Showing posts with label കല-സംസ്‌കാരം. Show all posts
Showing posts with label കല-സംസ്‌കാരം. Show all posts

Thursday, 20 January 2011

എഴുത്തുവിളക്കില്‍ ഒരു ദിവസം

ജെയ്‌നി

കേരള
സാഹിത്യ അക്കാദമിയുടെ എഴുത്തുവിളക്ക്‌ സംസ്ഥാന യുവസാഹിത്യ ശില്‍പശാല പറശ്ശിനിക്കടവ്‌ ഐഎസ്‌എം അങ്കണത്തിലാണ്‌ നടന്നത്‌. ഞാനും സിജു രാജാക്കാടുമാണ്‌ ഇടുക്കിയെ പ്രതിനിധീകരിച്ചത്‌. ഡിസംബര്‍ 18, 19, 20 തീയതികളിലായി നടന്ന ശില്‍പശാലയില്‍ 14 ജില്ലകളില്‍ നിന്നുമായി 100 ഓളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു. 19-ാം തീയതി ഞായറാഴ്‌ചയാണ്‌ സാംസ്‌കാരികപര്യടനം ക്യാമ്പിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരുന്നത്‌.




പറശ്ശിനിക്കടവ്‌ മുത്തപ്പന്റെ ക്ഷേത്രം സന്ദര്‍ശിക്കുക എന്നതും ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോഴേ മനസിലുണ്ടായിരുന്ന ലക്ഷ്യമായിരുന്നു. 7.30 ന്‌ മുന്‍പ്‌ അമ്പലത്തില്‍ പോകാനുള്ളവര്‍ പോയി മടങ്ങിയെത്തണമെന്ന്‌ പറഞ്ഞിരുന്നു. കാരണം 8 മണിക്കാണ്‌ ഞങ്ങളുടെ പര്യടനം ആരംഭിക്കേണ്ടത്‌. രാവിലെ 6.45 ഓടെ ഞാനും രാജിയും കൂടി അന്വലത്തിലേക്കു പോയി. ഇരുവശങ്ങളും കശുമാവും മറ്റും നിറഞ്ഞ വിജനമായ വഴിയിലൂടെ ഞങ്ങള്‍ നടന്നു. പുലരിത്തണുപ്പ്‌ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അമ്പലത്തിനുള്ളിലേക്ക്‌ കടക്കുമ്പോള്‍ ഇരുട്ടു പരന്ന പ്രദേശങ്ങളിലേക്ക്‌ പ്രവേശിക്കുന്നതു പോലെയാണ്‌ തോന്നിയത്‌. രാജിക്കൊപ്പം അകത്തേക്കു കയറുമ്പോഴേ തിങ്ങി നിറഞ്ഞ ജനക്കൂട്ടം കാണാമായിരുന്നു. ഒരു നായക്കുട്ടി എന്തിന്റെയോ മണം പിടിച്ച്‌ ചുറ്റും നടന്നു. അവന്‌ പ്രവേശനമുള്ള ഏകക്ഷേത്രം അതാണല്ലോ. ക്ഷേത്രനിയമങ്ങളെല്ലാം തിരുത്തിയെഴുതപ്പെടുന്നതാണ്‌ നമുക്ക്‌ അവിടെ കാണാനാവുന്ന കാഴ്‌ചയും
.






മുത്തപ്പന്റെ രണ്ട്‌ പ്രതിരൂപങ്ങള്‍ വെള്ളാട്ടവും തിരുവപ്പനയും നേരില്‍ കാണാന്‍ പറ്റി. മുത്തപ്പന്റെ ബാല്യരൂപമാണത്രേ വെള്ളാട്ടം. അവിടെ വഴിപാട്‌ നടക്കുകയായിരുന്നു. 13.25 രൂപയാണത്രേ അവിടത്തെ ഏറ്റവും കൂടിയ വഴിപാടിന്‌. സത്യത്തില്‍ അത്‌ എന്നെ ഞെട്ടിച്ചു. പിന്നെ നേരെ മടപ്പുരയിലേക്ക്‌. പ്രസാദം വാങ്ങികഴിക്കാന്‍ നിരവധി ആളുകള്‍ തിങ്ങിക്കൂടിയിരുക്കുന്നു. വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളുമാണ്‌ പ്രസാദം. അതും എനിക്ക്‌ അത്ഭുതം തന്നെയായിരുന്നു. ആദ്യം കൈയില്‍ കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. രാജിയെ നോക്കിയപ്പോള്‍ ആളൊന്നും മിണ്ടാതെ കഴിക്കുകയാണ്‌. ഞാനും കഴിച്ചു. ക്ഷേത്രത്തിന്‌ പുറത്തേക്കിറങ്ങിയപ്പോള്‍ നീണ്ടുനിവര്‍ന്നൊഴുകുന്ന പറശ്ശിനിപ്പുഴ. സൂര്യന്‍ തന്റെ മാറിലാണിന്നലെ ഒളിച്ചിരുന്നതെന്ന്‌ അല്‍പം അഹങ്കാരത്തോടെ പറശ്ശിനിപ്പുഴ പറഞ്ഞു. പറശ്ശിനിയുടെ മാറില്‍ നിന്നും പ്രകാശവീചികളെ ആകാശത്തിലേക്ക്‌ ചിതറിച്ചുകൊണ്ട്‌ സൂര്യന്‍ ഉയര്‍ന്നു വന്നു. ആളുകള്‍ പുഴയിലിറങ്ങുന്നതും കാല്‍കഴുകി തിരിച്ചു കയറുന്നതും നോക്കി അല്‍പനേരം. പുഴയിലിറങ്ങാന്‍ എന്തോ തോന്നിയില്ല. തിരിച്ചു പോരുമ്പോള്‍ അകത്തേക്കു കയറിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തിരക്ക്‌. വഴിയരികിലിരുന്ന്‌ പിച്ചിപ്പൂ വില്‍ക്കുന്നയാളെ അപ്പോഴാണ്‌ കണ്ടത്‌. ഒരുനിമിഷം തിരിഞ്ഞു നോക്കി. എല്ലാ പെണ്‍കുട്ടികളുടെയും മുടിയില്‍ പിച്ചിപ്പൂവ്‌. ഒരുനിമിഷം പൂ ചൂടണമെന്ന മോഹം എന്നിലും ശക്തമായെങ്കിലും പൈസയൊന്നുമെടുക്കാതെയാണ്‌ പോന്നതെന്ന ഓര്‍മ്മ പൂവ്‌ വേണ്ട എന്ന തീരുമാനത്തിലെത്തിച്ചു. സമയം എനിക്കായി കാത്തുനില്‍ക്കാത്തതിനാല്‍ വേഗം അവിടെനിന്നും മടങ്ങിപോന്നു. മുറിയിലെത്തി; ഐ.ഡി കാര്‍ഡും പേനയും നോട്ട്‌പാഡുമൊക്കെയായി ക്യാമ്പ്‌ ഹാളിലേക്ക്‌. കറാച്ചിപ്പുല്ലുകള്‍ കതിരാട്ടി നില്‍ക്കുന്ന മണ്‍തിട്ടകള്‍ ആകാശത്തെ ആവാഹിച്ചെടുക്കുന്ന വഴിയിലൂടെ നടന്നപ്പോള്‍, ക്യാമ്പ്‌ പറശ്ശിനിക്കടവില്‍ സംഘടിപ്പിച്ചതിന്‌ സാഹിത്യഅക്കാദമിക്ക്‌ മനസില്‍ നന്ദി പറയാതിരിക്കാന്‍ കഴിഞ്ഞില്ല.





ഞങ്ങള്‍ അഞ്ചുപേരായിരുന്നു ഗ്യാംഗ്‌. അളകനന്ദ, പത്മശ്രീ, മിനി ജോണിയെന്ന മിനിചേച്ചി, അനാര്‍ക്കലി. പ്രഭാതഭക്ഷണത്തിനു ശേഷം ഗ്രൂപ്പ്‌ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു. 120 ഓളം ആളുകളെ ഒറ്റഫ്രെയിമിലാക്കുക എന്നത്‌ ശ്രമകരമായ കാര്യമായിരുന്നെങ്കിലും കറാച്ചിപ്പുല്ലുകളെ വകഞ്ഞുമാറ്റി ഞങ്ങളൊറ്റക്കെട്ടായി ഒരു ലെന്‍സിനുള്ളിലേക്കാവാഹിക്കപ്പെട്ടു. പിന്നെ തിരക്കോടു തിരക്കായിരുന്നു. കാരണം ഞങ്ങള്‍ക്കുപോകാനുള്ള രണ്ട്‌ വണ്ടികള്‍ ഞങ്ങളെ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട്‌ നേരം ഒരുപാടായിരുന്നു. ഏറ്റവും പിറകിലെ സീറ്റില്‍ ഞങ്ങളഞ്ചു പേരുംസ്ഥാനം പിടിച്ചു. പിന്നെ പാട്ടും കൈയടിയും ബഹളവും. പത്മശ്രീ തുടങ്ങിയ നാടന്‍പാട്ടിന്റെ അരികുപറ്റി ബസിനുള്ളില്‍ ഓളങ്ങളലയടിച്ചു.






ആദ്യം ഫോക്‌ലോര്‍ അക്കാദമിയിലേക്ക്‌..
.

ചിറക്കല്‍ തടാകത്തിന്‌ അഭിമുഖമായാണ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്‌. ചിറക്കല്‍ രാജകുടുംബത്തിന്റെ കൊട്ടാരമാണ്‌ അത്‌. ചിറക്കല്‍ തടാകം അറക്കല്‍ കുടുംബവും ചിറക്കല്‍ കുടുംബവും പങ്കിട്ടെടുത്തിരുന്നുവെന്ന്‌ അനിതടീച്ചര്‍ പറഞ്ഞു. ഞാനും അനിതടീച്ചറും സതീശ്‌ കെ ശങ്കരനുമായിരുന്നു അപ്പോള്‍ ഞങ്ങളുടെ ഗ്യാംഗില്‍. 1995 ലാണത്രേ ഫോക്‌ലോര്‍ അക്കാദമി രൂപം കൊണ്ടത്‌. സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഫോക്‌ലോറിന്റെ ശേഷിപ്പുകള്‍ കാണാന്‍ തിടുക്കത്തോടെയാണ്‌ ഞങ്ങള്‍ അകത്തേക്കു കയറിയത്‌.





പറശ്ശിനിക്കടവിലെ വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ തെയ്യക്കോലങ്ങളെയാണ്‌ ആദ്യം കണ്ടത്‌. അതിനൊപ്പം നിന്ന്‌ ഫോട്ടോയെടുക്കാന്‍ ചിലരൊക്കെ തിടുക്കം കൂട്ടി. എന്റെ ശ്രദ്ധ പതിഞ്ഞത്‌ മുച്ചിലോട്ട്‌ ഭഗവതിയിലാണ്‌. സ്‌ത്രീശക്തിയുടെ ഭഗവത്‌രൂപം. പുരുഷമേധാവിത്വത്തിനെതിരേ ശബ്‌ദിച്ചയാളാണത്രേ മുച്ചിലോട്ട്‌ ഭഗവതി. അതുകൊണ്ടു തന്നെ അവര്‍ നിത്യകന്യകയായി തുടരുന്നു. അന്ധയായ അവരാണ്‌ സ്‌ത്രീശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവെന്ന്‌ പറയാം. അല്‍പം ആരാധനയോടെയാണ്‌ അവരെ നോക്കിയത്‌. പിന്നെ ഉയര്‍ന്ന കട്ടിളപ്പടികളില്‍ ചവിട്ടി അകത്തളങ്ങളിലൂടെ മുകളിലേക്ക്‌.. ഇരുമ്പ്‌ അലമാരകളാണ്‌ ആദ്യം കണ്ടത്‌. പിന്നെ ഓലക്കുട,
പാളത്തൊപ്പി, ഉരല്‍, ഉറി, കലപ്പ, അങ്ങനെ പഴമയുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശനവസ്‌തുക്കള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു. പലതും പുതുതലമുറക്ക്‌ കേട്ടുകേള്‍വി മാത്രമുള്ളവ. ഞാനും അനാര്‍ക്കലിയും ചേര്‍ന്ന്‌ ഓലക്കുടയൊക്കെ ചൂടി ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു. ഫോട്ടോഗ്രഫര്‍ കൂടിയായ ഞങ്ങളുടെ സഹയാത്രികന്‍ ബിനു ചേട്ടന്‍ ഞങ്ങളെ അദ്ദേഹത്തിന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. ഇടനാഴിയിലുടനീളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 175 ഓളം ഫോട്ടോഗ്രാഫ്‌സാണ്‌ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. മുന്നൂറോളം പാരമ്പര്യത്തനിമ നഷ്‌ടപ്പെടാത്ത വസ്തുക്കള്‍ അവിടെയുണ്ട്‌. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ നാടോടി നാടകം ചിമ്മാനക്കളി മുതല്‍ മുടിയേറ്റ്‌, കുട്ടിത്തെയ്യം, ഗരുഡന്‍ തൂക്കം, അങ്ങനെ നിറം പിടിച്ച ചിത്രങ്ങള്‍ എനിക്ക് ചുറ്റും അണിനിരന്ന്‌ എന്നെ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക്‌ കൊണ്ടുപോയി. ഒരു തലമുറ മുന്‍പേ ജനിക്കാത്തതില്‍ വിഷമം തോന്നിയത്‌ അപ്പോഴാണ്‌. കിളിവാതിലിനു സമീപം അടുക്കിയിരുന്ന പറ, നാഴി, ഇടങ്ങഴി, ഉരി തുടങ്ങിയവയെക്കുറിച്ചെല്ലാം പറഞ്ഞു തന്നത്‌ അനിതടീച്ചറാണ്‌.




പണ
വും പണ്ടവുമെല്ലാം സൂക്ഷിച്ചിരുന്ന ആമാടപ്പെട്ടിയും മുറുക്കാന്‍ ചെല്ലവുമെല്ലാം തുറന്നു നോക്കിയും കണ്ണു നിറയെ അത്ഭുതങ്ങളുടെ കാഴ്‌ചകളെ വീണ്ടും പ്രതീക്ഷിച്ചുമാണ്‌ ഞങ്ങള്‍ പടിയിറങ്ങിയത്‌. പക്ഷേ ഞങ്ങള്‍ക്ക്‌ അവിടെ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിരുന്നു. എങ്കിലും പുറത്തിറങ്ങി ചെറുശ്ശേരി സ്‌മാരക മണ്‌ഡപവും കൂടി കണ്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയുള്ളൂ.

തിരിച്ച് വണ്ടിയില്‍ കയറി പഴയ സീറ്റു പിടിച്ചു. ഗ്രാമഭംഗി അപ്പാടെ നിശബ്‌ദമായി നുകരുകയായിരുന്നു തിരുവനന്തപുരം കാരി അനാര്‍ക്കലി.
പിന്നെ നേരെ പയ്യാമ്പലം ബീച്ചിലേക്ക്‌.

ശാന്തയായ കടല്‍, തിരകളെ തള്ളി കരയിലേക്കു വിടുന്നതും അമ്മയെ വിട്ട് പോകാനിഷ്‌ടമില്ലാത്ത കുഞ്ഞിനെ പോലെ അവ വീണ്ടും തിരികെ പോകുന്നതും ഒരു നിമിഷം വെറുതേ നോക്കി നിന്നു. പിന്നെ ഉപ്പുമാങ്ങയും കാരറ്റും ഐസ്‌ക്രീമുമൊക്കെയായി പൂഴിപ്പരപ്പിലൂടെ നടന്നു. മുടിയിഴകളെ തഴുകി കടന്നുപോയ കാറ്റ്‌ പറഞ്ഞ രഹസ്യം കേള്‍ക്കാനെന്തുകൊണ്ടോ കഴിഞ്ഞില്ല. അനാര്‍ക്കലിയുടെയും സിജുച്ചേട്ടന്റെയും കൂടെയാണ്‌ കടലിലിറങ്ങിയത്‌. ഇറങ്ങാനിഷ്‌ടമില്ലാതെ ബലം പിടിച്ചു നിന്ന സിജുചേട്ടന്റെ കൈപിടിച്ച്‌ വലിച്ച്‌ കടലിലിറക്കിയപ്പോള്‍ കടലിനെ കീഴടക്കിയതിനേക്കാള്‍ സന്തോഷമാണ്‌ തോന്നിയത്‌. തിരസ്‌കാരത്തിന്റെയും ആവാഹനത്തിന്റെയും പ്രതീകമായ കടല്‍, ഒരു ചിപ്പി നിറയെ പ്രണയം എന്റെ കൈകളിലേക്കിട്ടു തന്നു. കൈ നീട്ടിയതു സ്വീകരിക്കും മുന്‍പേ തിരയത്‌ കൊണ്ടുപോയി.




പയ്യാമ്പലം
ബീച്ചില്‍ നിന്നു നേരെ
പോയത്‌ കോഫീഹൗസിലേക്കാണ്‌ . തലപ്പാവു വെച്ച വെള്ളക്കുപ്പായക്കാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു. എഴുത്തുകാരന്‍ ബേബി തോമസിന്റെ മുഖച്ഛായയുള്ള ജോബിച്ചേട്ടനും സുഹൃത്തുമാണ്‌ ഞങ്ങള്‍ക്കെതിരേ ഇരുന്നത്‌. കവിതയെക്കുറിച്ച്‌ ചൂടുള്ള ചര്‍ച്ച. ജോബിച്ചേട്ടന്‍ ചൂടുകാപ്പി മൊത്തിക്കൊണ്ട്‌ എന്റെ കൂടെ ചേര്‍ന്നു. മിനിചേച്ചി നര്‍മ്മം സോസാക്കി കട്‌ലറ്റിനു മേല്‍ വിതറി. പത്മശ്രീ ചിരിച്ചുകൊണ്ട്‌ മിനിചേച്ചിയെ സപ്പോര്‍ട്ട്‌ ചെയ്‌തു.
തണലത്തൊതുക്കിയ വണ്ടിയിലാകെ ബഹളമയം.പാട്ടും ബഹളവുമായി പിന്നെ കണ്ണൂര്‍കോട്ടയിലേക്ക്‌.
എ.ഡി 1507 ല്‍ പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച് സെന്റ്‌ ആഞ്ചലോസ്‌ കോട്ട എന്നു നാമകരണം ചെയ്‌ത കണ്ണൂര്‍ കോട്ട. 1663 ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു ഡച്ചുകാരും 1772 ല്‍ ഡച്ചുകാരില്‍ നിന്ന്‌ 1 ലക്ഷം രൂപയ്‌ക്ക്‌ അറക്കല്‍ രാജകുടുംബവും ഈ കോട്ട വാങ്ങിയെങ്കിലും 1790 ല്‍ ബ്രിട്ടീഷ്‌കാര്‍ ഈ കോട്ട പിടിച്ചെടുത്തു.




ആന ചവിട്ടിപ്പൊളിക്കാതിരിക്കാന്‍ മുള്ളുകള്‍ പിടിപ്പിച്ച ഭീമന്‍ വാതിലുകള്‍ കടന്ന്‌ കോട്ടയ്‌ക്കുള്ളിലെത്തി. സാഹിത്യകാരനും ഗാര്‍ഡുമായ സത്യന്‍ ഇടക്കാട്‌ ഞങ്ങള്‍ക്കു വേണ്ടി കോട്ടയെക്കുറിച്ച്‌ പറഞ്ഞു തന്നു. ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്‌മരിപ്പിക്കും വിധം ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളായി. വാസ്‌കോ ഡ ഗാമയും ചരിത്രത്തിന്റെ കാണാപ്പുറങ്ങളും എന്ന അദ്ദേഹത്തിന്റെ പുസ്‌തകം ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനപ്രദമാണെന്ന്‌ പറയാതെ വയ്യ. അറബിക്കടലിന്‌ അഭിമുഖമായാണ്‌ കോട്ട പണി കഴിപ്പിച്ചിരിക്കുന്നത്‌. കോട്ടയ്‌ക്കുള്ളിലൂടെ സിജുചേട്ടനും മിനിച്ചേച്ചിയ്‌ക്കുമൊപ്പം വെറുതേ നടന്നു. ലായങ്ങളും ജയിലുമെല്ലാം എനിക്ക്അത്ഭുതകാഴ്‌ചകള്‍ തന്നെയായിരുന്നു ‌. കടലിലൂടെ വരുന്ന ശത്രുക്കളെ തുരത്താന്‍ ഭീമന്‍ പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കോട്ടയുടെ കെട്ടുകളില്‍ കയറി നിന്നപ്പോള്‍ തിരമാലകള്‍ പാറക്കെട്ടുകളെ തല്ലിച്ചിരിച്ച്‌ കടന്നു പോകുന്നതും സ്‌ഫടികം കണക്കെ തിരകള്‍ ചിന്നിച്ചിതറുന്നതും കാണാമായിരുന്നു.



ആകാശത്തെ വിഴുങ്ങാനെന്നോണം കടല്‍ച്ചക്രവാളം വായും തുറന്നിരുന്നു. കടല്‍കാക്കകള്‍ വെള്ളത്തിലേക്കൂളിയിട്ടു. തിരിച്ചു പോകാനുള്ള അറിയിപ്പ്‌ വന്നിരിക്കുന്നു. പത്മശ്രീയും അളകനന്ദയും അനാര്‍ക്കലിയുമൊക്കെ പോയിരിക്കുന്നു. ഞാനും മിനിചേച്ചിയും സിജുചേട്ടനും ധൃതിയില്‍ നടന്നു. ഉച്ചകാഴ്‌ചകള്‍ അവസാനിപ്പിച്ചുകൊണ്ട്‌ ഞങ്ങളുടെ വണ്ടി പറശ്ശിനിക്കടവ്‌ ലക്ഷ്യമാക്കി പാഞ്ഞു. അശോകന്‍ ചെരുവിലിന്റെ ശബ്‌ദമാധുര്യത്തിലൂറി വന്ന കവിതക്കു താളം പിടിച്ച്‌ ഞങ്ങളിരുന്നു. പറശ്ശിനിക്കടവ്‌ ഐഎസ്‌എം അങ്കണത്തിന്റെ ഗെയിറ്റ്‌കടന്നകത്തെത്തിയപ്പോഴേക്കും ആരോ സമ്മാനിച്ച പൂവിന്റെ നീലനിറം വാടിത്തുടങ്ങിയിരുന്നു.

(നന്ദി: ഇതെഴുതാന്‍ എന്നെ നിര്‍ബന്ധിച്ച മനോരാജിന്‌, വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച വിജയന്‍ ബിരിക്കുളത്തിനും അനിത ടീച്ചര്‍ക്കും, ഫോട്ടോകളെടുത്തു തന്ന ശബരിച്ചേട്ടനും ബിനുച്ചേട്ടനും, ചിലവ തന്നു സഹായിച്ച ഗൂഗിളിനും)

Wednesday, 22 December 2010

തിരുവാതിര മലയാളി അറിയാതെ പോകുന്ന വാലന്റൈന്‍സ്‌ ഡേ ...

ബി. അമ്പിളി

മലയാളിക്ക്‌ സ്വന്തമായി ഒരു സംസ്‌കാരമുണ്ട്‌, ഭക്ഷണത്തിലും, വസ്‌ത്രത്തിലും, ഭാഷയിലും, ജീവിതരീതിയിലും വേറിട്ടു നില്‍ക്കുന്ന ഒരു സംസ്‌കാരം. ഇന്ന്‌ നമ്മുക്ക്‌ അന്യം നിന്നു പോകുന്നു എന്ന്‌ സഹതപിക്കുന്ന സംസ്‌കാരം. ഇതിനൊപ്പം നമ്മുക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ഒരു അനുഷ്‌ഠാനമാണ്‌ തിരുവാതിര. ആധുനികതയെ പുണരാന്‍ വെമ്പുന്ന മലയാളിക്ക്‌ നഷ്‌ടമാവുന്ന കേരളതനിമയാണ്‌ തിരുവാതിര. സത്രീക്ക്‌ സമൂഹത്തില്‍ എന്നും പ്രഥമസ്ഥാനം നല്‍കിയിരുന്ന കേരള സമൂഹം അവര്‍ക്കായിമാത്രം ആഘോഷിക്കുന്ന ഒരു ദിനം.



കലാരൂപം എന്ന രീതിയിലും അനുഷ്‌ഠാനം എന്ന രീതിയിലും തിരുവാതിര മലയാളിയുടെ ജീവിതചര്യയുമായി വളരെ താതമ്യം പ്രാപിച്ചിട്ടുള്ള ഒന്നാണ്‌. ധനുമാസത്തിലെ തിരുവാതിരയാണ്‌ അനുഷ്‌ഠാനമെന്നപോലെ നമ്മള്‍ ആചരിച്ചു പോരുന്നത്‌. അത്‌ തന്നെ ഓണത്തിനും മറ്റ്‌ വിശേഷാവസരങ്ങളിലും അവതരിപ്പിക്കുമ്പോള്‍ കലാരൂപമായി. അതിന്റെ ചിട്ടകളും, വട്ടങ്ങളും, വസ്‌ത്രധാരണ രീതിയുമെല്ലാം ഒരു മലയാളിയുടെ ദൈനദിന പ്രവര്‍ത്തിയുമായി യോജിച്ചു കിടക്കുന്നു. അടുക്കളയില്‍ ഒതുങ്ങിയിരുന്ന സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായും, സന്തോഷമായും ആഘോഷിക്കാന്‍ കിട്ടിയുരുന്ന ദിവസമാണ്‌ തിരുവാതിര.




അപമാനിതയായ പരമശിവന്റെ പത്‌നി സതിദേവിയുടെ വിയോഗത്തില്‍ കോപിഷ്‌ഠനായി ശിവതാണ്‌ഡവമാടിയശേഷം ഹിമാലത്തില്‍ തപസ്സനുഷ്‌ഠിച്ചു പരമശിവന്‍. യോഗനിഷ്‌ഠയില്‍ കഴിഞ്ഞ പരമശിവനെ തപസ്സിലൂടെ ഭര്‍ത്താവായി നേടിയ ഹിമവല്‍ പുത്രി ശ്രീ പാര്‍വ്വതി എന്ന പതിവ്രതാ രത്‌നത്തെ മാതൃകയാക്കി മലയാളി മങ്കമാര്‍ വ്രതശുദ്ധിയോടെ ആചരിക്കുന്ന അനുഷ്‌ഠാനമാണ്‌ തിരുവാതിര എന്ന ചൊല്ലുണ്ട്‌.




സ്‌ത്രീകള്‍ മംഗല്യ സൗഭാഗ്യത്തിനു വേണ്ടിയും ഭര്‍ത്താവിന്‌ തന്നോടുള്ള സ്‌നേഹവും വിശ്വാസവും നിലനിര്‍ത്തുന്നതിനു വേണ്ടിയുമാണ്‌ തിരുവാതിര ആചരിക്കുന്നത്‌. സഹാനുഭൂതിയുടെയും, സഹിഷ്‌ണുതയുടെയും പ്രതീകമായ സ്‌ത്രീയ്‌ക്ക്‌ ഇവിടെയുമുണ്ട്‌ ആ മുഖം. തിരുവാതിര ദിവസം സ്‌ത്രീകള്‍ നോമ്പ്‌ നോറ്റ്‌ രാത്രിയില്‍ ഉറക്കമിളച്ച്‌ തിരുവാതിര കളിക്കുകയും ദശപുഷ്‌പം ചൂടുകയും ചെയ്യുന്നു. കല്യാണത്തിനു ശേഷം ആദ്യം വരുന്ന ധനുമാസത്തിലെ തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു. ഈ ചടങ്ങുകളിലെ പ്രധാനി ആ പെണ്‍കുട്ടിയായിരിക്കും. കല്യാണം കഴിയാത്തവര്‍ക്കും തിരുവാതിര ആഘോഷമുണ്ട്‌. നല്ല ഭര്‍ത്താവിനെ കിട്ടാനാണത്‌!! എട്ടങ്ങാടി എന്ന പ്രത്യേക ഭക്ഷണം, കരിക്കിന്‍ വെള്ളം, ഉപ്പേരി ഇവയെല്ലാം ഈ നോമ്പിന്‌ കഴിക്കാമെന്നത്‌ മറ്റ്‌ നോമ്പുകളില്‍ നിന്ന്‌ ഇതിനെ വ്യത്യസ്‌തമാക്കുന്നു. നിറഞ്ഞ്‌ നില്‍ക്കുന്ന ആതിര നിലവിലുള്ള തുടിച്ചുകുളിയും, തിരുവാതിര കളിയും സ്‌ത്രീകളുടെ മാത്രം ഈ കൂട്ടായ്‌മയുടെ രസങ്ങളാണ്‌.






ഏതായാലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു ആഘോഷം ഈ ലോകത്തുണ്ടെങ്കില്‍ അത്‌ തിരുവാതിര മാത്രമായിരിക്കും. ആധുനിക തലമുറ കാത്തിരുന്ന്‌ ആഘോഷിക്കുന്ന വാലന്റൈന്‍സ്‌ ഡേയോട്‌ വേണമെങ്കില്‍ ഈ ആഘോഷത്തെ കൂട്ടിചേര്‍ക്കാം. വാലന്റൈന്‍സ്‌ ഡേയില്‍ ഉള്ളതുപോലെ തന്നെ പൂ കൊടുക്കലും ചൂടിക്കലും ഇതിലുമുണ്ട്‌. തിരുവാതിര ദിവസം വീട്ടുപടിക്കല്‍ തയ്യാറാക്കി വച്ചിരിക്കുന്ന ദശപുഷ്‌പം പറിച്ചെടുത്ത്‌ ആദ്യം ഭര്‍ത്താവിനെയും പിന്നെ സ്വയവും ചൂടുന്നത്‌ പാശ്ചാത്യമായാലും പൗരസ്‌ത്യമായാലും സ്‌നേഹത്തിന്റെ പ്രതീകം പൂവായതുകൊണ്ടല്ലെ? ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നത്‌ കുറച്ചിലായി കരുതതുന്ന പരിഷ്‌കൃത സമൂഹത്തിന്‌ ഈ ചടങ്ങ്‌ കാമുകീ കാമുകന്‍മാരിലേക്ക്‌ മാറ്റാം...അങ്ങനെ നമ്മുക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ഈ അനുഷ്‌ഠാനത്തെ പുതുക്കി തിരിച്ചു കൊണ്ടുവരാം...

Saturday, 19 September 2009

മുടിയേറ്റിന്റെ കഥ കേള്‍ക്കൂ

സുനീഷ്‌ മണ്ണത്തൂര്‍
കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന അനുഷ്‌ഠാന കലാരൂപങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ മുടിയേറ്റ്‌. കോല്‍പന്തങ്ങളുടെയും കൊരവപ്പൂക്കളുടെയും ഘനവെളിച്ചത്തില്‍ ഭാവസാന്ദ്രതയും, നടനവൈഭവവും, ചെണ്ടമേളങ്ങളും, വേഷപകര്‍ച്ചകളുമൊക്കെ സമ്മേളിക്കുന്ന പരിപൂര്‍ണ്ണമായ ദൃശ്യാവവിഷ്‌കാരമാണ്‌ മുടിയേറ്റ്‌. കഥകളി, ഗരുഡന്‍തൂക്കം, തീയാട്ട്‌ കളമെഴുത്തുംപാട്ട്‌, തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത്‌ മുടിയേറ്റില്‍ നിന്നാണ്‌.
മുടിയേറ്റിന്റെ കാലപ്പഴക്കം എത്രെയെന്ന്‌ നിശ്‌ചയിക്കാന്‍ പ്രയാസമാണ്‌, ഭദ്രകാളിക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്‌ മുടിയേറ്റ്‌, മുടിയേറ്റ്‌ കൂടാതെ കളമെഴുത്തുംപാട്ടും, ഗരുഡന്‍തൂക്കം, പടയണി, തീയാട്ട്‌ എന്നിവയും ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുണ്ട്‌ ഇവയ്‌ക്ക്‌ മുടിയേറ്റുമായി ഏറെ ബന്ധമുണ്ട്‌. എറ്റുമാനൂരിനടുത്ത്‌ കുറുമള്ളൂരില്‍ 10 ദിവസം മുടിയേറ്റ്‌ നടത്താറുണ്ട്‌, കൂടാതെ എറണാകുളത്തിനടുത്ത്‌ മരട്‌കൊട്ടാരം ക്ഷേത്രത്തിലും, കുണ്ടന്നൂര്‍, പേട്ട, തുടങ്ങി പലസ്ഥലങ്ങളിലേയും മുടിറ്റേ്‌ വളരെ ശ്രദ്ധയാകര്‍ഷിച്ചവയാണ്‌. മണ്‌ഡലകാലത്ത്‌ മുടിയേറ്റ്‌ നടത്താറില്ല, എറ്റവും കൂടുതല്‍ മുടിയേറ്റ്‌ അവതരിപ്പിച്ചു കാണുന്നത്‌ മദ്ധ്യകേരളത്തിലാണ്‌.എറണാകുളംജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ മുടിയേറ്റ്‌ അവതരിപ്പിക്കാറുള്ളതെന്ന്‌ കണക്കാക്കുന്നു, കോട്ടയം, തൃശൂര്‍ ജില്ലയുടെ ചിലഭാഗങ്ങളിലും മുടിയേറ്റ്‌ ഏറെ പ്രശസ്‌തമാണ്‌. മുടിയേറ്റിന്റെ അവതരണ ശൈലി പലസ്ഥലങ്ങളിലും പല ശൈലിയിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഇന്ന്‌ പ്രധാനമായും 4 ശൈലിയിലാണ്‌ മുടിയേറ്റ്‌്‌ നടക്കുന്നത്‌, പാഴൂര്‍, കീഴില്ലം, കൊരട്ടി, മൂവാറ്റുപുഴ എന്നിവയാണ്‌. കാളിയുടെ വരവ്‌, ദാരുകന്റെ വരവ്‌, നാക്ക്‌കടി, ചുട്ടികുത്ത്‌, എന്നിവയിലാണ്‌ പ്രധാനമായും മാറ്റങ്ങള്‍ കാണുന്നത്‌.


കഥകളിപോലുള്ള കലാരൂപങ്ങള്‍ ലോകപ്രശസ്‌തിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മുടിയേറ്റു പോലുള്ള അനവധി കലാരൂപങ്ങള്‍ ഇന്ന്‌ കേരളത്തിലെ ക്ഷേത്രമതിലിനകത്ത്‌ ഒതുങ്ങികൂടുന്നു. വളരെയേറെ ചിട്ടവട്ടങ്ങളും, ആചാരാനുഷ്‌ഠാനങ്ങളും, സാഹസികരംഗങ്ങളും മുടിയേറ്റിലുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌, പോര്‍കു വിളികളുടെയും ചൊലുത്തുകളും മുടിയേറ്റിന്റെ ഭാവസാന്ദ്രതയും അഭിനയമുഹൂര്‍ത്തങ്ങളും വിളിച്ചുണര്‍ത്തുന്ന രംഗങ്ങളാണ്‌. മുടിയേറ്റില്‍ പ്രധാനമായും ഏഴ്‌ കഥാപാത്രങ്ങളാണ്‌ ഉള്ളത്‌. ശിവന്‍, നാരദന്‍, ദാരികന്‍, ഭദ്രകാളി, കോയിനടനായര്‍ (പടനായകന്‍) കൂളി (ഭൂതം) ദാനവേന്ദ്രന്‍. മുടിയേറ്റില്‍ ഏറ്റവും പ്രധാന കഥാപാത്രം സാക്ഷാല്‍ ഭദ്രകാളിയുടെ സ്വരൂപമായ കാളിയാണ്‌.കാളിവേഷം കെട്ടുന്ന ആള്‍ 41 ദിവസം വ്രതം അനുഷ്‌ഠിച്ച്‌ തന്റെ പരദേവതയെ മനസ്സില്‍ ധ്യാനിച്ച്‌ മനശുദ്ധിയും, ശരീരശുദ്ധിയും കൈവരുത്തുന്നു. ഭദ്രകാളിയുടെ വേഷം അണിയുന്ന ആളുടെ മുഖം ചുട്ടിയിലൂടെ (മുടിയേറ്റിലെ കഥാപാത്രങ്ങളുടെ മുഖത്ത്‌ കരി, അരിപ്പൊടി, ചുണ്ണാമ്പ്‌, ദമനയോല, ചായില്ല്യം, മഷി തുടങ്ങിയ ചായങ്ങള്‍ തേയ്‌ക്കുന്നതിന്‌ പറയുന്ന രീതിയാണ്‌ ചുട്ടി) ഗൗരവമാക്കുന്നു. സാധാരണ മുടിയേറ്റ്‌ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ ഒരു കുടുംബത്തില്‍പ്പെട്ടതായിരിക്കണമെന്നത്‌ പ്രധാനപ്പെട്ട ചിട്ടകളില്‍ ഒന്നാണ്‌ അതുകൊണ്ടു തന്നെ ഇത്‌ ഒരു പാരമ്പര്യ കലാരൂപമെന്നും വിശേഷിപ്പിക്കാം തലമുറകളായി കൈമാറിവരുന്ന മുടിയേറ്റ്‌ സംഘങ്ങളാണ്‌ കേരളത്തില്‍ ഇന്ന്‌ ഏറെയും. സാധാരണ ഹിന്ദുക്കളില്‍ വാര്യര്‍-കുറുപ്പ്‌ സമുദായക്കാരിലാണ്‌ (മാരാര്‍) മുടിയേറ്റു കലാകാരന്മാരില്‍ ഏറെയും. മുടിയേറ്റ്‌ അപകടസാദ്ധ്യതകളേറെയുള്ള കലാരൂപമാണ്‌. ദാരികനും കാളിയും തമ്മിലുള്ള യുദ്ധരംഗങ്ങളിലാണ്‌ അപകടങ്ങള്‍ ഏറെയും.



മുടിയേറ്റിന്റെ കഥാസാരത്തെക്കുറിച്ച്‌ പറയുമ്പോര്‍ പുരാണങ്ങളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തണം, വളരെപണ്ട്‌ കാലത്ത്‌ ദേവന്മാരും അനുരന്മാരും അതിഭയങ്കരമായ യുദ്ധം ഉണ്ടാവുകയും, അസുരന്‍ന്മാര്‍ പരാജിതരായി പാതാളത്തില്‍പോയി ഒളിക്കുന്നു. പാതാളത്തില്‍ ഒളിച്ചുകഴിയുന്ന അസുരന്മാരുടെ കൂടെ ഗര്‍ഭവതികളായ ദാരുമതിയും, ദാനവതിയും എന്ന്‌ പേരുള്ള രണ്ട്‌ അസുരസ്‌ത്രീകളും ഉണ്ടായിരുന്നു, പാതാളത്തില്‍ വെച്ച്‌ ഈ അസുരസ്‌ത്രീകള്‍ പ്രസവിക്കുകയും, ദാരുമതിക്ക്‌്‌ ജനിക്കുന്ന പുത്രനെ ദാരികന്‍ എന്നും ദാനുമതിക്ക്‌ ജനിക്കുന്ന പുത്രനെ ദാനവേദ്രന്‍ എന്നും അസുരഗുരു ശുദ്രാചാര്യര്‍ നാമനിര്‍ദേശം നല്‍കുന്നു. അവര്‍ ചെറുപ്പകാലങ്ങളില്‍ തന്നെ വീരശൂരപരാക്രമികള്‍ ആയ ദാരികാ ദാനവേദ്രന്‍മാരെ ദേവന്‍മാരാലും അസുരന്മാരാലും ശുക്രാചാര്യന്‍ പറഞ്ഞ്‌കേള്‍പ്പിക്കുന്നു? തന്റെ മാതാപിതാക്കളെ വേദനിപ്പിച്ച ദേവന്മാരെ തോല്‌പ്പിക്കുമെന്നും ദേവലോകം കൈക്കലാക്കുമെന്നും ദാനവേദ്രന്‍മാര്‍ ശപഥം ചെയ്യുന്നു.
ശപഥം നിറവേറ്റുവാനായി ശുക്രാചാര്യന്റെ നിര്‍ദ്ദേശപ്രകാരം ബ്രഹ്‌മാവിനെ തപസുചെയ്യുകയും അതികഠിനമായ തപസിലൂടെ അവര്‍ ബ്രഹ്‌മാവിന്റെ പ്രതീതിപ്പെടുത്തുകയും വരം ആവിശ്വപ്പെടുകയും ചെയ്യുന്നു തപസിലൂടെ അവര്‍ ബ്രഹ്‌മാവിനെ പ്രതീതിപ്പെടുത്തുകയും വരം ആവിശ്യപ്പെടുകയും ചെയ്യുന്നു തപസില്‍ സംപ്രീതനായ ബ്രഹ്‌മാവ്‌ ഏത്‌ വരമാണ്‌ ആവശ്യം എന്ന്‌ ചോദിക്കുന്നു. തനിക്ക്‌ ഒരിക്കലും മരണമുണ്ടാവരുത്‌എന്നുള്ളവരം ആവശ്യപ്പെടുകയും എന്നാല്‍ ജനനമുള്ളവന്‌ മരണം ഉണ്ടെന്നും അത്‌ പ്രകൃതിയുടെ നിയമമാണെന്നും ആ വരം തരുവാന്‍ സാദ്ധ്യമല്ലെന്നും ബ്രഹ്‌മാവ്‌ അറിയിക്കുന്നു. അതുകൊണ്ട്‌ മറ്റ്‌ വല്ലവരവൂം ആവശ്യപ്പെടുവാന്‍ ബ്രഹ്‌മാവ്‌ പറഞ്ഞു. ഇത്‌കേട്ട ദാരികാ ദാനവേന്ദ്രന്മാര്‍തന്നെ ദേവന്‍മാരാലും, അസുരന്മാരാലും, പുരുഷന്മാരാലും വധിക്കരുത്‌എന്നുള്ള വരം ആവശ്യപ്പെടുന്നു. വരം കൊടുത്ത ബ്രഹ്‌മാവ്‌ അസുരന്മാരോട്‌ ചോദിച്ചു എന്തുകൊണ്ട്‌ സ്‌ത്രീകളാല്‍ വധിക്കരുതെന്നുള്ള വരം ആവശ്യപ്പെടാത്തെതെന്ന്‌ ഇത്‌ കേട്ട്‌ ദാരികാദാനവേന്ദ്രന്മാര്‍ കോപിഷ്‌ഠനാവുകയും സ്‌ത്രീകളാല്‍ വധിക്കുന്നത്‌ ഞങ്ങള്‍ക്കും ഞങ്ങളുടെ കുലത്തിനും മാനക്കേടാണ്‌ എന്ന്‌ പറഞ്ഞ്‌ അവര്‍ ബ്രഹ്‌മാവിനെ കളിയാക്കുന്നു.


ഇത്‌ കണ്ട്‌ കോപിഷ്‌ഠനായ ബ്രഹ്‌മാവ്‌ ദാരികാദാനവേന്ദ്രന്‍മാരെ സ്‌ത്രീകളാല്‍ വധിക്കപ്പെടട്ടെ എന്ന്‌ പറഞ്ഞ്‌ ശപിക്കുന്നു. വര ബലത്താല്‍ അഹങ്കാരികളായ അസുരന്മാര്‍ ദേവസ്‌ത്രീകളെകൊണ്ട്‌ അടിമവേലചെയ്യിക്കുന്നു. മഹര്‍ഷിമാരെ ഉപദ്രവിക്കുന്നു നാല്‌ ദിക്കിലേക്കും തിരിഞ്ഞ്‌ നിന്ന്‌ ദ്വിക്ക്‌ വിജയം കേര്‍ക്കുന്നു. അസുരന്മാരുടെ കൊട്ടാരത്തില്‍ ചെന്ന ദേവമഹര്‍ഷിയായ നാരദന്‍ ചെല്ലുകയും ദേവന്മാരുടെ പക്ഷം പിടിച്ച്‌ സംസാരിക്കുകയും ചെയ്യുന്നു. ഇത്‌ കേട്ട അസുരന്മാര്‍ നാരദനെ പിടിച്ച്‌ കെട്ടുവാന്‍ ചെല്ലുകയും അവിടെ നിന്ന്‌ തന്ത്രപൂര്‍വ്വം രക്ഷപെട്ട നാരദന്‍ മഹാദേവന്റെ അടുക്കല്‍ ചെന്ന്‌ പരാതിപറയുന്നു.



ഇത്‌കേട്ട പരമശിവന്‍ ക്ഷുദിതനാവുകയും തൃക്കണ്ണില്‍ നിന്ന്‌ ഭദ്രകാളി ഭൂജാതനാവുകയും ചെയ്യുന്നു. ഭന്ദ്രകാളി പോര്‍ക്കളത്തിലേക്ക്‌ പാഞ്ഞടുക്കുകയും ഭദ്രകാളിയുടെ സഹായിയായി പരമശിവന്റെ പഞ്ചഭൂതങ്ങളില്‍ പ്രധാനിയായ കുളിയേയും കോയിബടനായരേയും പറഞ്ഞയിക്കുന്നു. ഒരുതുള്ളി രക്‌തം ഭൂമിയില്‍ വീണാല്‍ ഉടന്‍ തന്നെ ആയിരം ദാരികന്‍മാര്‍ ഉണ്ടാകും എന്നവരം ദാരികാദാനവേന്ദ്രന്‍മാര്‍ക്ക്‌ ഉള്ളത്‌കൊണ്ട്‌ ഭൂമിയില്‍ രക്‌തം വീഴാതിരിക്കാന്‍ വേതാളം എന്ന ശാശിന്റെ (പിശാച്‌) കൂട്ടുപിടിക്കുന്നു. ആറുമാസം തീറ്റയും ആറുമാസം ഉറക്കവുംമായിക്കഴിയുന്ന വേതാളത്തിന്‌ വയറ്‌ നിറച്ച്‌ രക്‌തം തന്നുകൊള്ളാം എന്ന വാക്കില്‍ വേതാളം യുദ്ധത്തിന്ന്‌്‌ പുറപ്പെടുന്നു. വേതാളം നാക്ക്‌ യുദ്ധക്കളത്തില്‍ വിരിച്ചിടുകയും അതില്‍ നിന്ന്‌ ഭദ്രകാളി യുദ്ധം ചെയ്യുകയും ചെയ്യുന്നു. യുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെടുകയും പാതാളത്തില്‍ പോയി അഭയം പ്രാപിക്കുകയും ചെയ്യുന്നു ദാരികാദാനവേന്ദ്രന്‍മാരെ കാണാഞ്ഞ്‌ കലികയറിയ കാളിയുടെ മുടി പിഴുതെടുത്ത്‌ കോയിബടനായര്‍ ആയുധം നിലത്ത്‌ കുത്തിച്ച്‌ കലി അടക്കുന്നു. രാത്രില്‍ മായായുദ്ധം ചെയ്യുവാന്‍ കഴിവുള്ള ദാരികാദാനവേദ്രന്‍മാര്‍ രാത്രിയാവാന്‍ കാത്ത്‌ പാതാളത്തില്‍ കഴിയുന്നു. ഇത്‌ മനസിലാക്കിയ ഭദ്രകാളി തന്റെ മുടല അഴിച്ചിട്ട്‌ സൂര്യബിംബം മറയ്‌ക്കുന്നു. ഇരുട്ടായതിനാല്‍ യുദ്ധം ചെയ്യാനിറങ്ങിയ ദാരികാദാനവേന്ദ്രന്‍മാരെ ഭദ്രകാളി വധിക്കുകയും ലോകത്തിന്‌ സര്‍വ്വഐശ്വര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ്‌ ഇന്ന്‌ മുടിയേറ്റുകള്‍ അവതരിപ്പിക്കുന്നത്‌.



മുടിയേറ്റ്‌്‌ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതിന്റെ കാരണങ്ങള്‍ എടുത്തു നോക്കിയാല്‍ കാണാവുന്നത്‌ ഇത്‌ വെളുപ്പാന്‍കാലത്ത്‌ അതായത്‌ രാത്രി 1 മണിക്കു ശേഷമേ അവസാനിപ്പിക്കവു.(ഇത്‌ രാത്രി എപ്പോള്‍ വേണമെങ്കിലും തുടങ്ങാം) ഇത്‌ ജനങ്ങളുടെ ഇടയില്‍ പ്രചാരണത്തിന്‌ കുറവ്‌ വരുന്നു. എങ്കിലും പണ്ട്‌ കാലത്തേക്കാലും യുവതലമുറകളും, മുടിയേറ്റ്‌ പ്രേക്ഷകരും ഈ അടുത്തകാലത്ത്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌ എന്നത്‌ സത്യസന്തമായ സംഗതിയാണ്‌. പിന്നെ ഒരു മുടിയേറ്റ്‌ സംഘത്തില്‍ കുറഞ്ഞത്‌ 15 പേരെങ്കിലും വേണം മുടിയേറ്റില്‍ നിന്ന്‌ കിട്ടുന്നത്‌ വളരെതുച്ഛമായ വരുമാനമാണെന്ന്‌ മുടിയേറ്റ്‌ കലാകാരന്മാര്‍ പറയുന്നു. ഇപ്പോള്‍ മുടിയേറ്റ്‌ രംഗത്തേക്ക്‌്‌്‌ യുവതലമുറയില്‍നിന്നും വിദേശത്തുനിന്നും അന്വസംസ്ഥാനത്തുനിന്നും ധാരാളം ആളുകള്‍ എത്തുന്നുണ്ട്‌. മുടിയേറ്റ്‌ കലാകാരന്മാര്‍ക്ക്‌ സര്‍ക്കാരിന്റെ പക്ഷത്തു നിന്ന്‌ ആനുകൂല്യങ്ങളോക്കെ വളരെ ലളിതമായിട്ടെ ഉള്ളു. ഇത്‌ കിട്ടുവാനും താമസമുണ്ടെന്നാണ്‌ അഭിപ്രായം. വായ്‌മൊഴിയിലൂടെ യാണ്‌ മുടിയേറ്റ്‌ പഠിപ്പിക്കുന്നത്‌. അങ്ങിനെ പഠിപ്പിക്കുന്നതു കൊണ്ട്‌. പഠനം പൂര്‍ണ്ണമാവണമെന്നില്ല.
പലപ്പോഴും ഒരോ അക്ഷരങ്ങളും, വാക്കുകളും വിട്ടുപോകാന്‍ സാധ്യതകൂടുതലാണ്‌ പണ്ട്‌ മുടിയേറ്റിന്റെ മേളം കേട്ടാല്‍ അറിയാമായിരുന്നു അത്‌ ഏത്‌ ഭാഗമാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ ഇന്ന്‌ അതിന്റെ പൊരുമ നഷ്‌ടപ്പെട്ടു തുടങ്ങി. മുടിയേറ്റിന്റെ കേളികൊട്ടിലും, മേളപദങ്ങളിലും സംഗീതത്തിലും മൊക്കെ ഏറെ പ്രത്യേകതകള്‍ ഉണ്ട്‌.പുന്നയ്‌ക്കല്‍ ബാലകൃഷ്‌ണമാരാര്‍, കീഴില്ലം ശങ്കരന്‍കുട്ടി മാരാര്‍, പാഴൂര്‍ മുരളിധരമാരാര്‍, തിരുമറയൂര്‍ വിജയന്‍മാരാര്‍, കീഴില്ലം ഗോപാലകൃഷ്‌ണമാരാര്‍, ഉണ്ണിണ്ണികൃഷ്‌ണമാരാര്‍, പുന്നക്കോട്‌്‌ വരിക്കോലി അപ്പുമാരാര്‍, ശങ്കരനാരായണക്കുറുപ്പ്‌, നാരായണക്കുറുപ്പ്‌, കുന്നക്കാട്ട്‌ രാമക്കുറുപ്പ്‌, കൊരട്ടി അപ്പുമാരാര്‍, പനമ്പുകാട്‌ പ്രേംരാജ്‌ എന്നിവരാണ്‌ ഇന്ന്‌ കേരളത്തിലെ അറിയപ്പെടുന്ന മുടിയേറ്റ്‌ കലാകരന്മാര്‍. ഇവര്‍ തങ്ങള്‍ക്ക്‌ കിട്ടിയ മുടിയേറ്റ്‌ നടനവൈഭവത്തെ വളരെ പവിത്രതയോടും, ഭക്‌തിയോടും കൂടി കൊണ്ടു നടക്കുന്നു എന്നത്‌ എത്ര പ്രശംസനീയമാണ്‌ എന്നതില്‍ സംശയമില്ല.

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP