Tuesday, 17 November 2009

വിരഹാര്‍ദ്ര സന്ധ്യ-ജയ്‌നി പൂമാലയുടെ കവിത


വഹിക്കാനൊരു ദൂതുമില്ലാതെ
കൈമാറാനൊരു കാമുകനുമില്ലാതെ
മേഘങ്ങള്‍ നെടുവീര്‍പ്പിടുന്നുവോ ?
നീന്തിത്തുടിക്കാനന്നമില്ലാതെ
കണ്‍നട്ടിരിക്കാനംഗനയില്ലാതെ
ആമ്പല്‍ക്കുളങ്ങള്‍ തേങ്ങുന്നുവോ ?
ഓ ! അവരിന്നലെ മരിച്ചല്ലോ !
കാക്കകള്‍ വന്നൊരു കൂടും കൂട്ടാതെ
അതിലൊരു കുയിലും മുട്ടയിടാതെ
തേക്കുകളീട്ടിയും ഇലപൊഴിച്ചോ ?


ഓ ! അവരുടെ പൊന്‍മേനിയാലൊരുക്കിയ
കട്ടിലിലല്ലേ ഞാനിന്നലെയുറങ്ങിയത്‌
മുങ്ങാംകുഴിയിട്ടങ്ങോട്ടുമിങ്ങോട്ടും
നീന്തിക്കളിക്കാനൊരു പരലുമില്ലാതെ
ഇന്നീപ്പുഴയ്‌ക്കിടനെഞ്ചിടറുന്നുവോ ?
കതിരുകൊത്താന്‍ കൊച്ചുകിളികളില്ലാതെ
കിളിയാട്ടുവാനൊരു ചെറുമിയുമില്ലാതെ
മുണ്ടകന്‍പാടം കരയുന്നുവോ ?


ഓ! അവയുടെ മാറിലല്ലേ എന്റെ
സ്വപ്‌നസൗധമുയര്‍ത്തിയത്‌ !
അത്തത്തിനെത്താതെ, മുറ്റത്തു
പൂക്കളം തീര്‍ക്കാതെ
തുമ്പയും തുളസിയും മറയുന്നുവോ ?


അവരുടെ ചുടുരക്തമെന്റെ
തൂലികത്തുമ്പില്‍ മഷിയായി!
ഓടിത്തിമിര്‍ക്കുവാനണ്ണാനുമില്ലാതെ
തളിരുണ്ടുപാടുവാന്‍ കിളികളുമില്ലാതെ
മുറ്റത്തെ തേന്മാവു തേങ്ങുന്നുവോ ?


ഓ ! അവയല്ലേ ഇന്നലെയുടെ
ചിതകളായെരിഞ്ഞത്‌ !
ആ ചിതയ്‌ക്കരികില്‍ നിന്നല്ലേ
ഞാന്‍ തണുപ്പകറ്റിയത്‌ ?


അതിന്റെ വെട്ടത്തിലല്ലേ
ഞാനീരടി കുറിച്ചത്‌
ഇവിടെയീ ചുടുകാട്ടിലിത്തിരി
ചാരവും കരിഞ്ഞ സ്വപ്‌നങ്ങളും..
വെളുത്തുള്ളി പൂക്കളുടെ
കനത്ത ഗന്ധവും..
കനച്ച കനവുകള്‍
കവിതകളാകുന്നു..
എനിക്കായൊരുക്കിയോരീ ചൂടും വെളിച്ചവും
നാളെയെന്‍ സ്‌മൃതിക്കായുമുയരുമോ

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP