Friday, 23 October 2009

കവിത -ഹെംലോക്ക്‌*

ജോണ്‍സ്‌ മംഗലത്ത്‌
നൂറ്റാണ്ടുമുമ്പങ്ങു നുരവിട്ട ഹെംലോക്ക്‌
ഈയാണ്ടിലിവിടെയെന്റെയീ മുന്‍പിലുണ്ട്‌
ഗ്രീസിന്റെ മണ്ണിലും ഏഥന്റെ കോണിലും
ഈയെന്റെ നാട്ടിലും എരിയുന്നു ഹെംലോക്ക്‌

കുടിച്ചവര്‍ വിരളം മൃത്യുയിതിലില്ല
വിശ്വാസദൃഡതതന്‍ ദ്രവ്യപ്രഭാവം
സോക്രട്ടീസുതന്‍ അന്നനാളത്തിലേക്കാ-
ജനമെറിഞ്ഞോരമൃതാണു ഹെംലോക്ക്‌

കൊല്ലില്ല ഹെംലോക്ക്‌ മരിച്ചില്ല ചിന്തകന്‍
സത്യപ്രഭാമയനൊരുള്‍പ്പുളകം മാത്രമേ
തത്വമാം സത്യത്തെ വെറ്റിയായ്‌ കാണുന്ന
വിണ്‍ചന്ദ്രശോഭതന്‍ ഹൃത്തുമരിക്കുമോ

യേശുമരിച്ചൊരാ കുരിശിന്റെ നനവിലും
ബുദ്ധന്‍ ഉണര്‍ന്നൊരാ ബോധജ്ഞാനത്തിലും
സോക്രട്ടീസുതന്‍ നാവു രുചിച്ചൊരാ
വിഷമേറും പാനീയവീര്യം നിറയുന്നു.

ബാല്യകാലത്തിന്റെ ബലിയറ്റ സ്‌മരണയില്‍
ഞാനുമിറക്കിയിട്ടുണ്ടീനല്ലയമൃതിനെ
കാലം കഴുകനെ പോലെന്റെ ഹൃത്തിനെ
കാഴ്‌ചകള്‍ കാട്ടാന്‍ തുടങ്ങുമതിന്‍ മുന്‍പ്‌

സത്യം പറയണമതിനായി മരിക്കണമെ-
ന്നുള്ള ചിന്തകളുള്ളം പുകച്ചനാള്‍
മരിച്ചതില്ലന്നു ഞാന്‍ മരപ്പിമില്ലന്നെനി-
ക്കെന്‍ മനസ്സിന്റെ മന്ദാര സത്യപ്രകാശനം

അന്നം കഴിച്ചിടാന്‍ അര്‍ത്ഥത്തെക്കൂട്ടുവാന്‍
ഇന്നത്തെ പാരിലൊരു ഭീരുവായ്‌ കഴിയുവാന്‍
ലജ്ജവഹിക്കുവാനാ അറിവരുതെന്നു
ഇന്നെന്റെ ലോകമിരമ്പിയാര്‍ത്തീടുന്നു

നാഗം നീട്ടിയ നാറുന്നൊരാ കനി
എന്നെന്റെ പൂര്‍വ്വികര്‍ നാവിനാല്‍ നക്കിയോ
ആ നാറ്റമിന്നെന്റെ നിത്യനിവേദ്യത്തെ
നീറ്റുന്നു നീറുന്നു നിന്ദ്യമെന്‍ ചുണ്ടുകള്‍

നന്മകള്‍ തിന്മകള്‍ തീന്മേശനിറയുമ്പോള്‍
നടുവിലുറങ്ങുന്നു നുരയുന്ന ഹെംലോക്ക്‌
മനസ്സിന്റെ മരണവും മലിനരാ മനുജരും
മരവിപ്പിച്ചൊരെന്‍ കണ്ണുകള്‍ക്കിന്നന്യം

ആരിറക്കിടുന്നു ആന്ധേയമമൃതിനെ
ആര്‍ക്കായിടുന്നു അതിലേക്കലിയുവാന്‍
അവില്ലെന്നാകിലുമീയെന്റെ ഉള്ളമതു, ആത്മാ-
വിനാലെന്നും കേണുമോഹിച്ചിടുന്നു

അന്നൊരാ നാളിലാ അന്ധകാരമുറി-
ക്കുള്ളിലന്നാജനം നീട്ടിയൊരാവിഷം
ഇന്നെന്റെ മുന്‍പിലും നിറയുന്നു കോപ്പയില്‍
നീളുന്നു നിത്യവും നിറമുള്ള കുമിളകള്‍

നൂറ്റാണ്ടു മുമ്പങ്ങു നുരവിട്ട ഹെംലോക്ക്‌
ഈയാണ്ടിലിവിടെന്റെയീമുമ്പിലുണ്ട്‌. * സോക്രട്ടീസിനു വധശിക്ഷ നല്‌കിയത്‌ `ഹെംലോക്ക്‌' എന്ന വിഷം നല്‍കിയാണ്‌.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP