുന്നതെന്നാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രി ശര്‍മ്മയും ആരോപിക്കുന്നത്‌. എന്നാല്‍, തങ്ങളുടെ സാമ്പത്തികനില സുഭദ്രമാണെന്നും അത്‌ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി ദുബായില്‍ വരണമെന്നുമായിരുന്നു ടീകോം എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ വെല്ലുവിളിച്ചത്‌. ഈ വെല്ലുവിളിയും ആരോപണങ്ങളും തുടരുന്നതല്ലാതെ പദ്ധതി നടത്തിപ്പിനായി ക്രിയാത്മകമായ ഒരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നതാണ്‌ ഏറെ ക്ഷോഭകരമായ വാസ്തവം. ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച്‌ അവസാന തീരുമാനം എടുക്കാന്‍ ഇടതുമുന്നണിയെ മന്ത്രിസഭാ യോഗം നിര്‍ദേശിക്കുമ്പോള്‍, തിരിച്ചറിയാന്‍ കഴിയുന്നത്‌ വാഗ്ദാനലംഘനത്തിന്റെയും ജനവിരുദ്ധ നിലപാടുകളുടെയും നഗ്നതകളാണ്‌.
ഇവിടെ ഒരു ചോദ്യം ആവര്‍ത്തിക്കേണ്ടതുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരാണെന്ന്‌ അറിഞ്ഞിട്ടും എന്തിന്‌ ടീകോമുമായി വീണ്ടും കരാറിലേര്‍പ്പെട്ടു ? ഇടതുമുന്നണിയുടെ പരിശോധനയ്ക്ക്‌ വിധേയമാക്കാതെയാണോ ടീകോമുമായി കരാര്‍ ഒപ്പു വെച്ചത്‌ ? ഈ ചോദ്യങ്ങള്‍ക്കും അനുബന്ധ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ മുഖ്യമന്ത്രിക്ക്‌ ബാധ്യതയുണ്ട്‌.





ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വാസ്തവമുണ്ട്‌. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌ വെയര്‍സിസ്റ്റം രംഗത്തെ ആഗോള കമ്പനിയായ ഒറാക്കിള്‍ കേരളത്തില്‍ സ്വന്തം ക്യാമ്പസ്‌ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസിന്‌ പിന്നാലെയാണ്‌ ഒറാക്കിളും കേരളത്തിലേക്ക്‌ എത്തുന്നത്‌. തിരുവനന്തപുരത്ത്‌ ടെക്നോസിറ്റിയിലായിരിക്കും ഒറാക്കിളിന്റെ സോഫ്റ്റ്‌വെയര്‍ ഡവലപമെന്റ്‌ സെന്റര്‍.
മുതല്‍മുടക്കാന്‍ തയ്യാറുള്ള കമ്പനികള്‍ കേരളത്തിലേക്ക്‌ വരിക, സര്‍ക്കാര്‍ അവര്‍ക്ക്‌ ഭൂമിയും വൈദ്യുതിയും മറ്റ്‌ സൗകര്യങ്ങളും ചെയ്തുകൊടുക്കുക, കമ്പനി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്ത്‌ പ്രവര്‍ത്തനം തുടങ്ങുക - ഇതില്‍ ഒരിടത്തും ഹിഡന്‍ അജണ്ട ഒന്നുമില്ല. ഇങ്ങനെയാണ്‌ ബാംഗ്ലൂര്‍ ഐടി ഹബ്ബായി മാറിയത്‌. ഹൈദ്രാബാദ്‌ പുരോഗതി നേടിയത്‌. ചെന്നൈ അനുദിനം പുരോഗതിയിലേക്ക്‌ കുതിക്കുന്നത്‌. ഈ രീതിയില്‍ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട്‌ കേരളത്തെ ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി മാറ്റാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്‌ കഴിയുമായിരുന്നു. പക്ഷെ, അതുണ്ടായില്ല.




ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമായി കേരളം മാറിയില്ല അല്ലെങ്കില്‍ ഒരുലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കേരളത്തിന്റെ സ്വപ്നപദ്ധതി നടപ്പിലായില്ല എന്നതുമാത്രമല്ല ഈ വഞ്ചനകൊണ്ട്‌ സംഭവിച്ചിട്ടുള്ളത്‌. സ്മാര്‍ട്ട്‌ സിറ്റി നടപ്പിലായാല്‍ അതമായി ബന്ധപ്പെട്ട്‌ ഉണ്ടാകുമായിരുന്ന കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും കേരളത്തിന്റെയും വിപുലമായ വികസനസാധ്യതയാണ്‌ കേവലം 12 ഏക്കറിന്റെ തര്‍ക്കത്തില്‍ ഇവരെല്ലാം ചേര്‍ന്ന്‌ അട്ടിമറിച്ചിരിക്കുന്നത്‌. സ്വപ്നപദ്ധതിയുടെ നഷ്ടത്തിനൊപ്പം ഈ നഷ്ടവും ചേര്‍ത്ത്‌ വായിക്കുമ്പോഴാണ്‌ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിന്റെയും ജനവഞ്ചനയുടെയും ആഴം വ്യക്തമാവുകയുള്ളു.
സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്‌ തളിരിട്ട വികസന പദ്ധതികളായിരുന്നു കൊച്ചി - മൂവാറ്റുപുഴ - കോട്ടയം - അങ്കമാലി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ആറുവരിപ്പാത, മെട്രോ റെയില്‍, എയര്‍പോര്‍ട്ട്‌ - സീപോര്‍ട്ട്‌ പാത പൂര്‍ത്തീകരണം, കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും റോഡുകളുടെ വികസനം തുടങ്ങിയവ. ഈ പദ്ധതികളും സ്മാര്‍ട്ട്‌ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലം കണക്കെ അവഗണനയുടെ കാടുപിടിച്ച്‌ കിടക്കുകയാണ്‌.





കൊച്ചി വിമാനത്താവളത്തിന്റെ മാതൃകയില്‍ അടിസ്ഥാന സൗകര്യമേഖലയുടെ സമഗ്രവികസനത്തിനായി വിദേശമലയാളികളുടെ നിക്ഷേപം സ്വീകരിച്ച്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്‌ (ഇന്‍കെല്‍) എന്നൊരു കമ്പനിക്ക്‌ രൂപം നല്‍കിയെങ്കിലും തുടര്‍ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. സ്മാര്‍ട്ട്‌ സിറ്റി മാതൃകയില്‍ ഫുഡ്‌ സിറ്റി സ്ഥാപിക്കാനുള്ള നീക്കവും ഗര്‍ഭഛിദ്രത്തിന്‌ വിധേയമായി. ഐടി, വിദ്യാഭ്യാസം, വാണിജ്യം, ടൂറിസം എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കി 5000 കോടി രൂപ മുതല്‍മുടക്കില്‍ ശോഭ ഗ്രൂപ്പ്‌ പ്രഖ്യാപിച്ച ഹൈടെക്ക്‌ സിറ്റിയും അകാലത്തില്‍ പൊലിഞ്ഞു.




കൊച്ചിയില്‍ 250 ഏക്കറില്‍ ഇലക്ട്രോണിക്‌ വ്യവസായത്തിന്‌ പ്രത്യേക സാമ്പത്തിക മേഖലയും വ്യവസായ വികസനകോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്ത്‌ മെഡിക്കല്‍ സിറ്റിയും തുടങ്ങുമെന്ന്‌ വ്യവസായ മന്ത്രി എളമരം കരീം പ്രവാസി ഭാരതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 'ജനറം' (ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍) അനുസരിച്ച്‌ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കോടികളുടെ പദ്ധതികളും വിഭാവനം ചെയ്തിരുന്നു.




കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യമുപയോഗിച്ച്‌ 12 മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂന്ന്‌ പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. ഗാര്‍ഹിക മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ സംസ്കരിക്കുന്നതുമുതല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒട്ടോമൊബെയില്‍ - ഇലക്ട്രോണിക്‌ മാലിന്യങ്ങളുടെ സംസ്കരണം വരെ ഉള്‍പ്പെടുന്നതായിരുന്നു ഈ പദ്ധതി. ആലങ്ങാട്‌, അങ്കമാലി, തൃക്കാക്കര, കുരീക്കാട്‌, ഉദയംപേരൂര്‍ എന്നിവടങ്ങളില്‍ ഉപഗ്രഹനഗരപദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനിച്ചിരുന്നതാണ്‌. ഈ തീരുമാനങ്ങളും പദ്ധതികളും ഇപ്പോള്‍ ജലത്തില്‍ വരച്ച വര പോലെയായിരിക്കുന്നു. ഇതിനെല്ലാം കാരണം സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പിലാക്കുന്നതില്‍ വന്ന പരാജയമാണ്‌.




ടീകോം കമ്പനിയുടെ പിടിവാശി മാത്രമല്ല കേരളത്തിന്റെ സ്വപ്നപദ്ധതിയെ ഇല്ലായ്മ ചെയ്ത്‌ ഇടതുമുന്നണിക്കുള്ളിലും സിപിഎമ്മിനുള്ളിലുമുണ്ടായിരുന്ന വിഭാഗീയത സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നാമ്പടപ്പിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഈ പദ്ധതി നടപ്പിലായാല്‍ അതിന്റെ ക്രെഡിറ്റ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‌ ലഭിക്കുമെന്ന്‌ തിരിച്ചറിഞ്ഞവര്‍, മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെ എങ്ങനെ അട്ടിമറിച്ചോ അതിലും ക്രൂരമായാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ പാരവെച്ചത്‌. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തോട്‌ ഒട്ടിനില്‍ക്കുന്ന ധനമന്ത്രിയുടെ നിലപാടുകളും സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ വിഘാതങ്ങളായിട്ടുണ്ട്‌. ഒരു നാടിന്റെ വികസനമല്ല അതിജീവന - അധികാര രാഷ്ട്രീയത്തിന്റെ അശ്ലീലതയ്ക്കാണ്‌ കേരളത്തിലെ വിപ്ലവ നേതാക്കന്മാര്‍ പ്രാമുഖ്യം കൊടുക്കുന്നത്‌ എന്നതും സ്മാര്‍ട്ട്‌ സിറ്റിയുടെ ഉന്മൂലനത്തിന്റേ മറ്റൊരു ഘടകമാണ്‌. നിന്ദ്യമായ വ്യക്തിവിദ്വേഷങ്ങളും നീചമായ സാമ്പത്തിക താല്‍പ്പര്യങ്ങളും സിപിഎം നേതാക്കളെ കീഴടക്കിയപ്പോള്‍ തന്നെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ഭാവിയെന്താകുമെന്ന്‌ വ്യക്തമായതാണ്‌. ഒരു സര്‍ക്കാരിന്‌, അതിനെ വോട്ട്‌ ചെയ്ത്‌ അധികാരത്തിലേറ്റിയ സമ്മതിദായകരെ എത്ര കഠോരമായി വഞ്ചിക്കാം എന്നതിന്റെ എന്നത്തേയും വലിയ ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി.


സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ തറക്കില്ലിട്ടതിന്റെ മൂന്നാം വാര്‍ഷിക ദിനമായ നവംബര്‍ 16-ാ‍ം തിയതി പദ്ധതി പ്രദേശത്ത്‌ കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹ്നാന്റെ നേതൃത്വത്തില്‍ റീത്ത വച്ച്‌ കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധിച്ചപ്പോള്‍
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP