Sunday, 18 July 2010

ഗവി ദൈവത്തിന്റെ സ്വന്തം ഗ്രാമം-1

ഡോ. സി.ടി ബാബുരാജ്‌

വളരെ നാളായി ഗവി ഒരു മോഹമായി മനസ്സില്‍ കൂടിയിട്ട്. സമയക്കുറവും പിന്നെ പ്രത്യേക യാത്രാനുമതി വേണമെന്ന അറിവും ഒക്കെ യാത്ര നീട്ടി നീട്ടിക്കൊണ്ടുപോയി. അവസാനം അവിടെ പോയിട്ടു തന്നെ കാര്യം എന്നു നിശ്ചയിക്കുകയായിരുന്നു. എന്നാലും എങ്ങിനെയാണ്‍ പോകുന്നത് എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. അപ്പോഴാണ്‍ പഴയൊരു മാതൃഭൂമി യാത്രയില്‍ ഗവിയെപ്പറ്റിയൊരു ലേഖനം ഉണ്ടായിരുന്നത് ഓര്‍ത്തത്. കൈയ്യിലിരുന്ന പഴയ മാഗസീനുകള്‍ തപ്പി. ഉദ്ദേശിച്ച ‘യാത്ര’ കിട്ടിയില്ല. പക്ഷെ. അതിന്റെ അടുത്ത ലക്കം ലഭിച്ചു. ഭാഗ്യം. അതിലൊരു ഗവി ‘കോണ്ടാക്റ്റ് നമ്പര്‍’ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്‌ക്കേ പക്ഷേ വിളിക്കാന്‍ പറ്റൂ. ഗവിയില്‍ ഫോണ്‍ റേഞ്ചില്ല. അതിനാല്‍ വൈകിട്ട് ആരെങ്കിലും റേഞ്ചുള്ള സ്ഥലത്ത് വന്നു നില്‍ക്കും.

‘യാത്ര’ സാമാന്യം പഴയത് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വൈകിട്ട് ഒരു അഞ്ചരയായപ്പോള്‍ വിളിച്ചു, രക്ഷയില്ല. വീണ്ടും ആറു കഴിഞ്ഞപ്പോള്‍ ശ്രമിച്ചു. ഭാഗ്യം ആളുണ്ട്. സാധാരണ പല കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചാല്‍ കിട്ടുന്നതിലും കൃത്യവും മാന്യവുമായ മറുപടി. നമ്മളുദ്ദേശിച്ച ദിവസം അവിടെ മുറി ഒഴിവുണ്ട്. സ്വാഗതം. കുമളിയിലുള്ള അവരുടെ ഫ്രണ്ട് ഓഫീസിന്റെ നമ്പറ് തന്നു. അവിടെ വിളിച്ച് ബുക്ക് ചെയ്യണം.

(ഒരു കാര്യം പറയാന്‍ വിട്ടു. ഗവിയിലെ സന്ദര്‍ശനത്തിന്റെ ചുമതല വനം വകുപ്പിന്റെ ഉപ വിഭാഗമായ വനം വികസന കോര്‍പ്പറേഷനാണ്‍. അവരുടെ വക ഗ്രീന്‍ മാന്‍ഷന്‍ എന്നൊരു റിസോര്‍ട്ടുണ്ട്. അതു കേന്ദ്രമാക്കിയാണ്‍ ഗവി ടൂറിസം പ്രവര്‍ത്തിക്കുന്നത്.)
From Gavi
ഗ്രീന്‍ മാന്‍ഷന്‍

കുമളിയില്‍ വിളിച്ചു. വളരെ നല്ല പ്രതികരണം. രണ്ടു മൂന്നു തരം പാക്കേജ് ഉണ്ട്, പകല്‍ സമയം മാത്രം തങ്ങാം, അല്ലെങ്കില്‍ ഒരു മുഴുവന്‍ ദിവസമാകാം, അതു വേണമെങ്കില്‍ കാട്ടിനുള്ളിലെ ഫോറസ്റ്റ് റ്റെന്റിലുമാകാം. മുഴുവന്‍ ദിവസ പാക്കേജ് ആകാമെന്നു വെച്ചു. കാട്ടിലെ ട്രക്കിങ്ങ്, ബോട്ടിങ്ങ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, വൈല്‍ഡ് ലൈഫ് സഫാരി, മൂന്ന് നേരത്തെ ഭക്ഷണം, വെല്‍കം ഡ്രിങ്ക്, ഗൈഡ് എല്ലാം ഉള്‍പ്പടെ യാണ്‍ പാക്കെജ്. സന്ദര്‍ശകരുടെ വിവരങ്ങള്‍ നേരത്തെ നല്‍കണം. നമ്മള്‍ ചെല്ലുന്ന വാഹനത്തിന്റെ നമ്പരും മുങ്കൂട്ടി കൊടുക്കണം. (ചെക്ക് പോസ്റ്റില്‍ ഏര്‍പ്പാടാക്കാനാണ്‍.) പകുതി തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം.

( ഇവ്വിധമല്ലാതെ, ചെക്ക് പോസ്റ്റില്‍ അനുവാദം വാങ്ങിയും ഗവി സന്ദര്‍ശിക്കാം. പക്ഷെ അതത്ര എളുപ്പമാണെന്നു തോന്നുന്നില്ല. ‘കണക്ഷന്‍സ്’ വേണ്ടി വരും. പിന്നെ ഒരു മാര്‍ഗ്ഗമുള്ളത് - കുമളി പത്തനംതിട്ട റൂട്ടില്‍, ഗവി വഴി കെ. എസ്. ആറ്. ടി. സി ബസ്സുണ്ട്. ദിവസം നാല്‍ സര്‍വ്വീസ്. അതും ഗവി കാണാനുള്ള നല്ലൊരു വഴി തന്നെ, തീര്‍ച്ചയായും ആ യാത്ര ഒരു അനുഭവമാകും)


ഗവി പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും, അവിടെ എത്താന്‍ നല്ലത് ഇടുക്കി ജില്ല്ലയിലെ വണ്ടിപെരിയാര്‍ വഴിയാണ്‍. വണ്ടിപെരിയാറ് നിന്ന് ഏകദേശം 26 കിലോമീറ്റര്‍ വള്ളക്കടവ് വഴി ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ സ്ഥലമായി. റോഡ് മോശമില്ല, കാറുകള്‍ക്ക് സുഖമായി സഞ്ചരിക്കാം. എന്നാല്‍ പത്തനംതിട്ട വഴിയാണ്‍ വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജീപ്പ് പോലത്തെ വാഹനങ്ങള്‍ വേണ്ടിവരും.

ഗവിയിലെ ഗ്രീന്‍ മാന്‍ഷനില്‍ രാവിലേയും വൈകിട്ടും ചെക്കിന്‍ ചെയ്യാം. രാവിലേ തന്നെ എത്താം എന്നു കരുതി ഞങ്ങള്‍ വെളുപ്പിനേ പുറപ്പെട്ടു. ഏകദേശം എട്ടുമണിയായപ്പോള്‍ വണ്ടിപ്പെരിയാറെത്തി. ടൌണ്‍ കഴിഞ്ഞ് തൊട്ടടുത്ത ജങ്ഷനില്‍ നിന്ന് വലതു തിരിഞ്ഞ് വള്ളക്കടവ് വഴി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ജനവാസപ്രദേശം വഴിയാണ്‍ യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു വലിയ കമാനം ചെക്ക്പോസ്റ്റിലുണ്ട്. ഇതു വഴിയുള്ള പ്രവേശനം വളരെ നിയ്ന്ത്രിച്ചാണ്‍. സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ ചെക്ക്പോസ്റ്റില്‍ നല്‍കി യാ‍ത്ര തുടര്‍ന്നു.




From Gavi

വള്ളക്കടവ് ചെക്ക് പോസ്റ്റ്


കാട്ടിനുള്ളില്‍ കൂടിയാണ്‍‍ ഇനി യാത്ര. വീതി കുറവും വളവും തിരിവും ഉണ്ടെങ്കിലും നല്ല വഴി. കുണ്ടും കുഴിയും ഒന്നും ഇല്ല. വളരെ ഭംഗിയുള്ള പല സ്ഥലങ്ങളും കണ്ടു, പക്ഷെ പത്തു മണിക്ക് മുന്‍പ് സ്ഥലത്തെത്തണമെന്ന് കരുതിയതു കൊണ്ട് എങ്ങും ഇറങ്ങിയില്ല. മാത്രമല്ല യാത്രാമദ്ധ്യേ വാഹനത്തിനു പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം വള്ളക്കടവില്‍ നിന്ന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിലും മുന്‍പേ ഞങ്ങള്‍ ഗവിയിലെത്തി.

ഗവി ഡാമും, റിസര്‍വോയറും, അതിന്റെ കരയിലുള്ള പൂന്തോട്ടവും ചേരുന്നതാണ്‍ പ്രധാന ഭാഗം. പൂന്തോട്ടത്തിന്‍ അഭിമുഖമായി റോഡിന്റെ മറുവശത്താണ്‍ ഗ്രീന്‍ മാന്‍ഷന്‍. മാന്‍ഷന്റെ പിന്‍ ഭാഗം വനമാണ്‍. പ്രധാന കെട്ടിടത്തിന്റെ സമീപം തന്നെ പുതിയ ഒരു അനെക്സും പണി ചെയ്തിട്ടുണ്ട്.

From Gavi


ചെക്കിന്‍ ചെയ്ത്, മുഖം ഒക്കെ ഒന്നു കഴുകിയപ്പോഴേക്കും പറഞ്ഞിരുന്ന ഗൈഡ് എത്തി. കുമാര്‍ എന്നാണ്‍ പേര്‍. കുമാര്‍ ഗവിക്കാരന്‍ തന്നെയാണ്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴരായിരുന്നു. ( ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴരെ പുനരധിവസിപ്പിച്ച സ്ഥലമാണ്‍ ഗവി. അവര്‍ക്ക് വേണ്ടി അവിടെ ഏലത്തോട്ടം സര്‍ക്കാര്‍ തുടങ്ങുകയായിരുന്നു. ഏകദേശം 300 കുടുംബക്കാരെ അവിടെ കുടിയിരുത്തി.) കുമാര്‍ വിദ്യാഭ്യാസം നടത്തിയത് പുനലൂരാണ്‍. അതിനു ശേഷം വെല്‍ഡിങ്ങ് പഠിച്ച് എറണാകുളത്ത് കുടിവെള്ള പദ്ധതിയില്‍ വെല്‍ഡറായി ജോലിനോക്കുകയായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ്‍ ഗവിയില്‍ ടൂറിസം പദ്ധതി വരുന്നത്.

കുമാര്‍ അന്ന്ത്തെ പരിപാടിയുടെ ഒരു ഏകദേശരൂപം തന്നു. ആദ്യം ട്രക്കിങ്ങിന്‍ പോകാം. നമ്മുടെ താല്പര്യം അനുസരിച്ച് ട്രക്കിങ്ങ് നിശ്ചയിക്കാം, രണ്ടു മണിക്കൂറോ ആറു മണിക്കൂറോ ആകാം. കുട്ടികള്‍ ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് ചെറിയ യാത്ര മതി എന്നു വെച്ചു. റിസര്‍വോയറിന്‍ മറുകരയിലാണ്‍ ട്രക്കിങ്ങിനുള്ള കാട്. കുമാര്‍ ബോട്ടിറക്കി രണ്ടു തവണയായി ഞങ്ങളെ മറുകരയെത്തിച്ചു. പുള്ളി ഒരു ബാക്ക്പാക്കില്‍ വെള്ളവും ബിസ്ക്കറ്റും കരുതിയിരുന്നു. അല്‍പ്പദൂരം ഈറ്റക്കാട്ടിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ല കാടായി. പലയിടത്തും ആനപ്പിണ്ഡം കിടക്കുന്നുണ്ട്. മിക്കവാറും ആനയെക്കാണാന്‍ പറ്റും അപൂര്‍വ്വമായ് ചിലപ്പോള്‍ കടുവയേയോ കരടിയേയോ കാണാം എന്നു കുമാര്‍ പറഞ്ഞു. അപകടമുണ്ടോ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍, നമ്മള്‍ ഉപദ്രവിക്കാതിരുന്നാല്‍ അവയും ഉപദ്രവിക്കില്ല എന്നായിരുന്നു മറുപടി.

From Gavi
ട്രക്കിങ്ങ് തുടങ്ങുന്നു. കുമാര്‍ അമരത്ത്.

കാട് അതിന്റെ വന്യ്‌സൌന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. ഭീമാകാരനായ ഒരു വൃക്ഷം കണ്ടു. ഒരു രണ്ടു തെങ്ങിന്റെ പൊക്കം കാണും, രണ്ടാള്‍ക്ക് പിടിക്കാന്‍ വീതിയും. അത് കറുവാപ്പട്ട മരമാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. കുമാറതിന്റെ പട്ട അല്‍പ്പം ഇളക്കി തന്നു, വാസ്തവം! പിന്നീട് കുന്തിരിക്കം മരവും കണ്ടു.

From Gavi
കറുവാപ്പട്ട മരം




From Gavi
കുന്തിരിക്കം
വേനലായിരുന്നതിനാല്‍ മൃഗങ്ങള്‍ അധികം പുറത്തേക്ക് വരുന്നില്ല. ഗവി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം മഴക്കാലത്തിനു ശേഷമുള്ള തോറ്ച്ചയാണ്‍, ഓണക്കാലം. ഞങ്ങള്‍ വന്ന സമയം ശരിയായില്ല എന്നു തോന്നി. പക്ഷെ കാട്ടില്‍ അട്ടയുടെ ശല്യം കുറവുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഒന്നും രണ്ടും കടി കിട്ടി. രക്തം വരുമ്പോഴേ നമ്മള്‍ അറിയൂ.

കാടിന്‍ ഓരോ സ്ഥലത്തും ഓരോ രീതിയാണ്‍. അടുത്തടുത്തുള്ള ഈ ഭാവപ്പകര്‍ച്ച കൌതുകമായി. ഇവിടെ വന്മരങ്ങളാണെങ്കില്‍ അപ്പുറത്ത് ഈറ്റക്കാടുകള്‍, അതിനടുത്ത് പുല്‍മേട് ഇങ്ങനെ. കുറച്ച് കരിംകുരങ്ങുകളെ കണ്ടു, അതു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു മൃഗക്കാഴ്ച. അധികം മൃഗങ്ങളെ കാണാനായില്ലെങ്കിലും വനയാത്ര ഒരു അനുഭവം തന്നെ.


From Gavi

‘വൈല്‍ഡ് ലൈഫ്’

ഉച്ചയ്ക്ക് ഒന്നരയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഭക്ഷണം തയ്യാറായിരിക്കുന്നു. താഴെ ഗാര്‍ഡനിലാണ് റസ്റ്റുറന്റ്. ബുഫെ രീതിയിലാണ്‍. വൃത്തിയും രുചിയുമുള്ള വെജിറ്റേറിയന്‍ ഊണ്‍. ഊണ് കഴിച്ച് അല്‍പ്പസമയം വിശ്രമിച്ചപ്പോഴേക്കും കുമാറെത്തി. ബോട്ടിങ്ങിന്‍ സമയമായി.

തടാകത്തില്‍ ജലനിരപ്പ് താഴ്ന്നാണ്‍. കരയുടെ പച്ചപ്പിനും ജലനിരപ്പിനും ഇടയില്‍ വളരെ വീതിയില്‍ മണ്ണു തെളിഞ്ഞിരിക്കുന്നു. (മുന്‍പ് ഇടുക്കിക്ക് പോകുമ്പോള്‍ കുളമാവ് റിസര്‍വോയറില്‍ ഇങ്ങനെ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു വിഷമം തോന്നുമായിരുന്നു.) താഴെ പമ്പയില്‍ വെള്ളം കിട്ടാനായി (ശബരിമല മാസപൂജ സമയമായിരുന്നു.) റിസര്‍വോയര്‍ തുറന്നു വിട്ടതുകൊണ്ടാണ്‍ ജലനിരപ്പ് ഇത്ര താഴ്ന്നതെന്ന് കുമാര്‍ പറഞ്ഞു. തുഴയുന്ന തരം ബോട്ടാണ്‍. സുരക്ഷ മുന്‍രുതലായ് ലൈഫ് ജാക്കറ്റ് ഒക്കെയുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി രണ്ടു ബോട്ട് വേണ്ടിവരും. കുമാറിനെ സഹായിക്കാന്‍ വേറൊരാളെത്തി. ത്യാഗരാജന്‍. അദ്ദേഹം 35 വര്‍ഷമായി ഗവിയിലാണ്‍ താമസം.

From Gavi





From Gavi

താമസത്തിനു കിട്ടുന്ന ഫോറസ്റ്റ് ടെന്റ്



From Gavi


തടാകത്തില്‍ ധാരാളം മരക്കുറ്റികളുണ്ട്. ജലനിരപ്പ് കുറവായതിനാല്‍ അവ കൃത്യമായി കാണാം, ആയതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ബുദ്ധിമുട്ടില്ല. ഒരിക്കല്‍ ഈ കുറ്റികള്‍ നീക്കംചെയ്യാന്‍ ആലോചിച്ചിരുന്നത്രെ, പക്ഷെ പ്രകൃതിസ്നേഹിയായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ്‍ വേണ്ടെന്നു വെച്ചത്. തടാകത്തിലെ പക്ഷികള്‍ക്കു വേണ്ടി ആ നിലപാടെടുത്ത അദ്ദേഹത്തിന്‍ എന്റെ അഭിവാദനങ്ങള്‍. മിക്കവാറും എല്ലാ കുറ്റികളിലും കൊക്കുകളുണ്ട്. താറാവിന്റെ രൂപവും ഒരു തത്തയുടെ അത്രമാത്രം വലിപ്പവുമുള്ള ഒരു തരം പക്ഷി തടാകത്തില്‍ നീന്തി നടക്കുന്നതു കണ്ടു. നീരൊഴുക്കുള്ള സമയം തടാകക്കരയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ തന്നെ തടാകക്കരയില്‍ ധാരാളം ആനകളും മാനുകളും മേയാനുമെത്തുമത്രെ!

ബോട്ടിങ്ങിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ചായ തയ്യാര്‍. ഇനി മുറിയിലെത്തി അല്‍പ്പം വിശ്രമം. വൈകിട്ട് അഞ്ചരയ്ക് തിരിച്ചെത്താം എന്നു പറഞ്ഞ് കുമാര്‍ പോയി. ഗ്രീന്‍ മാന്‍ഷന് ഇരിക്കുന്ന മലയുടെ പിന്‍ശം ചുറ്റി മുകളില്‍ ചെന്നാല്‍ ശബരിമല കാണാമത്രെ. വൈകിട്ടത്തെ പരിപാടി അവിടെ.

From Gavi


നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP