Saturday, 10 April 2010

ഉഷ്ണമേഖല-പ്രസീദ പത്മയുടെ കവിത

ഉഷ്ണമാപിനികളെപ്പോലും ചുട്ടുനീറ്റിച്ച്‌
കൊടിയ വേനലിന്റെ തീ,ത്തിറയാട്ടം.
ഹിംസ്രാത്മകമാ,മാര്‍ത്തി ആവണപ്പലകയിട്ടിരുത്തിയ
മുജ്ജന്മശാപത്തിന്റെ കൊടുംതപനം.

മഴുമുറിപ്പാടിലൂടെ കൃപവറ്റിപ്പോയ
ക്രുദ്ധ ഋതുപ്പകര്‍ച്ച...!

(മഴുവാല്‍ വീണ്ടെടുത്ത മണ്ണിന്‌
മഴുവാ,ലന്ത്യോദകം...!!)

ഇവിടെ, തൊണ്ടവരണ്ട്‌ നാമിങ്ങനെ...

പാതിയി,ലാവിയാകുന്ന ഭൂപാളം,
പെയ്യാതെ മായുന്ന മേഘമല്‍ഹാര്‍,
കട്ടകീറിപ്പിളര്‍ക്കുന്ന കുളുര്‍ത്തടങ്ങള്‍,
ചുരത്താതെ വലിയുന്ന മുലക്കണ്ണുകള്‍,
കരിഞ്ഞു പൊട്ടുന്ന ഇഴയടുപ്പങ്ങള്‍,
കാട്ടുതീയാളുന്ന പച്ചപ്പുല്‍പ്പുറങ്ങള്‍,
കയ്പ്പായ്ത്തിളയ്ക്കും സ്വസ്ഥതയുടെ വെള്ളങ്ങള്‍,
വെണ്ണീറാകുന്ന ഈന്തപ്പനത്തണലുകള്‍....

ഇടയില്‍, ഉമിനീരുവറ്റിക്കിതച്ച്‌ നാമിങ്ങനെ....

43 ഡിഗ്രി സെല്‍ഷ്യസ്‌ സമം
109.4 ഡിഗ്രി പനി; ക്രിട്ടിക്കല്‍..!
നാഡീവേരുപടലങ്ങളെ പൊള്ളിച്ച്‌
ഭ്രമകല്‍പ്പനക്കനലുകള്‍...
ധമനീ മൃദുലതയെ ചീന്തിപ്പായും
ആന്റിബയോട്ടിക്കിന്റെ സുരതാവേഗം...
കോശനീരി,ലൂറി,യുറഞ്ഞു പടരും
സെപ്റ്റിസീമിയ...
കീലോയിഡായ്‌ കറുത്തു തിണര്‍ക്കും
ഇഞ്ചക്ഷന്‍ മുറിവുകള്‍..
ആസന്നമൃത്യു;
ആത്മശാന്തിയറിയാതെ ഭൂമിയും നമ്മളും

ശതകോടിസൂര്യന്മാ-രെരിയു,മുള്‍ത്താപം
ജ്വരമായ്‌ മൂര്‍ച്ഛിച്ച്‌
ഞാനിവിടെ...
നെറുകില്‍,
ഹരിചന്ദനക്കുളിരാകേണ്ട
നീയെവിടെ...?

1 comment:

  1. it is too good. anukalika prasakthiyulla kavitha.mazhuval veendetutha manninu
    mazhuvalandhyodakam
    valare arthapoornavum bhangiyarnnathumaya varikal..
    Congrats..

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP