Friday, 1 January 2010

സ്ത്രീധനവും കടക്കെണിയിലായ പതിനെട്ട്‌ ലക്ഷം കുടുംബങ്ങളും

ടൈറ്റസ്‌ കെ. വിളയില്‍

സ്ത്രീധനവുമായുള്ള പാരസ്പര്യത്തില്‍, 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന പരസ്യവാക്യവും സാക്ഷരരും രാഷ്ട്രീയാവബോധവുമുള്ളവരാണ്‌ കേരളീയരെന്ന അഭിമാനവും ലജ്ജിച്ച്‌ തലതാഴ്ത്തുന്ന അവസ്ഥയാണ്‌ കേരളത്തിലുള്ളത്‌. സംസ്ഥാനത്തെ 18 ലക്ഷം കുടുംബങ്ങള്‍ സ്ത്രീധനം കൊടുത്ത്‌ കടക്കെണിയിലായെന്ന വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടാണ്‌ മലയാളികളുടെ, മ്ലേച്ചത നിറഞ്ഞ മറ്റൊരു മനസ്സ്‌ അനാവരണം ചെയ്യുന്നത്‌. കേരളത്തില്‍ നടക്കുന്ന 94 ശതമാനം വിവാഹങ്ങളും സ്ത്രീധനം കൊടുത്തുള്ളവയാണെന്നും സ്ത്രീധനനിരോധനനിയമം പ്രാബല്യത്തില്‍ വന്ന്‌ 40 വര്‍ഷം കഴിഞ്ഞിട്ടും നിയമലംഘകരായി ഞെളിഞ്ഞുനടക്കുകയാണ്‌ കേരളത്തിലെ സമ്പന്നരും ഇടത്തരക്കാരും സാധുക്കളുമായ നവ വധൂവരന്മാരെന്നും ഈ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.



സ്ത്രീധന സമ്പ്രദായത്തിന്‌ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്‌. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെ
ട്ട്‌ ഗോത്രവര്‍ഗങ്ങളായി കഴിഞ്ഞ കാലത്ത്‌ വിവാഹം കഴിച്ചയയ്ക്കുന്ന പെണ്‍കുട്ടികളുടെ ഭൗതിക സാഹചര്യങ്ങള്‍ക്ക്‌ കോട്ടം സംഭവിക്കരുത്‌ എന്നുകരുതി അന്നുള്ളവര്‍ നല്ല ലക്ഷ്യത്തോടെ നടപ്പിലാക്കിയ ആ സമ്പ്രദായമാണ്‌ ഇന്ന്‌ കേരളത്തിലെ പതിനെട്ട്‌ ലക്ഷം കുടുംബങ്ങളെ കടക്കെണിയിലാഴ്ത്തിയിരിക്കുന്നതെന്ന്‌ പറയുമ്പോള്‍ സ്ത്രീധന സമ്പ്രദായത്തിന്‌ എന്തോ മാരകമായ പിഴവുകളുണ്ട്‌ എന്നുതന്നെയാണ്‌ അര്‍ത്ഥം.



മനുഷ്യന്‍ പുരോഗമി
ക്കുകയും പുതിയ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തുകയും പുരുഷനൊപ്പം സ്ത്രീയും പ്രവര്‍ത്തിമണ്ഡലങ്ങളില്‍ മികവോടെ വ്യാപരിക്കുകയും ചെയ്യുന്ന ഈ കാലത്തും സ്ത്രീധനം ലഭിച്ചെങ്കില്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന്‌ ശഠിക്കുന്ന യുവാക്കള്‍ സമൂഹവിരുദ്ധരാണെന്ന്‌ ഈ പതിനെട്ട്‌ ലക്ഷം കുടുംബങ്ങളുടെ ദാരുണാവസ്ഥ പ്രഖ്യാപിക്കുന്നു. പവന്‍ കണക്കിന്‌ പൊന്നും ലക്ഷക്കണക്കിന്‌ രൂപയും തന്നിലെങ്കില്‍ താന്‍ വിവാഹം കഴിക്കുകയില്ല എന്ന്‌ വാശിപിടിക്കുന്ന യുവതികളും ഈ ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളികളാണെന്നും സ്ഥാപിക്കുന്നു.


വിവാഹം കഴിയുന്നതോടെ സ്ത്രീയും പുരുഷനും പുതിയ ഒരു കുടുംബയൂണിറ്റായി മാറുന്നു എന്നത്‌ നേരാണ്‌. അവര്‍ക്ക്‌ അവരുടെ അതിജീവനത്തിന്‌ ഭൗതീക സാഹചര്യങ്ങള്‍ അനുപേക്ഷണീയവുമാണ്‌. എന്നാല്‍ അത്‌ പെണ്‍കുട്ടിയുടെ പിതാവ്‌ നിര്‍ബന്ധമായും ഒരുക്കണമെന്ന്‌ ആവശ്യപ്പെടുന്നിട
ത്താണ്‌ സാമൂഹിക തിന്മ കടന്നെത്തുന്നത്‌. അധ്വാനിച്ച്‌ സ്വന്തം ഭാര്യയ്ക്ക്‌ ചെലവിന്‌ കൊടുക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ പുരുഷനെന്ന്‌ പറഞ്ഞ്‌ നടക്കുന്നതിന്‌ എന്തഭിമാനമാണ്‌ യുവാക്കള്‍ക്കുള്ളതെന്ന്‌ ചിന്തിപ്പിക്കാന്‍ കൂടി ഉതകുന്നതാണ്‌ ഈ പതിനെട്ട്‌ ലക്ഷം കുടുംബങ്ങളിലെ കണ്ണീരും നിശ്വാസവും. ഒന്നറിയണം 18 ലക്ഷം പെണ്‍കുട്ടികളുടെ വീടുകളാണ്‌ ഇത്തരത്തില്‍ കടക്കെണിയിലായിട്ടുള്ളത്‌. ബന്ധങ്ങള്‍ക്ക്‌ ഏറെ പവിത്രത കല്‍പ്പിക്കുന്ന ഒരു നാടും സമൂഹവുമാണ്‌ മലയാളിയുടേത്‌. ദാമ്പത്യമെന്ന ഹ്രസ്വകാല ആനന്ദത്തിനും പിന്നീടുള്ള പ്രശ്ന കലുഷിതമായ ജീവിതത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും കണ്ണീരിലും കടക്കെണിയിലും ആഴ്ത്തുന്നത്‌ ധാര്‍മ്മീകമായി ശരിയാണോ എന്ന്‌ ചിന്തിക്കേണ്ടത്‌ യുവതികളാണ്‌.


തന്റെ പിതാവിന്റെ സാമ്പത്തിക സ്ഥിതിക്ക്‌ അപ്പുറത്തുള്ള സ്ത്രീധനം ആവശ്യപ്പെടുന്ന ചെറുപ്പക്കാരനെ ഭര്‍ത്താവായി സ്വീകരിക്കുകയില്ല എന്ന്‌ പ്രതിജ്ഞയെടുക്കാന്‍ വിദ്യാസമ്പന്ന
രും തൊഴിലുമുള്ള മലയാളിപെണ്‍കുട്ടികള്‍ നട്ടെല്ല്‌ പ്രദര്‍ശിപ്പിക്കണമെന്നാണ്‌ ഈ 18 ലക്ഷം കുടുംബങ്ങള്‍ ആവശ്യപ്പെടുന്ന സാമൂഹിക ബാധ്യത.
സ്ത്രീധന നിരോധനിയമം പാസാക്കിയിട്ടുണ്ടെങ്കില്‍ സ്ത്രീധനസമ്പ്രദായം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക തിന്മയാണെന്ന്‌ അര്‍ത്ഥം. മോഷണം പോലെ, കൊലപാതകം പോലെ വ്യഭിചാരം പോലെ ശിക്ഷിക്കപ്പെടേണ്ട കുറ്റം. എന്നിട്ടും ഈ നിയമലംഘനം നടത്താ
ന്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മാതാപിതാക്കളും ബന്ധുക്കളും തയ്യാറാകുമ്പോള്‍ ആദ്യം ശിക്ഷിക്കപ്പെടേണ്ടത്‌ ഇവരൊക്കെത്തന്നെയാണ്‌. ഒപ്പം ഇവര്‍ക്ക്‌ നേതൃത്വം നല്‍കുന്ന മത-സാമുദായിക നേതാക്കന്മാരെയും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കേണ്ടതാണ്‌.



സ്ത്രീധനസമ്പ്രദായം തെറ്റായ ഒരു ക്രമമാണെന്ന്‌ അനുഭവത്തിലൂടെ വ്യക്തമായതുകൊണ്ടാണല്ലോ അതിനെതിരെ നിയമം പാസാക്കിയിട്ടുള്ളത്‌. എന്നിട്ടും ലക്ഷങ്ങളും കോടികളും സ്ത്രീധനം നല്‍കുന്ന സമ്പന്ന വിവാഹങ്ങള്‍ അനുഗ്രഹിക്കാനും അത്യാഢംബരപൂര്‍വമുള്ള വിവാഹ ചടങ്ങിലും സത്കാരങ്ങളിലും പ
ങ്കുകൊള്ളാനും നമ്മുടെ സാമുദായ- മത നേതാക്കന്മാര്‍ക്ക്‌ ഉളുപ്പൊട്ടുമില്ല. ദൈവവിശ്വാസികളെന്ന്‌ അവകാശപ്പെടുകയും ദൈവത്തിന്‌ നിരക്കാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ മത സംവിധാനത്തെ കൂടി കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടതാണെന്നും 18 ലക്ഷം കുടുംബങ്ങളുടെ അനുഭവം ആവശ്യപ്പെടുന്നുണ്ട്‌.


ഇവിടെ വലിയൊരു വൈരുധ്യമുണ്ട്‌. പൂച്ചയ്ക്കാര്‌ മണികെട്ടും എന്ന പഴമൊഴിയിലെ സമസ്യതന്നെയാണ്‌ വനിതാക്കമ്മീഷന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 40 വര്‍ഷം പഴക്കമുള്ള ഈ നിയമമനുസരിച്ച്‌ സ്ത്രീധനം ചോദിച്ചതിനെതിരെ ഇതുവരെ പരാതിപ്പെട്ടിട്ടുള്ളത്‌. 71 പേരാണ്‌. അതായത്‌ കടക്കെണിയില്‍ പെട്ട 18 ലക്ഷവും അല്ലാത്ത കുറേ ലക്ഷവും കുടുംബങ്ങളില്‍ സ്ത്രീധനം കൊടുത്ത്‌ വിവാഹം നടത്തിയതില്‍ 71 പേര്‌ മാത്രമാണ്‌ ഈ തിന്മയ്ക്കെതിരെ സംസാരിച്ചതെന്ന്‌ സാരം.


ഇവിടെ നിയമത്തിന്റെ ദുര്‍ബലാവസ്ഥകൂടി തിരിച്ചറിയേണ്ടതുണ്ട്‌. സ്ത്രീധനം വാങ്ങുന്നതും കൊടു
ക്കുന്നതും നിരീക്ഷിക്കാനും പരാതികള്‍ സ്വീകരിക്കാനുമുള്ള ഡൗറി പ്രൊഹിബിഷന്‍ (സ്ത്രീധന നിരോധന ഓഫീസര്‍) നിലവില്‍ സംസ്ഥാനത്ത്‌ മൂന്നിടത്ത്‌ മാത്രമേയുള്ളു. ഇത്തരം ഓഫീസര്‍മാരെ പ്രാദേശിക അടിസ്ഥാനത്തില്‍ നിയമിക്കണമെന്നാണ്‌ വനിതാക്കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍, നിലവിലുള്ള ഓഫീസര്‍മാര്‍ക്ക്‌ മുന്നിലെത്തിയ പരാതികള്‍ വിരലിലെണ്ണാവുന്നതാണെന്ന്‌ നേരത്തെ കണ്ടു. ഇതില്‍ തന്നെ മിക്കതിലും കോടതിയിലെത്തുന്നതിന്‌ മുമ്പ്‌ പരാതിക്കാര്‍ തന്നെ കൂറുമാറുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്ന്‌ വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.


സ്ത്രീധനം എന്ന ഈ സാമൂഹിക വിപത്ത്‌ അംഗീകരിച്ചുകൊണ്ട്‌ വിവാഹിതരാകുന്ന പെണ്‍കുട്ടികളെയാണ്‌ പിന്നീട്‌ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ശാരീരികമായും സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കുന്നത്‌. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ചെയ്തി കറകളഞ്ഞ ക്രൂരകൃത്യമാണെങ്കില്‍ പോലും ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. വര
ന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ത്രീധനം വിവാഹത്തിന്‌ മുമ്പ്‌ തന്റെ പിതാവിന്‌ കൊടുക്കാന്‍ കഴിയുകയില്ല എന്നറിഞ്ഞിട്ടും വിവാഹത്തിന്‌ തയ്യാറാകുന്ന പെണ്‍കുട്ടികളാണ്‌ യഥാര്‍ത്ഥത്തില്‍ സ്ത്രീധനപീഡനത്തിന്റെ കാരണക്കാര്‍. തന്റെ പിതാവിന്‌ താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവച്ച്‌ വിവാഹത്തിനൊരുങ്ങുമ്പോള്‍ എന്തുകൊണ്ടാണ്‌ ഇവര്‍ ചുറ്റുപാടും നടക്കുന്ന സ്ത്രീധനപീഡന യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുന്നത്‌? അറിഞ്ഞുകൊണ്ട്‌ തന്നെയും തന്റെ കുടുംബത്തെയും പീഡിപ്പിക്കാനായി കതിര്‍മണ്ഡപത്തിലേക്ക്‌ കാലെടുത്തുവെയ്ക്കുന്ന ഈ യുവതികളോട്‌ യഥാര്‍ത്ഥത്തില്‍ സഹതാപമോ സഹായ മനസ്ഥിതിയോ തോന്നാന്‍ പാടില്ലാത്താത്താണ്‌. കാരണം അറിഞ്ഞുകൊണ്ട്‌ ചെയ്യുന്ന കുറ്റകൃത്യനുള്ള ശിക്ഷ ഇന്ത്യന്‍ ശിക്ഷനിയമത്തിലും കഠിനമാണ്‌. അതുകൊണ്ടുതന്നെ പിതാവിന്റെ സാമ്പത്തിക നിലയ്ക്ക്‌ ഉപരിയായ ആവശ്യം അംഗീകരിച്ചകൊണ്ട്‌ വിവാഹിതയാകുന്ന പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള ശിക്ഷ അനുഭവിച്ചേ തീരു. പക്ഷെ, ഇവരുടെ ഈ തോന്ന്യാസം കാരണം ഒരുകുടുംബം മുഴുവനാണ്‌ ശിക്ഷിക്കപ്പെടുന്നതെന്ന്‌ ഈ പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ്‌ ഇനിയും മനസ്സിലാക്കാത്തത്‌..? അതിനനുസരിച്ച്‌ തീരുമാനങ്ങളെടുക്കാത്തത്‌...?



ഇവിടെ യുവാക്കളുടെ പങ്കും കാണാതിരുന്നുകൂടാ. താന്‍ ആവശ്യപ്പെടുന്ന സ്ത്രീധനം വിവാഹത്തിന്‌ മുമ്പ്‌ തരാന്‍ കഴിയാത്ത പിതാവിന്റെ മകളെ ഭാര്യയാക്കിയ ശേഷം ആ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോള്‍ സുമുഖരെന്നും വിദ്യസമ്പന്നരെന്നും പുറമേയ്ക്ക്‌ കാണു
ന്ന ഈ യുവാക്കള്‍ മാനസികമായി രോഗബാധിതരാണെന്നും വ്യക്തമാകുന്നു. മതസംഘടനകളും സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീധനത്തിനെതിരെ വായ്ത്താരിയിടുന്നതല്ലാതെ തങ്ങളുടെ ഒപ്പമുള്ള യുവാക്കന്മാരെ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നതും കാണാതിരുന്നുകൂട. അതായത്‌ പെണ്‍കുട്ടിയും ആണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും അവരുള്‍പ്പെടുന്ന മതവും സമുദായവും സംഘടനകളും ഒക്കെ ചേര്‍ന്നുകൊണ്ടാണ്‌ ഈ ദുര്‍വൃത്തി തുടര്‍ന്നുപോരുന്നത്‌. ഇതില്‍ തന്നെ ആണ്ട്‌ ജീവിക്കണമോ അതോ അതിനെ എതിര്‍ത്ത്‌ പുതിയൊരു ജീവിതക്രമവും സാമൂഹിക നന്മയും നടപ്പിലാക്കണമോ എന്ന്‌ ചിന്തിക്കേണ്ടത്‌ പുതിയ തലമുറയിലെ യുവതീയുവാക്കളാണ്‌. അതിനുള്ള നെഞ്ചുറപ്പും നട്ടെല്ലുറപ്പും കൂടുതലായി പ്രദര്‍ശിപ്പിക്കേണ്ടത്‌ പെണ്‍കുട്ടികളാണ്‌. അതിന്‌ തയ്യാറായില്ലെങ്കില്‍ സ്ത്രീധനപീഡനത്തിലെ ഇരകളുടെ പട്ടികയില്‍ അവര്‍ക്കും സ്ത്രീധനം കൊണ്ടും മുടിഞ്ഞുപോകുന്ന കുടുംബങ്ങളുടെ കൂട്ടത്തില്‍ അവരുടെ മാതാപിതാക്കള്‍ക്കും സഹോദരീ സഹോരന്മാര്‍ക്കം ഇടം കണ്ടെത്താമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതുകൊണ്ട്‌ ധൈര്യപൂര്‍വം ചിന്തിക്കണമെന്നും തീരുമാനമെടുക്കണമെന്നുമാണ്‌ കേരളത്തിലെ യുവതികളോട്‌ ഈ പതിനെട്ടു ലക്ഷം കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്‌

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP