അഴിമതിയും അനീതിയും കള്ളപ്പണവും പോലെ തന്നെ, ഒരുവേള അതിലുപരി ശക്തമായും സംഘടിതമായും, എതിര്‍ക്കപ്പെടേണ്ടതാണ് പൗരന്റെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ലംഘിക്കുന്നതും പൗരനെ തീവ്രവാദിയായി ചിത്രീകരിച്ച് കള്ളക്കേസില്‍ കുടുക്കി തടവിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുന്നതും. ഈ മൃഗീയതയ്ക്കെതിരെ ഉയര്‍ന്ന സ്ത്രൈണ-ധീര പ്രതിഷേധമാണ് ഇറോം ശര്‍മ്മിള. പക്ഷേ, അത് തിരിച്ചറിയാനും അംഗീകരിക്കാനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിയാത്ത വിധം 'അര്‍ബനൈസ്ഡ്- എലീറ്റ്-സ്നോബു'കളായി പരിണമിച്ചു കഴിഞ്ഞു ഇന്ത്യയിലെ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും.ഇതാണ് എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ട ഏറ്റവും ദുഷ്ടതനിറഞ്ഞ അഴിമതി.അതിനു മനസ്സില്ലതെയാണ് വാര്‍ത്താ പ്രാധാന്യമുള്ള അണ്ണാ ഹസാരയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കവലകള്‍ തോറും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി അഴിമതി വിരുദ്ധരെന്ന് മേനി നടിക്കുന്നത്. ഇന്ത്യന്‍പൗരസമൂഹത്തിന്റെ രാഷ്ട്രീയ-സാമുഹിക പ്രതിബദ്ധതയുടെയുടെ ദൂഷിത ദ്വന്ദ്വമാണ് ഇത് വ്യക്തമാക്കുന്നത്. ഫെഡറല്‍ സ്വഭാവമാണ് ഇന്ത്യയ്ക്കുള്ളതെന്ന് അവകാശപ്പെടുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് കീടങ്ങളെപ്പോലെ ചത്തൊടുങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കുവേണ്ടി പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ചെറിയൊരു സ്വരമുയര്‍ത്താന്‍ പോലും കഴിയാത്ത വിധം നാം എങ്ങനെയാണ് ഇത്രയ്ക്ക് ഇഡിയറ്റുകളായത്..!?