
പി. സിയാബ് കടവല്ലൂര്‍ തൃശൂര്‍
എന്റെ സ്കൂള്‍ ജീവിതത്തില്‍ ഓര്‍ത്തു വെക്കേണ്ടാതായിട്ടുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവരുടെയും സ്കൂള്‍ ജീവിതത്തില്‍ ഒത്തിരി മധുരമുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കാം, ചിലപ്പോള്‍ അതു നേരിയ നൊമ്പരം ഉളവാക്കുന്നതായിരിക്കും പിന്നീട് നമ്മള്‍ അതിനെക്കുറിച്ച് ഒക്കെ ഓര്‍ക്കുമ്പോള്‍ അറിയാതെ തന്നെ ആ കാല ഘട്ടത്തിലേയ്ക്ക് സഞ്ചരിക്കും . പഴയ ഓര്‍മ്മകള്‍ എല്ലാം പൊടിതട്ടിയെടുക്കും ചിലപ്പോള്‍ നമ്മള്‍ ഒക്കെ നമ്മുടെ പഴയ സൌഹ്രദങ്ങളെ എല്ലാം ഓര്‍ക്കും,ആ ഓര്‍മ്മകള്‍ എല്ലാം പിന്നീടുള്ള നമ്മുടെ ജീവിതത്തില്‍ പലരീതിയില്‍ സ്വാധീനിക്കപ്പെടും എന്റെ അനുഭവം അങ്ങനെയായിരുന്നു.
ഇവിടെ എന്റെ സ്കൂള്‍ ജീവിതത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ ഒന്നും ഇല്ലെങ്കിലും മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന രണ്ടു സംഭവങ്ങള്‍ ആണ് . ഒരെണ്ണം എന്നും ചിരിക്കു വക നല്‍കുന്നതും മറ്റൊന്ന് എന്റെ മനസിനെ ഏറെ വേദനിപ്പിക്കുന്നതും ആണ്. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആണ് രണ്ടും. പക്ഷേ അതിന്റെ അനന്തരഫലം എന്താകും എന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല. കടവലൂര്‍ ഗവ: ഹൈ സ്കൂളിലെ എന്റെ പഠനകാലം . അഞ്ചാം ക്ലാസ്സില്‍ ആയിരുന്നല്ലോ ഞാന്‍ ചേര്‍ന്നത്. 5 D ആയിരുന്നു എന്റെ ക്ലാസ്സ് . നാലു വരെ ഒപ്പം പഠിച്ച കൂട്ടുകാര്‍ എല്ലാം പല ഡിവിഷനു കളിലെയ്ക്ക് മാറിപ്പോയിരുന്നു. കുറച്ചു പേര്‍ മാത്രം ആയിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്. പുതിയ ക്ലാസ്സില്‍ വെച്ചു എനിക്കു കുറെ പുതിയ കൂട്ടുകാരെ കിട്ടി. രഞ്ജിത് ,സുരേഷ്, പ്രസാദ് ,ധന്യ, അമ്പിളി, രാജീവ് ,തുടങ്ങി കുറച്ചു നല്ല ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇവരോടെല്ലാം ഇപ്പോഴും ഞാന്‍ ബന്ധം തുടരുന്നുണ്ട് . ഇവരൊക്കെ ഇപ്പോള്‍ പലസ്ഥലങ്ങളില്‍ ആണ് എങ്കിലും ഒപ്പം പഠിച്ചവരുമായുള്ള ബന്ധം ഇന്നും സൂക്ഷിക്കുന്നു. അഞ്ചാം ക്ലാസ്സില്‍ എനിക്കു ഏറ്റവും അടുപ്പം ഉള്ള കൂട്ടുകാരന്‍ രഞ്ജിത് ആയിരുന്നു. കടവലൂര്‍ സ്കൂള്‍ ജീവിതത്തില്‍ എനിക്കു ആദ്യമായി കിട്ടിയ കൂട്ടുകാരന് ! ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളിലേക്കുള്ള വരവും പോക്കും. വൈകുന്നേരം അവന്റെ വീട്ടില്‍ പോയി കാപ്പിയൊക്കെ കുടിച്ചതിനു ശേഷമായിരിക്കും എന്റെ വീട്ടിലേക്കു പോവുക. അവന്റെ വീട്ടുകാരും എന്റെ ഉപ്പയും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു. അതു കൊണ്ട് അവന്റെ വീട്ടില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവന്റെ അമ്മമ്മയ്ക്ക് എന്നോട് വലിയ കാര്യമായിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു പോന്നു. സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ക്ലാസ്സിനെ പ്രതിനിധീകരിച്ചു ജയിച്ചു ക്ലാസ്സ് ലീഡര്‍ ആയതു അവനായിരുന്നു. അഞ്ചാം ക്ലാസ്സിലെ പഠനം ഞങ്ങള്‍ ആഘോഷിച്ചു തീര്‍ത്തു. ഒരുവര്‍ഷം കടന്നു പോയത് അറിഞ്ഞില്ല. ആറാം ക്ലാസ്സിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്റെ അച്ഛനും കൊച്ചച്ചനും ഒക്കെ ഗള്‍ഫിലായിരുന്നു ജോലി.
ഒരുദിവസം രഞ്ജിത് വന്നു എന്നോട് പറഞ്ഞു അവന്റെ കൊച്ചച്ചന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ട്. ഇന്ന് വീട്ടില്‍ വന്നാല്‍ ഒരു സാധനം തരാം എന്ന്. അങ്ങനെ അന്ന് വൈകുന്നേരം സ്കൂല്‍ വിട്ടു ഞങ്ങള്‍ ഒരുമിച്ചു അവന്റെ വീട്ടിലേക്കു പോയി. വീട്ടില്‍ ചെന്നു ചായയൊക്കെ കുടിച്ചതിനു ശേഷം അവന്‍ എന്നെ അവന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി, കിട്ടാന്‍ പോകുന്ന സമ്മാനവും പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ അവന്റെ പുറകെയും പോയി. മുറിയില്‍ കടന്നയുടനെ അവന്‍ വാതിലും ജനലുമൊക്കെ അടച്ചു കുറ്റിയിട്ടു. എനിക്കൊന്നും മനസ്സിലായില്ല. അവന്‍ പതുക്കെ ഒരു പാക്കറ്റ് എന്റെ നേര്‍ക്ക് നീട്ടി. ഇരുട്ടില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു പാക്കറ്റ് 555 സിഗരറ്റ് ആയിരുന്നു. ഞാന്‍ അതിലേക്കു നോക്കി പകച്ചിരിക്കുമ്പോള്‍ അവന്‍ കൂളായി നിന്ന് സിഗരറ്റ് വലിക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി. അവന്‍ ഒരു സിഗരറ്റ് കത്തിച്ചു എനിക്കു തന്നു. ഞാന്‍ അതു ചുണ്ടില്‍ വെച്ചപ്പോഴേക്കും ആകെ ചുമച്ചു ശബ്ദമുണ്ടായി. അതുകേട്ട് അവന്റെ അമ്മമ്മ ഓടിവന്നു വാതില്‍ തട്ടി വിളിച്ചു ,വാതില്‍ തുറന്ന അമ്മമ്മ കണ്ടത് ആകെ പുകനിറഞ്ഞു നില്‍ക്കുന്ന റൂമില്‍ ഉള്ള ഞങ്ങളെയാണ്. സിഗരറ്റും പിടിച്ചു നില്‍ക്കുന്ന ഞങ്ങളെ കണ്ടു. ആകെ ദേഷ്യം വന്ന അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയ അടിയുടെ ചൂട് ഇന്നും ഓര്‍മയുണ്ട്. ആ ഒറ്റ കാര്യത്തോട് കൂടി ജീവിത്തില്‍ പിന്നെ സിഗരറ്റ് തൊട്ടിട്ടില്ല. ആറാം ക്ലാസ്സില്‍ വെച്ചു തന്നെ പഠിപ്പ് നിര്‍ത്തിപ്പോയ രഞ്ജിത് പിന്നെ അവന്റെ സ്വന്തം ബിസിനസ്സിലേക്ക് തിരിഞ്ഞു ഇപ്പോള്‍ കോട്ടക്കലില്‍ അറിയപ്പെടുന്ന സ്വര്‍ണ വ്യാപാരിയാണ്.സ്നേഹിച്ച മുറപ്പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കുന്നു .ഇന്നും ഞങ്ങളുടെ ബന്ധം തുടര്‍ന്ന് പോകുന്നു. സ്കൂള്‍ ജീവിതത്തില്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന രസകരമായ ഒരു സംഭവമാണ് ഇത്.
എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു സംഭവം ഞാന്‍ കാരണം സ്കൂളില്‍ നിന്നും പഠിപ്പ് നിര്‍ത്തിപ്പോയ സുഭാഷിന്റെ കാര്യത്തിലാണ്. . എന്നും വേദനോയോടെ മാത്രമേ ഈ കാര്യത്തെ ഓര്‍ക്കാന്‍ കഴിയു. ഇന്നും അവനെ കാണുമ്പൊള്‍ എന്റെ മനസില്‍ ആ സംഭവം ഓര്മ വരും. അവന്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് അവന്‍ സ്കൂളില്‍ നിന്നും പഠിപ്പ് അവസാനിപ്പിച്ചത്. പക്ഷേ അതു ഞാന്‍ കൂടി ഉള്‍പെട്ട കാര്യത്തിലാണ്,
എന്റെ ഹൈ സ്കൂള്‍ പഠന കാലം ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. ക്ലാസ്സില്‍ നന്നായി പഠിക്കുന്നതോടൊപ്പം മറ്റു കാര്യങ്ങളിലും സജീവമായിരുന്നു. അതു കൊണ്ട് അധ്യാപകരുടെയിടയിലും എനിക്കു നല്ല സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. സ്കൂളിലെ എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ സജീവമായിരുന്നു. അങ്ങനെ അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു.
ഒരുദിവസം വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി , നല്ല മഴയുള്ള ദിവസമായിരുന്നു. പാടവരമ്പിലൂടെ നടന്നു വേണം വീട്ടിലേക്കു എത്താന്‍, കൂടെ വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വരമ്പിലൂടെ നടന്നുപോകുമ്പോള്‍ വീഴാന്‍ പോയ പെണ്‍കുട്ടിയെ ഞാന്‍ പിടിച്ചു കയറ്റി. പുറകില്‍ വരുന്നുണ്ടയിരുന്ന സുഭാഷും കൂട്ടുകാരും ഇത് കണ്ടു ചിരിച്ചു, പിറ്റേദിവസം സ്കൂളില്‍ എത്തിയപ്പോഴേക്കും കൂടെയുണ്ടായിരുന്ന സഹപാഠികള്‍ എല്ലാം ഈ സംഭവത്തിന്റെ പേരില്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. സഹികെട്ട ഞാന്‍ സാറിന്റെ അടുത്ത് പരാതി പറഞ്ഞു . അടുത്ത പീരീഡ് ക്ലാസ്സ് എടുക്കാന്‍ വന്ന സര്‍ ഈ സംഭവം അവനോടു ചോദിക്കുകയും ഒരുപാടു അടിക്കുകയും ചെയ്തു. അന്ന് ഉച്ചകഴിഞ്ഞ് അവന്‍ വീട്ടിലേക്കു പോകുകയും ചെയ്തു. കൂടെയുള്ളവര്‍ ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ എന്നെ നോക്കാന്‍ തുടങ്ങി.
പിറ്റേദിവസം അവനും അവന്റെ വീട്ടുകാരും കൂടി സ്കൂളില്‍ എത്തി പരാതി പറഞ്ഞു എങ്കിലും അധ്യാപകര്‍ അതൊന്നും ചെവികൊണ്ടില്ല . അവന്റെ ഭാഗത്തെ തെറ്റ് അവര്‍ അവന്റെ വീട്ടുകാരെ മനസ്സിലാക്കി കൊടുത്തു . പക്ഷേ അവന്‍ പിന്നീട് ഒരിക്കലും ക്ലാസ്സില്‍ വന്നില്ല . അവന്‍ പഠിപ്പ് നിര്‍ത്തി ജോലിക്ക് പോയിത്തുടങ്ങി. ഞാന്‍ കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് പഠിപ്പ് നിര്‍ത്താനായി ഒരു കാരണം അന്വോഷിചിരിക്കുകയായിരുന്നു എന്ന് . അന്നത്തെ ആ പ്രായത്തില്‍ അതു പിന്നെ വലിയ കാര്യമായി എടുക്കുകയും ചെയ്തില്ല. പക്ഷേ അവന്‍ പിന്നീട് ഒരിക്കലും ഒരു ദേഷ്യവും കാണിച്ചിട്ടില്ല , എന്റെ നാട്ടിലുള്ള ഒരു നല്ല സുഹൃത്തായി ഇന്ന് എന്റെ ഒപ്പം ഉണ്ട്. പക്ഷേ ഇപ്പോള്‍ ആ കാര്യത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ഒരുപാടു വേദന തോന്നാറുണ്ട് .ഞാന്‍ കാരണം ഒരാളുടെ പഠനം മുടങ്ങിയതില്‍ , പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത ഒരു കാര്യത്തിന്റെ പേരില്‍ സുഭാഷ് നിനക്ക് എന്നോട് ദേഷ്യം ഉണ്ടെങ്കില്‍ മാപ്പ് !
Siyab is the one who in media spotlight few month back...rite?
ReplyDeleteAnyways nice article.......