Friday, 3 September 2010

കടല്‍

ജെയ്‌നി

മനസ്സ്‌
ഒരു കടലാണ്‌
മറഞ്ഞിരിക്കുന്ന മുത്തും
പവിഴവുമളക്കാനാകാതെ..
നീന്തിത്തുടിക്കുന്നത്‌
പരലോ സ്രാവോ എന്നറിയാനാവാതെ
എത്രയോ കപ്പലുകളാണ്‌
തുറമുഖമണയുകയും
യാത്രയാവുകയും ചെയ്യുന്നത്‌..?



അതിവേഗബോട്ടുകള്‍
തിരകളെ ക്രൂരമായി കീറിമുറിച്ചുകൊണ്ട്‌..
പങ്കായമേന്തി കൊച്ചു
രാഗങ്ങള്‍ മൂളി വഞ്ചികള്‍...
ഇക്കടലിന്നാഴങ്ങളളക്കാ-
നാര്‍ക്കാണാവുക?




അന്തര്‍വാഹിനി പോലെ
അഗാധതയിലേക്കാര്‍ക്കാ-
ണൂളിയിടാനാകുക...?
മനസ്‌ കടലാണ്‌...
ഇരുണ്ടു കൂടി, കറുത്ത്‌..
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്നു,
ഹുങ്കാരനാദത്തോടെ
ക്രൗര്യം നിറഞ്ഞ മുഖത്തോടെ



ചിലപ്പോഴൊക്കെ നിറഞ്ഞ ശാന്തത..
ഭീതിപ്പെടുത്തുന്ന നിശബ്‌ദത..
പലതും ഒളിപ്പിച്ചു വച്ചും
പലതും മുന്നിലേക്കിട്ടു തന്നും...
ശാന്തസമുദ്രം പോലെ..
ചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
മുത്തു കവരുന്നവനെ പ്രഹരിച്ചും..
മനസും ഒരു കടല്‍ പോലെ...
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP