ജെയ്‌നി
കേരള സാഹിത്യ
അക്കാദമിയുടെ എഴുത്തുവിളക്ക് സംസ്ഥാന യുവസാഹിത്യ ശില്‍പശാല പറശ്ശിനിക്കടവ് ഐഎസ്‌എം അങ്കണത്തിലാണ് നടന്നത്. ഞാനും സിജു രാജാക്കാടുമാണ് ഇടുക്കിയെ പ്രതിനിധീകരിച്ചത്. ഡിസംബര്‍ 18, 19, 20 തീയതികളിലായി നടന്ന ശില്‍പശാലയില്‍ 14 ജില്ലകളില്‍ നിന്നുമായി 100 ഓളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു. 19-ാം തീയതി ഞായറാഴ്‌ചയാണ് സാംസ്‌കാരികപര്യടനം ക്യാമ്പിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരുന്നത്.
പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രം സന്ദര്‍ശിക്കുക എന്നതും ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോഴേ മനസിലുണ്ടായിരുന്ന ലക്ഷ്യമായിരുന്നു. 7.30 ന് മുന്‍പ് അമ്പലത്തില്‍ പോകാനുള്ളവര്‍ പോയി മടങ്ങിയെത്തണമെന്ന് പറഞ്ഞിരുന്നു. കാരണം 8 മണിക്കാണ് ഞങ്ങളുടെ പര്യടനം ആരംഭിക്കേണ്ടത്. രാവിലെ 6.45 ഓടെ ഞാനും രാജിയും കൂടി അന്വലത്തിലേക്കു പോയി. ഇരുവശങ്ങളും കശുമാവും മറ്റും നിറഞ്ഞ വിജനമായ വഴിയിലൂടെ ഞങ്ങള്‍ നടന്നു. പുലരിത്തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അമ്പലത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ ഇരുട്ടു പരന്ന പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതു പോലെയാണ് തോന്നിയത്. രാജിക്കൊപ്പം അകത്തേക്കു കയറുമ്പോഴേ തിങ്ങി നിറഞ്ഞ ജനക്കൂട്ടം കാണാമായിരുന്നു. ഒരു നായക്കുട്ടി എന്തിന്റെയോ മണം പിടിച്ച് ചുറ്റും നടന്നു. അവന് പ്രവേശനമുള്ള ഏകക്ഷേത്രം അതാണല്ലോ. ക്ഷേത്രനിയമങ്ങളെല്ലാം തിരുത്തിയെഴുതപ്പെടുന്നതാണ് നമുക്ക് അവിടെ കാണാനാവുന്ന കാഴ്‌ചയും.
മുത്തപ്പന്റെ രണ്ട് പ്രതിരൂപങ്ങള്‍ വെള്ളാട്ടവും തിരുവപ്പനയും നേരില്‍ കാണാന്‍ പറ്റി. മുത്തപ്പന്റെ ബാല്യരൂപമാണത്രേ വെള്ളാട്ടം. അവിടെ വഴിപാട് നടക്കുകയായിരുന്നു. 13.25 രൂപയാണത്രേ അവിടത്തെ ഏറ്റവും കൂടിയ വഴിപാടിന്. സത്യത്തില്‍ അത് എന്നെ ഞെട്ടിച്ചു. പിന്നെ നേരെ മടപ്പുരയിലേക്ക്. പ്രസാദം വാങ്ങികഴിക്കാന്‍ നിരവധി ആളുകള്‍ തിങ്ങിക്കൂടിയിരുക്കുന്നു. വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളുമാണ് പ്രസാദം. അതും എനിക്ക് അത്ഭുതം തന്നെയായിരുന്നു. ആദ്യം കൈയില്‍ കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ
ഒരു നിമിഷം നിന്നു. രാജിയെ നോക്കിയപ്പോള്‍ ആളൊന്നും മിണ്ടാതെ കഴിക്കുകയാണ്. ഞാനും കഴിച്ചു. ക്ഷേത്രത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ നീണ്ടുനിവര്‍ന്നൊഴുകുന്ന പറശ്ശിനിപ്പുഴ. സൂര്യന്‍ തന്റെ മാറിലാണിന്നലെ ഒളിച്ചിരുന്നതെന്ന് അല്‍പം അഹങ്കാരത്തോടെ പറശ്ശിനിപ്പുഴ പറഞ്ഞു. പറശ്ശിനിയുടെ മാറില്‍ നിന്നും പ്രകാശവീചികളെ ആകാശത്തിലേക്ക് ചിതറിച്ചുകൊണ്ട് സൂര്യന്‍ ഉയര്‍ന്നു വന്നു. ആളുകള്‍ പുഴയിലിറങ്ങുന്നതും കാല്‍കഴുകി തിരിച്ചു കയറുന്നതും നോക്കി അല്‍പനേരം. പുഴയിലിറങ്ങാന്‍ എന്തോ തോന്നിയില്ല. തിരിച്ചു പോരുമ്പോള്‍ അകത്തേക്കു കയറിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തിരക്ക്. വഴിയരികിലിരുന്ന് പിച്ചിപ്പൂ വില്‍ക്കുന്നയാളെ അപ്പോഴാണ് കണ്ടത്. ഒരുനിമിഷം തിരിഞ്ഞു നോക്കി. എല്ലാ പെണ്‍കുട്ടികളുടെയും മുടിയില്‍ പിച്ചിപ്പൂവ്. ഒരുനിമിഷം പൂ ചൂടണമെന്ന മോഹം എന്നിലും ശക്തമായെങ്കിലും പൈസയൊന്നുമെടുക്കാതെയാണ് പോന്നതെന്ന ഓര്‍മ്മ പൂവ് വേണ്ട എന്ന തീരുമാനത്തിലെത്തിച്ചു. സമയം എനിക്കായി കാത്തുനില്‍ക്കാത്തതിനാല്‍ വേഗം അവിടെനിന്നും മടങ്ങിപോന്നു. മുറിയിലെത്തി; ഐ.ഡി കാര്‍ഡും പേനയും നോട്ട്‌പാഡുമൊക്കെയായി ക്യാമ്പ് ഹാളിലേക്ക്. കറാച്ചിപ്പുല്ലുകള്‍ കതിരാട്ടി നില്‍ക്കുന്ന മണ്‍തിട്ടകള്‍ ആകാശത്തെ ആവാഹിച്ചെടുക്കുന്ന വഴിയിലൂടെ നടന്നപ്പോള്‍, ക്യാമ്പ് പറശ്ശിനിക്കടവില്‍ സംഘടിപ്പിച്ചതിന് സാഹിത്യഅക്കാദമിക്ക് മനസില്‍ നന്ദി പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
ഞങ്ങള്‍ അഞ്ചുപേരായിരുന്നു ഗ്യാംഗ്. അളകനന്ദ, പത്മശ്രീ, മിനി ജോണിയെന്ന മിനിചേച്ചി, അനാര്‍ക്കലി.
പ്രഭാതഭക്ഷണത്തിനു ശേഷം ഗ്രൂപ്പ് ഫോട്ടോയ്‌ക്കു പോസ് ചെയ്‌തു. 120 ഓളം ആളുകളെ ഒറ്റഫ്രെയിമിലാക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നെങ്കിലും കറാച്ചിപ്പുല്ലുകളെ വകഞ്ഞുമാറ്റി ഞങ്ങളൊറ്റക്കെട്ടായി ഒരു ലെന്‍സിനുള്ളിലേക്കാവാഹിക്കപ്പെട്ടു. പിന്നെ തിരക്കോടു തിരക്കായിരുന്നു. കാരണം ഞങ്ങള്‍ക്കുപോകാനുള്ള രണ്ട് വണ്ടികള്‍ ഞങ്ങളെ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായിരുന്നു. ഏറ്റവും പിറകിലെ സീറ്റില്‍ ഞങ്ങളഞ്ചു പേരുംസ്ഥാനം പിടിച്ചു. പിന്നെ പാട്ടും കൈയടിയും ബഹളവും. പത്മശ്രീ തുടങ്ങിയ നാടന്‍പാട്ടിന്റെ അരികുപറ്റി ബസിനുള്ളില്‍ ഓളങ്ങളലയടിച്ചു.
ആദ്യം ഫോക്‌ലോര്‍ അക്കാദമിയിലേക്ക്..
.
ചിറക്കല്‍ തടാകത്തിന് അഭിമുഖമായാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. ചിറക്കല്‍ രാജകുടുംബത്തിന്റെ കൊട്ടാരമാണ് അത്. ചിറക്കല്‍ തടാകം അറക്കല്‍ കുടുംബവും ചിറക്കല്‍ കുടുംബവും പങ്കിട്ടെടുത്തിരുന്നുവെന്ന് അനിതടീച്ചര്‍ പറഞ്ഞു. ഞാനും അനിതടീച്ചറും സതീശ് കെ ശങ്കരനുമായിരുന്നു അപ്പോള്‍ ഞങ്ങളുടെ ഗ്യാംഗില്‍. 1995 ലാണത്രേ ഫോക്‌ലോര്‍ അക്കാദമി രൂപം കൊണ്ടത്. സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഫോക്‌ലോറിന്റെ ശേഷിപ്പുകള്‍ കാണാന്‍ തിടുക്കത്തോടെയാണ് ഞങ്ങള്‍ അകത്തേക്കു കയറിയത്.
പറശ്ശിനിക്കടവിലെ വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ തെയ്യക്കോലങ്ങളെയാണ് ആദ്യം കണ്ടത്. അതിനൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ചിലരൊക്കെ തിടുക്കം കൂട്ടി. എന്റെ ശ്രദ്ധ പതിഞ്ഞത് മുച്ചിലോട്ട് ഭഗവതിയിലാണ്. സ്‌ത്രീശക്തിയുടെ ഭഗവത്‌രൂപം. പുരുഷമേധാവിത്വത്തിനെതിരേ ശബ്‌ദിച്ചയാളാണത്രേ മുച്ചിലോട്ട് ഭഗവതി. അതുകൊണ്ടു തന്നെ അവര്‍ നിത്യകന്യകയായി തുടരുന്നു. അന്ധയായ അവരാണ് സ്‌ത്രീശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവെന്ന് പറയാം. അല്‍പം ആരാധനയോടെയാണ് അവരെ നോക്കിയത്. പിന്നെ ഉയര്‍ന്ന കട്ടിളപ്പടികളില്‍ ചവിട്ടി അകത്തളങ്ങളിലൂടെ മുകളിലേക്ക്.. ഇരുമ്പ് അലമാരകളാണ് ആദ്യം കണ്ടത്. പിന്നെ ഓലക്കുട,
പാളത്തൊപ്പി, ഉരല്‍, ഉറി, കലപ്പ, അങ്ങനെ പഴമയുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശനവസ്‌തുക്കള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു. പലതും പുതുതലമുറക്ക് കേട്ടുകേള്‍വി മാത്രമുള്ളവ. ഞാനും അനാര്‍ക്കലിയും ചേര്‍ന്ന് ഓലക്കുടയൊക്കെ ചൂടി ഫോട്ടോയ്‌ക്കു പോസ് ചെയ്‌തു. ഫോട്ടോഗ്രഫര്‍ കൂടിയായ ഞങ്ങളുടെ സഹയാത്രികന്‍ ബിനു ചേട്ടന്‍ ഞങ്ങളെ അദ്ദേഹത്തിന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. ഇടനാഴിയിലുടനീളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 175 ഓളം ഫോട്ടോഗ്രാഫ്‌സാണ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുന്നൂറോളം പാരമ്പര്യത്തനിമ നഷ്‌ടപ്പെടാത്ത വസ്തുക്കള്‍ അവിടെയുണ്ട്. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ നാടോടി നാടകം ചിമ്മാനക്കളി മുതല്‍ മുടിയേറ്റ്, കുട്ടിത്തെയ്യം, ഗരുഡന്‍ തൂക്കം, അങ്ങനെ നിറം പിടിച്ച ചിത്രങ്ങള്‍ എനിക്ക് ചുറ്റും അണിനിരന്ന് എന്നെ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് കൊണ്ടുപോയി. ഒരു തലമുറ മുന്‍പേ ജനിക്കാത്തതില്‍ വിഷമം തോന്നിയത് അപ്പോഴാണ്. കിളിവാതിലിനു സമീപം അടുക്കിയിരുന്ന പറ, നാഴി, ഇടങ്ങഴി, ഉരി തുടങ്ങിയവയെക്കുറിച്ചെല്ലാം പറഞ്ഞു തന്നത് അനിതടീച്ചറാണ്.
പണവും പണ്ടവുമെല്ലാം സൂക്ഷിച്ചിരുന്ന ആമാടപ്പെട്ടിയും മുറുക്കാന്‍ ചെല്ലവുമെല്ലാം തുറന്നു നോക്കിയും കണ്ണു നിറയെ അത്ഭുതങ്ങളുടെ കാഴ്‌ചകളെ വീണ്ടും പ്രതീക്ഷിച്ചുമാണ് ഞങ്ങള്‍ പടിയിറങ്ങിയത്. പക്ഷേ ഞങ്ങള്‍ക്ക് അവിടെ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിരുന്നു. എങ്കിലും പുറത്തിറങ്ങി ചെറുശ്ശേരി സ്‌മാരക മണ്‌ഡപവും കൂടി കണ്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയുള്ളൂ.
തിരിച്ച് വണ്ടിയില്‍ കയറി പഴയ സീറ്റു പിടിച്ചു. ഗ്രാമഭംഗി അപ്പാടെ നിശബ്‌ദമായി നുകരുകയായിരുന്നു തിരുവനന്തപുരം കാരി അനാര്‍ക്കലി.
പിന്നെ നേരെ പയ്യാമ്പലം ബീച്ചിലേക്ക്.
ശാന്തയായ കടല്‍, തിരകളെ തള്ളി കരയിലേക്കു വിടുന്നതും അമ്മയെ വിട്ട് പോകാനിഷ്‌ടമില്ലാത്ത കുഞ്ഞിനെ പോലെ അവ വീണ്ടും തിരികെ പോകുന്നതും ഒരു നിമിഷം വെറുതേ നോക്കി നിന്നു. പിന്നെ ഉപ്പുമാങ്ങയും കാരറ്റും ഐസ്‌ക്രീമുമൊക്കെയായി പൂഴിപ്പരപ്പിലൂടെ നടന്നു. മുടിയിഴകളെ തഴുകി കടന്നുപോയ കാറ്റ് പറഞ്ഞ രഹസ്യം കേള്‍ക്കാനെന്തുകൊണ്ടോ കഴിഞ്ഞില്ല. അനാര്‍ക്കലിയുടെയും സിജുച്ചേട്ടന്റെയും കൂടെയാണ് കടലിലിറങ്ങിയത്. ഇറങ്ങാനിഷ്‌ടമില്ലാതെ ബലം പിടിച്ചു നിന്ന സിജുചേട്ടന്റെ കൈപിടിച്ച് വലിച്ച് കടലിലിറക്കിയപ്പോള്‍ കടലിനെ കീഴടക്കിയതിനേക്കാള്‍ സന്തോഷമാണ് തോന്നിയത്. തിരസ്‌കാരത്തിന്റെയും ആവാഹനത്തിന്റെയും പ്രതീകമായ കടല്‍, ഒരു ചിപ്പി നിറയെ പ്രണയം എന്റെ കൈകളിലേക്കിട്ടു തന്നു. കൈ നീട്ടിയതു സ്വീകരിക്കും മുന്‍പേ തിരയത് കൊണ്ടുപോയി.
പയ്യാമ്പലം ബീച്ചില്‍ നിന്നു നേരെ പോയത് കോഫീഹൗസിലേക്കാണ് . തലപ്പാവു വെച്ച വെള്ളക്കുപ്പായക്കാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു. എഴുത്തുകാരന്‍ ബേബി തോമസിന്റെ മുഖച്ഛായയുള്ള ജോബിച്ചേട്ടനും സുഹൃത്തുമാണ് ഞങ്ങള്‍ക്കെതിരേ ഇരുന്നത്. കവിതയെക്കുറിച്ച് ചൂടുള്ള ചര്‍ച്ച. ജോബിച്ചേട്ടന്‍ ചൂടുകാപ്പി മൊത്തിക്കൊണ്ട് എന്റെ കൂടെ ചേര്‍ന്നു. മിനിചേച്ചി നര്‍മ്മം സോസാക്കി കട്‌ലറ്റിനു മേല്‍ വിതറി. പത്മശ്രീ ചിരിച്ചുകൊണ്ട് മിനിചേച്ചിയെ സപ്പോര്‍ട്ട് ചെയ്‌തു.
തണലത്തൊതുക്കിയ വണ്ടിയിലാകെ ബഹളമയം.പാട്ടും ബഹളവുമായി പിന്നെ കണ്ണൂര്‍കോട്ടയിലേക്ക്.
എ.ഡി 1507 ല്‍ പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച് സെന്റ് ആഞ്ചലോസ് കോട്ട എന്നു നാമകരണം ചെയ്‌ത കണ്ണൂര്‍ കോട്ട. 1663 ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു ഡച്ചുകാരും 1772 ല്‍ ഡച്ചുകാരില്‍ നിന്ന് 1 ലക്ഷം രൂപയ്‌ക്ക് അറക്കല്‍ രാജകുടുംബവും ഈ കോട്ട വാങ്ങിയെങ്കിലും 1790 ല്‍ ബ്രിട്ടീഷ്‌കാര്‍ ഈ കോട്ട പിടിച്ചെടുത്തു.
ആന ചവിട്ടിപ്പൊളിക്കാതിരിക്കാന്‍ മുള്ളുകള്‍ പിടിപ്പിച്ച ഭീമന്‍ വാതിലുകള്‍ കടന്ന് കോട്ടയ്‌ക്കുള്ളിലെത്തി. സാഹിത്യകാരനും ഗാര്‍ഡുമായ സത്യന്‍ ഇടക്കാട് ഞങ്ങള്‍ക്കു വേണ്ടി കോട്ടയെക്കുറിച്ച് പറഞ്ഞു തന്നു. ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്‌മരിപ്പിക്കും വിധം ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളായി. വാസ്‌കോ ഡ ഗാമയും ചരിത്രത്തിന്റെ കാണാപ്പുറങ്ങളും എന്ന അദ്ദേഹത്തിന്റെ പുസ്‌തകം ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനപ്രദമാണെന്ന് പറയാതെ വയ്യ. അറബിക്കടലിന് അഭിമുഖമായാണ് കോട്ട പണി കഴിപ്പിച്ചിരിക്കുന്നത്. കോട്ടയ്‌ക്കുള്ളിലൂടെ സിജുചേട്ടനും മിനിച്ചേച്ചിയ്‌ക്കുമൊപ്പം വെറുതേ നടന്നു. ലായങ്ങളും ജയിലുമെല്ലാം എനിക്ക്അത്ഭുതകാഴ്‌ചകള്‍ തന്നെയായിരുന്നു . കടലിലൂടെ വരുന്ന ശത്രുക്കളെ തുരത്താന്‍ ഭീമന്‍ പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കോട്ടയുടെ കെട്ടുകളില്‍ കയറി നിന്നപ്പോള്‍ തിരമാലകള്‍ പാറക്കെട്ടുകളെ തല്ലിച്ചിരിച്ച് കടന്നു പോകുന്നതും സ്‌ഫടികം കണക്കെ തിരകള്‍ ചിന്നിച്ചിതറുന്നതും കാണാമായിരുന്നു.
ആകാശത്തെ വിഴുങ്ങാനെന്നോണം കടല്‍ച്ചക്രവാളം വായും തുറന്നിരുന്നു. കടല്‍കാക്കകള്‍ വെള്ളത്തിലേക്കൂളിയിട്ടു. തിരിച്ചു പോകാനുള്ള അറിയിപ്പ് വന്നിരിക്കുന്നു. പത്മശ്രീയും അളകനന്ദയും അനാര്‍ക്കലിയുമൊക്കെ പോയിരിക്കുന്നു. ഞാനും മിനിചേച്ചിയും സിജുചേട്ടനും ധൃതിയില്‍ നടന്നു. ഉച്ചകാഴ്‌ചകള്‍ അവസാനിപ്പിച്ചുകൊണ്ട് ഞങ്ങളുടെ വണ്ടി പറശ്ശിനിക്കടവ് ലക്ഷ്യമാക്കി പാഞ്ഞു. അശോകന്‍ ചെരുവിലിന്റെ ശബ്‌ദമാധുര്യത്തിലൂറി വന്ന കവിതക്കു താളം പിടിച്ച് ഞങ്ങളിരുന്നു. പറശ്ശിനിക്കടവ് ഐഎസ്‌എം അങ്കണത്തിന്റെ ഗെയിറ്റ്‌കടന്നകത്തെത്തിയപ്പോഴേക്കും ആരോ സമ്മാനിച്ച പൂവിന്റെ നീലനിറം വാടിത്തുടങ്ങിയിരുന്നു.
(നന്ദി: ഇതെഴുതാന്‍ എന്നെ നിര്‍ബന്ധിച്ച മനോരാജിന്, വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച വിജയന്‍ ബിരിക്കുളത്തിനും അനിത ടീച്ചര്‍ക്കും, ഫോട്ടോകളെടുത്തു തന്ന ശബരിച്ചേട്ടനും ബിനുച്ചേട്ടനും, ചിലവ തന്നു സഹായിച്ച ഗൂഗിളിനും)
റ്റിജോ ജോര്‍ജ്
പിറ്റേന്ന് രാവിലെ ഉണര്‍ന്ന് വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടലിന്റെ താഴത്തെ നിലയിലെത്തുമ്പോള്‍ സമായം 9.30. പുഞ്ചിരിയുമായി ഗൈഡ് യെന്‍ ഞങ്ങളെ അഭിവാദ്യം ചെയ്‌തു. ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ യെന്‍ ചെറിയൊരു മോട്ടിവേഷന്‍ ക്ലാസ് നടത്തി. എല്ലാ മതങ്ങളുടെയും അന്തസത്തയും സാരാംശവും ഒന്നാണെന്ന് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥവും ഉദ്ധരിച്ച് അദ്ദേഹം പറയാനാരംഭിച്ചു. ഇടതുകൈയിലെ ചൂണ്ടുവിരലിന്റെ നീളം നിമിഷങ്ങള്‍ക്കുള്ളില്‍ വര്‍ധിപ്പിക്കാനുള്ള വിദ്യ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.
പ്രചോദന പരിശീലകന്‍ എന്നനിലയില്‍ പേരെടുത്ത യെന്‍ മൂന്ന് വര്‍ഷം മുമ്പാണ് ലൈസന്‍സ് സമ്പാദിച്ച് ടൂറിസ്റ്റ് ഗൈഡായത്. മലേഷ്യന്‍ മഴക്കാടുകളിലൂടെ 11 മണിക്കൂര്‍ നീളുന്ന ട്രക്കിംഗ് യെനിന്റെ നേതൃത്വത്തില്‍ പതിവായി നടക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ നീളുന്ന പ്രചോദനക്ലാസും ഈ പാക്കേജിലുണ്ട്. പ്രശസ്‌തമായ ചിലിംഗ് വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ ട്രക്കിംഗ് അവസാനിക്കുന്നത്. ഇത്തരമൊരു ട്രക്കിംഗ് കഴിഞ്ഞെത്തിയ ഉടനെയാണ് അദ്ദേഹം 26-ാം തീയതി ഞങ്ങളെ കൂട്ടാന്‍ ക്വലാലംപൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. സിലിന്‍ഡറില്‍ നിറച്ച വായുവുമായി കടലിനടിയില്‍ ചെന്ന് ശ്വസിക്കുന്ന സ്‌കൂബാ ഡൈവിംഗില്‍ യോഗ്യത കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങള്‍ നീന്തല്‍, മത്സ്യബന്ധനം, വായന എന്നിവയാണ്.
മലേഷ്യന്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡിപ്ലോമ, ബി.ജി.എഫ് കൗണ്‍സലിംഗ് കോഴ്‌സ്, മൈന്‍ഡ് സയന്‍സ് കോഴ്‌സ്, ബ്രഹ്മകുമാരി രാജയോഗ, വിപാസന മെഡിറ്റേഷന്‍, ക്യൂ ഗോംഗ്, സ്‌കൂബാ ഡൈവിംഗ് എന്നീ കോഴ്‌സുകളില്‍ ഈ അമ്പത്താറുകാരന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ഏഴ് തവണ മരണത്തെ താന്‍ മുഖാമുഖം കണ്ടതായും ആശുപത്രികളില്‍ തീവ്രവേദനയനുഭവിച്ച് കഴിയുന്ന രോഗികളില്‍ മരുന്നിന്റെ സഹായമില്ലാതെ വേദന കുറച്ച് കൊടുക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാറുണ്ടെന്നും യെന്‍ പറഞ്ഞു. ബൈബിള്‍, ഖുറാന്‍, ഭഗവത്‌ഗീത എന്നിവ താന്‍ പതിവായി വായിക്കുമെന്നും യെന്‍ വ്യക്തമാക്കി.
നഗരവീഥികളിലൂടെ അതിവേഗം ഒഴുകിപ്പായുന്ന ബസിലിരുന്ന് ഞങ്ങള്‍ പുറത്തേക്ക് നോക്കി. അത്‌പസമയത്തിനുള്ളില്‍ ബസ് പ്രസിദ്ധമായ ബാടു ഗുഹകള്‍ക്ക് സമീപമെത്തും. മലേഷ്യിലെ പ്രശസ്‌തമായൊരു ടൂറിസ്റ്റ് കേന്ദ്രമാണത്. ക്വലാലംപൂര്‍ സിറ്റിയില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കുമാറി ഗോംപാക് ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. ബസില്‍ നിന്ന് നോക്കുമ്പോള്‍ ദൂരെ നിന്നേ കൂറ്റന്‍ ചുണ്ണാമ്പു പാറക്കെട്ടുകള്‍ കാണാന്‍ കഴിഞ്ഞു. അവയ്‌ക്ക് താഴെയായി ഞങ്ങള്‍ ബസിറങ്ങുമ്പോള്‍ ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ അവിടെ എത്തിയിരുന്നു. കുത്തനെയുള്ള പടവുകള്‍ കയറി ഉയരത്തിലെത്തിയാല്‍ കാണുന്നത് പ്രകൃതിയുടെ മനോഹരകരവിരുതാണ്. ഒപ്പം മനുഷ്യനിര്‍മിതമായ രമ്യശില്‌പങ്ങളും. മനം കുളിര്‍പ്പിച്ച ഈ കാഴ്‌ച കണ്ടപ്പോള്‍ കല്‌പടവുകള്‍ കയറിയതിന്റെ ക്ഷീണവും കിതപ്പുമെല്ലാം മാറി. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് നിറഞ്ഞ കൂറ്റന്‍ പാറക്കെട്ടിനുള്ളില്‍ ഗുഹകളുടെയും ഗുഹാക്ഷേത്രങ്ങളുടെയും ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു. ഭാരതത്തിന് വെളിയിലുള്ള മുരുകക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്‌തമാണിത്. മലേഷ്യയിലെ തമിഴ്‌ജനതയുടെ സ്വാധീനമേഖലകൂടിയാണിത്. അവിടെയുള്ള വ്യാപാരസ്ഥാപനങ്ങളിലും തമിഴര്‍ക്ക് തന്നെയാണ് മേധാവിത്വം.
അവിടെ നിന്നും ഞങ്ങളെയും കൊണ്ട് ഒരു വാച്ച് നിര്‍മാണഫാക്‌ടറിയിലേക്ക് പോകാനായിരുന്നു ഗൈഡിന്റെ പരിപാടി. വൈകുന്നേരം ഷോപ്പിംഗിനായി അല്‌പസമയം കൂടി വേര്‍തിരിക്കണമെന്നതിനാല്‍ ഭൂരിപക്ഷാഭിപ്രായത്തെത്തുടര്‍ന്ന് അത് റദ്ദ് ചെയ്‌ത് അടുത്ത കേന്ദ്രമായ ഹൈലാന്‍ഡ് ഹില്‍സിലേയ്‌ക്ക് ബസ് പുറപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ മനോഹരപ്രദേശത്തേക്ക് ബസ് നീങ്ങി. കയറ്റം കയറുന്നതിന്റെ പ്രയാസങ്ങളോ കൊടുംവളവുകളോ ഒന്നുമില്ലാതെയാണ് റോഡ് നിര്‍മാണരീതി. ആവശ്യത്തിലേറെ വീതിയുമുണ്ട് ആ റോഡിന്. ബസ് കുന്നിന്റെ നിറുകയിലെത്തി. മനോഹരമായൊരു അമ്യൂസ്‌മെന്റ് പാര്‍ക്കാണ് അവിടെ കാണുന്നത്. അവിടെയുള്ള ഒരു വലിയ റസ്റ്റോറന്റിലായിരുന്നു ഞങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയിരുന്നത്. രുചികരമായ ഭക്ഷണസാധനങ്ങളുടെയും വിവിധതരം പഴങ്ങളുടെയും ഫ്ര്യൂട്ട് ജ്യൂസുകളുടെയും ഇന്‍ഡ്യന്‍ കേസരി ഉള്‍പ്പെടെയുള്ള പലഹാരങ്ങളുടെയും ഒരു വലിയ നിര. അവ യഥേഷ്‌ടം എടുത്ത് കഴിയ്‌ക്കാം. ഭക്ഷണസാധനങ്ങളുടെ വൈവിധ്യത്തെ വിശേഷിപ്പിക്കാന്‍ `വിഭവസമൃദ്ധം' എന്ന വാക്ക് മതിയാകില്ലെന്ന് തോന്നി. അവിടെ നിന്നും ഞങ്ങള്‍ ഗൈഡിന്റെ നേതൃത്വത്തില്‍ പുറത്തേക്കിറങ്ങി. വഴി തെറ്റാതിരിക്കാന്‍ ചെറിയൊരു മലേഷ്യന്‍ പതാകയും മുന്നില്‍ പിടിച്ചാണ് ചുറുചുറുക്കോടെ യെന്‍ നടക്കുന്നത്. യു.എസ് പതാകയോട് സാമ്യമുള്ളതാണ് മലേഷ്യയുടെ ദേശീയ പതാക. യു.എസ് പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് ഇതില്‍ സുര്യനും ചന്ദ്രക്കലയുമാണെന്ന് മാത്രം.
(തുടരും) അവസാന ഭാഗം അടുത്തലക്കത്തില്‍
 |
| മലേഷ്യന്‍ ടൂറിസ്റ്റ് ഗൈഡ് യെന്നുമൊത്ത് ലേഖകന്‍. |
 |
| ചുണ്ണാമ്പുപാറക്കെട്ടും ബാടുഗുഹകളിലേക്കുള്ള കല്‌പടവുകളും അതിന് മുന്നിലെ വലിയ പ്രതിമയും |
 |
| ബാടു താഴ്‌വരയിലെ പ്രാവിന്‍കൂട്ടത്തിന് നടുവില്‍ |
 |
| ഹൈലാന്‍ഡ് ഹില്‍സിലെ റസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണത്തട്ട്. |
 |
| 2500 അടി ഉയരമുള്ള ഹൈലാന്‍ഡ് ഹില്‍സിന് മുകളില്‍ നിന്നുള്ള താഴ്‌വാരദൃശ്യം. |
 |
| ഹൈലാന്‍ഡ് ഹില്‍സിലെ റസ്റ്റോറന്റിന്റെ സ്വാഗത കമാനത്തിന് മുന്നില്‍ |
റ്റിജോ ജോര്‍ജ്
അതാ കൊടിമരത്തില്‍ പീതപതാക ഉയര്‍ന്ന് പാറിക്കളിക്കുന്നു. രാജാവ് രാജ്യത്ത് തന്നെയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ കൊട്ടാരവളപ്പിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും വെളിയില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനും മറ്റും തടസമില്ല. ധാരാളം ടൂറിസ്റ്റുകള്‍ അവിടെ എത്തിയിട്ടുണ്ട്. ഞങ്ങള്‍ എത്തിയ ഉടനെ അശ്വാരൂഡസേനയിലെ രണ്ടംഗങ്ങള്‍ കൊട്ടാരകവാടത്തില്‍ എത്തി നിലയുറപ്പിച്ചു. രാജകീയ പ്രൗഡി വിളിച്ചോതുന്ന വേഷവിധാനങ്ങളോടെ കുതിരകളുടെ പുറത്തേറിയിരിക്കുന്ന ഭടന്മാരുടെ സമീപം നിന്ന് ഞങ്ങളില്‍ ചിലര്‍ ചിത്രങ്ങളെടുത്തു. രാജാവ് നാടുനീങ്ങിയതും ഭരണമില്ലാത്തതുമായ രാജകൊട്ടാരങ്ങള്‍ മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അധികാരവും കിരീടവുമുള്ള രാജാവ് ജീവനോടിരുന്ന് രാജ്യഭരണം നടത്തുന്ന കൊട്ടാരം ആദ്യമായാണ് കണ്ടതെന്ന് ഞങ്ങളുടെ സംഘാംഗമായ ടി.കെ അനില്‍കുമാര്‍ പിന്നീട് പറഞ്ഞത് എല്ലാവരും ശരിവച്ചു.
ഒളിമങ്ങാത്ത രാജകീയപ്രതാപത്തിന്റെ സൗധത്തിന് മുന്നില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് മലേഷ്യയുടെ ദേശാഭിമാനസ്‌മാരകത്തിന് മുന്നിലേയ്‌ക്കാണ്.
നമുക്ക് ഇന്ത്യാഗേറ്റ് പോലെയും അമര്‍ജ്യോതി പോലെയും മലേഷ്യന്‍ ജനതയ്‌ക്ക് ഏറെ വികാരോദ്ദീപകമാണ് ആ സ്‌മാരകം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ധീരദേശാഭിമാനികളെക്കുറിച്ച് വിവരിച്ചപ്പോള്‍ ഗൈഡിന്റെ വാക്കുകളില്‍ ആവേശം, കണ്ണുകളില്‍ കണ്ണീരിന്റെ നനവ്. അയല്‍രാജ്യത്ത് നിന്നും മലേഷ്യ പിടിച്ചടക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പോരാളികളോട് ചെറുത്ത് നിന്ന് വീരമൃത്യു പ്രാപിച്ചവരെയാണ് ഇവിടെ ഓര്‍മിക്കുന്നതെന്ന് യെന്‍ പറഞ്ഞു. പഴയൊരു പോരാട്ടത്തിന്റെ ദൃശ്യം കൂറ്റന്‍ കരിങ്കല്‍ പ്രതിമകളാല്‍ അതി മനോഹരമായി ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത് ഏവരെയും ആകര്‍ഷിച്ചു.
അവിടെ നിന്നും ഞങ്ങള്‍ മറ്റൊരുവഴിയിലൂടെ പുറത്തിറങ്ങി. ഇവിടെ ഏഷ്യന്‍ ഗാര്‍ഡന്‍ എന്ന പൂന്തോട്ടം തീര്‍ത്തിരിക്കുന്നു. ചില ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് സ്വന്തനിലയില്‍ പൂന്തോട്ടങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ മേല്‍ നേതൃത്വപരമായ ഒരു സ്ഥാനം മലേഷ്യ ആഗ്രഹിക്കുന്നുണ്ടോ എന്ന് തോന്നി. ഇക്കാര്യത്തിലും യൂറോ പോലെ ഏകീകൃത ഏഷ്യന്‍ കറന്‍സിയ്‌ക്കായി നമ്മുടെ രാജ്യം നടത്തുന്ന വിജയകരമായ നീക്കങ്ങളെയും അതിലുള്ള ചൈനയുടെ എതിര്‍പ്പിനെയും ഈ ലേഖകന്‍ അപ്പോള്‍ ഓര്‍മിച്ചു. അല്‍പം പിന്നിലായി നീങ്ങിയ ഞങ്ങള്‍ ഇടതുവശത്തുള്ള മരച്ചുവട്ടിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയ പഴുതാര ഇഴഞ്ഞ് നീങ്ങുന്നത് കണ്ടു. ചെറിയ പാമ്പിന്റെ അത്രയും വലിപ്പമുള്ള ചുവപ്പ് നിറമുള്ള പഴുതാരയെ ഞങ്ങളില്‍ ചിലര്‍ കൗതുകത്തോടെ നോക്കി. അവയുടെ കാലുകളും രൂപവും ചൈനീസ് ഡ്രാഗണിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു.
അവിടെ നിന്നും താഴേയ്‌ക്കിറങ്ങിയ ഞങ്ങള്‍ ഒരു കടയുടെ മുന്നിലെത്തി. ടീ ഷര്‍ട്ടുകളും തൊപ്പികളും മറ്റ് കൗതുകവസ്‌തുക്കളും വില്‌ക്കുന്ന ആ കടയുടെ ഉടമ ഒരു മലേഷ്യക്കാരി മധ്യവയ്‌സ്‌കയാണ്. ടീ ഷര്‍ട്ടുകളുടെ മുന്നില്‍ താത്‌പര്യത്തോടെ നിന്നപ്പോള്‍ സെയില്‍സ്‌മാനെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി വന്നു. വില കേട്ടപ്പോള്‍ കൂടുതലെന്ന് തോന്നിയ ഞങ്ങള്‍ വില പേശാനാരംഭിച്ചു. തുടക്കത്തില്‍ ഒട്ടും വഴങ്ങാതിരുന്ന അയാള്‍ കുറെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം നല്ല ഇംഗ്ലീഷില്‍ വ്യക്തമാക്കി. ``എന്റെ ഭാര്യയുടേതാണ് ഈ കട. ഭര്‍ത്താവായ ഞാനിവിടെ ജീവനക്കാരനാണ്. വില കുറയ്‌ക്കണമെങ്കില്‍ നിങ്ങള്‍ അവളോട് ചോദിക്കൂ. അവളുടെ അനുവാദമില്ലാതെ ഞാന്‍ വില കുറച്ച് നല്‌കിയാല്‍ അവളെന്നെ തുണ്ടം തുണ്ടമാക്കും. നിങ്ങള്‍ എന്റെ കൂടെ വരൂ. ഞാന്‍ പരിചയപ്പെടുത്താം''. കൗണ്ടറില്‍ അധികാരഭാവത്തില്‍ നില്‌ക്കുകയായിരുന്ന ആ സ്‌ത്രീയോട് `ഭര്‍ത്താവുദ്യോഗസ്ഥ'നായ അയാള്‍ ഓഛാനിച്ച് നിന്ന് കാര്യം ഉണര്‍ത്തിച്ചു. }ഞങ്ങള്‍ പറഞ്ഞ വില ആ സ്‌ത്രീ അംഗീകരിക്കുകയും ആ വിലയ്‌ക്ക് അവ നല്‌കുകയും ചെയ്‌തു. യാതൊരു ലജ്ജയുമില്ലാതെ അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കച്ചവടതന്ത്രത്തിന്റെ ഭാഗമാണോയെന്ന് ആദ്യം ചിന്തിച്ചെങ്കിലും അത് ആ നാട്ടില്‍ നിലനില്‌ക്കുന്ന സ്‌ത്രീമേധാവിത്വ സംസ്‌കാരത്തിന്റെ ഉദാഹരണം മാത്രമായിരുന്നെന്ന് വ്യക്തമായി.
തിരികെ ബസില്‍ കയറിയ ഞങ്ങള്‍ നഗരക്കാഴ്‌ചകള്‍ വീണ്ടും നുകര്‍ന്ന് തുടങ്ങി. നമ്മുടെ റിസര്‍വ് ബാങ്കിന് സമാനമായ മലേഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്, സമാധാനഭവനം എന്നറിയപ്പെടുന്ന പോലീസ് ആസ്ഥാനമന്ദിരം എന്നിവയെല്ലാം ബസിലിരുന്ന് ഞങ്ങള്‍ കണ്ടു. ബസ് ഒരു നക്ഷത്ര റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തി. അന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെ എല്ലാത്തരം ഭക്ഷണവും ലഭിക്കുന്ന ആ ഹോട്ടലില്‍ ഞങ്ങള്‍ക്കായി റിസര്‍വ് ചെയ്‌തിരിക്കുന്ന മേശകളും പ്രത്യേകം തയാറാക്കിയ ഇന്‍ഡ്യന്‍ വിഭവങ്ങളും ഞങ്ങളെക്കാത്തിരിക്കുന്നു. ചൂടുള്ള സൂപ്പുമായി ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് തയാറെടുത്തു. ഫ്രൈഡ് റൈസും വൈറ്റ് റൈസും കറികളും ഇന്‍ഡ്യന്‍ പായസവും റെഡി. കേരള സാമ്പാര്‍ മുതല്‍ നോര്‍ത്തിന്‍ഡ്യന്‍ പനീര്‍ വരെയുണ്ട് സമൃദ്ധമായ ആ സദ്യയില്‍.
ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ ലോകപ്രശസ്‌തമായ കെ.എല്‍ ടവറിലേയ്‌ക്കാണ് പോയത്. 421 മീറ്റര്‍ അഥവാ 1381 അടി ഉയരമുള്ള ആ ഗോപുരത്തിന് മുകളില്‍ കയറണമെങ്കില്‍ 20 റിംഗിറ്റ് (ഏകദേശം 300 രൂപ) നല്‌കി പ്രത്യേക പാസ് എടുക്കേണ്ടതുണ്ട്. ഗോപുരത്തിന്റെ കൂറ്റന്‍ തൂണിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന എലിവേറ്ററിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അതിന് മുകളിലെത്തി. ക്വലാലംപൂര്‍ സിറ്റിയുടെ വിഹഗവീക്ഷണം അതിന് മുകളില്‍ നിന്നാല്‍ ലഭ്യമാണ്. കിലോമീറ്ററുകള്‍ ദൂരെ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ പോലും അവിടെ നിന്ന് വ്യക്തമായി കണ്ടു. മുസ്ലീം സഹോദരങ്ങള്‍ക്ക് റംസാന്‍ ചന്ദ്രിക കാണുന്നതിനുള്ള നിരീക്ഷണഗോപുരം എന്ന നിലയിലും കെ.എല്‍ ടവര്‍ പ്രസിദ്ധമാണ്. ടവറിന് മുകളില്‍ വാച്ചുകളും വസ്‌ത്രങ്ങളും കരകൗശലവസ്‌തുക്കളും വില്‌ക്കുന്ന കച്ചവടക്കാരും സജീവമാണ്. ഉയരംകൂടും തോറും വിലയും ഉയരുമെന്ന സിദ്ധാന്തം അവിടെ പ്രയോഗിച്ചിരിക്കുന്നതായും തോന്നി.
(തുടരും)
മലേഷ്യന്‍ രാജകൊട്ടാരത്തിന് മുന്നിലൂടെ എഴുന്നള്ളുന്ന അശ്വാരൂഢ സേന.
രാജകൊട്ടാരത്തിന്റെ ഫോട്ടോയെടുക്കുന്ന സഞ്ചാരികള്‍.

കൊട്ടാരവാതിലില്‍ നിലയുറപ്പിച്ച അശ്വാരൂഢ സേനാംഗത്തോടൊപ്പം.
കൊട്ടാരമതില്‍ക്കെട്ടിലെ പ്രധാന കാവല്‍ക്കാരനൊപ്പം

മലേഷ്യയുടെ ദേശാഭിമാന സ്‌മാരകസ്‌തംഭത്തിന് മുന്നില്‍